Connect with us

Palakkad

തിരെഞ്ഞടുപ്പ് തോല്‍വി: യു ഡി എഫില്‍ ഭിന്നത രൂക്ഷമാകുന്നു

Published

|

Last Updated

പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ യുഡിഎഫില്‍ഭിന്നതകള്‍ ശക്തമാകുന്നു. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്റെ കനത്ത പരാജയത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് മുസ്‌ലിം ലീഗ് അഭിപ്രായപ്പെട്ടു.
ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിസ്സഹകരണമാണ് വന്‍തോല്‍വിയിലേക്ക് നയിച്ചതെന്ന് മുസ് ലിം ലീഗ് ജില്ലാ ട്രഷറര്‍ പി എ തങ്ങള്‍ ആരോപിച്ചു. അധികാരമോഹികളായ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റപ്പാലം മണ്ഡലത്തിനായി ചരടുവലികള്‍ തുടങ്ങിയിരുന്നു. നിലവിലെ സി പി എം എം എല്‍എ. എം ഹംസക്ക് സീറ്റ് നിഷേധിച്ചതോടെ വിജയസാധ്യത മുന്നില്‍ക്കണ്ടായിരുന്നു ഇത്. വിവിധ ഘട്ടങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി നിര്‍ണയിച്ച ഡിസിസി പ്രസിഡന്റ് ശാന്താ ജയറാമിനും എതിരായി പരസ്യമായി രംഗത്തുവന്നവര്‍ തന്നെയാണ് ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിക്കും കാരണമെന്ന് പിഎ തങ്ങള്‍ പറഞ്ഞു.
ലീഗ് പ്രവര്‍ത്തകരും ചെറിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാത്രമാണ് ഷാനിമോള്‍ക്ക് ഒപ്പം അവസാന നിമിഷം വരെ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നത്.
ലീഗിന് സ്വാധീനമുള്ള മേഖലകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് വാര്‍ഡുകളില്‍ ഷാനിമോള്‍ ഉസ്മാന്‍ വളരെ പിന്നോട്ട് പോയി. ഈ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്ന് തങ്ങള്‍ വിമര്‍ശിച്ചു. വോട്ടെണ്ണല്‍ കഴിഞ്ഞ് തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ പോലും യുഡിഎഫ് ജില്ലാനേതൃയോഗം വിളിച്ചിട്ടില്ല. സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് ഇതെല്ലാം അറിയാം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ഉണ്ടായില്ല.
സിപിഎമ്മിലെ ആരുമത്സരിച്ചാലും ജയിക്കുന്ന മണ്ഡലമായി ഒറ്റപ്പാലത്തെ മാറ്റിയത് കോണ്‍ഗ്രസ് ആണെന്നും തങ്ങള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം കൃത്യമായി വിലയിരുത്തി ജില്ലാ ഘടകം ലീഗ് സംസ്ഥാന ഘടകത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് തങ്ങള്‍ വ്യക്തമാക്കി.

Latest