Connect with us

Palakkad

ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ മെഡി ക്ലെയിം ഇന്‍ഷ്വറന്‍സ് നടപ്പാക്കുന്നു

Published

|

Last Updated

വടക്കഞ്ചേരി: മില്‍മ മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ ക്ഷീര കര്‍ഷകര്‍ക്ക് മെഡി ക്ലെയിം ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു. ജൂലൈ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
യൂനിയനു പാല്‍ നല്‍കുന്ന ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളില്‍ മുന്‍ വര്‍ഷം 90 ദിവസം പാല്‍ നല്‍കിയ കര്‍ഷകര്‍, പ്രതിദിനം 50 ലീറ്ററും അതിന് മുകളിലും പാല്‍ വില്‍ക്കുന്ന മില്‍മ ഡീലര്‍മാര്‍, ക്ഷീരസംഘം ജീവനക്കാര്‍, സംഘങ്ങളിലെ ഗ്രാമതല പ്രവര്‍ത്തകര്‍, ആര്‍ട്ടിഫിഷല്‍ ഇന്‍സെമിനേഷന്‍ (എ ഐ) വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കു പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍ക്കും മില്‍മ നെയ്യ് വില്‍പനക്ക് സഹായിക്കുന്ന പാചകക്കാര്‍ എന്നിവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്നു മാസം മുതല്‍ 80 വയസ്സ് വരെ പ്രായമുള്ളവരെ അംഗങ്ങളാക്കും. ചികില്‍സാ ധനസഹായമായി ഒരു വര്‍ഷം പരമാവധി ഒരാള്‍ക്ക് 50,000 രൂപ വരെ ലഭിക്കും.
എല്ലാവിധ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും പുറമേ പദ്ധതിയില്‍ ചേരുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
തിമിര ശസ്ത്രക്രിയക്ക് ഒരു കണ്ണിന് പരമാവധി 20,000 രൂപ വരെ ലഭിക്കും. അംഗീകൃത സ്വകാര്യ, ഗവ ആശുപത്രികളിലെ അലോപ്പതി ചികില്‍സക്കും ഗവ ആശുപത്രിയിലെ ആയുര്‍വേദ, ഹോമിയോ ചികില്‍സയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പീമിയം തുക ഒരു കുടുംബത്തിന് 200 രൂപ യൂനിയന്‍ വിഹിതമായി നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട്, കണ്ണൂര്‍, വടകര, കോഴിക്കോട്, കല്‍പറ്റ, കോട്ടക്കല്‍, പട്ടാമ്പി, അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയുടെ പി ആന്‍ഡ് ഐ ഓഫിസുകളിലോ ആനന്ദ് മാതൃക ക്ഷീര സംഘത്തിലോ ബന്ധപ്പെടണം.
ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തൃശൂര്‍ ബ്രാഞ്ചുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Latest