ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കുന്ന നടപടി തന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകില്ല: മുഖ്യമന്ത്രി

Posted on: June 4, 2016 12:31 pm | Last updated: June 4, 2016 at 7:16 pm

കണ്ണൂര്‍: കല്ലും നെല്ലും പതിരും തിരിച്ചറിഞ്ഞതു കൊണ്ടാണ് ജനങ്ങള്‍ ജനപ്രതിനിധിയാക്കിയതെന്നും ജനങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കുന്ന നടപടി തന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോശമായതെല്ലാം നേരത്തെ തന്നെ ചാര്‍ത്തി കിട്ടിയ ആളാണ് താന്‍. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ തിരുത്തി ഭരണം മുന്നോട്ട് പോകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. പിണറായിലെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരമാര്‍ശം. പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാരിനോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ സമരസമിതി നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. സര്‍ക്കാര്‍ നിലപാടും അവരുടെ നിലപാടും തമ്മില്‍ വ്യത്യാസമില്ലെന്ന് അവര്‍ക്ക് ബോധ്യമായെന്നും പിണറായി പറഞ്ഞു. അണക്കെട്ടിന്റെ ഉറപ്പ് ലോകത്തിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെ കൊണ്ട് പരിശോധിപ്പിക്കുമെന്നും ഡാം വിഷയത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.രണ്ട് കൂട്ടരുടെയും സമ്മത പ്രകാരമുള്ള തീരുമാനമാണ് വേണ്ടത്. നാല് കല്ലുമായി ചെന്നാല്‍ കേരളത്തിന് ഡാം കെട്ടാനാവില്ല എന്നും പിണറായി പറഞ്ഞു.