ഭൂമിദാനം: മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

Posted on: June 4, 2016 11:52 am | Last updated: June 5, 2016 at 11:25 am

pk kunjalikkutti with adoor prakashമൂവാറ്റുപുഴ: പുത്തന്‍വേലിക്കരയിലെ സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശിനും പി.കെ.കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കേസില്‍ മന്ത്രിമാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറാന്‍ വിജിലന്‍സ് ഡയറക്ടറോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍.ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്താണ് മന്ത്രിമാര്‍ക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്ന വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഐടി പാര്‍ക്കിന് അനുമതി നല്‍കാനെന്ന പേരിലാണ് പുത്തന്‍വേലിക്കരയിലെ നെല്‍പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉത്തരവ് വിവാദമായതോടെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ തന്നെ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നെല്‍പാടം നികത്താനുള്ള ഉത്തരവ് റദ്ദാക്കുകയായിരുന്നു.