Connect with us

Malappuram

പാഠപുസ്തക വിതരണം അവസാന ഘട്ടത്തില്‍; ഐ ടി പുസ്തകങ്ങള്‍ എത്തിയില്ല

Published

|

Last Updated

മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള പാഠ പുസ്തക വിതരണം എണ്‍പത് ശതമാനം പൂര്‍ത്തിയായി. എന്നാല്‍ ഒന്‍പത്, പത്ത് ക്ലാസുകളിലെ ഐ ടി പാഠപുസ്തകങ്ങള്‍ ഇതുവരെ വിതരണത്തിന് എത്തിയിട്ടില്ല. ഇത്തവണ പുതുതായി ആരംഭിച്ച കായികപഠനം പുസ്തകങ്ങളും വിതരണത്തിനെത്തിയിട്ടുണ്ട്. 9, 10 ക്ലാസുകളിലെ മുഴുവന്‍ പുസ്തകങ്ങളും ഇത്തവണ മാറിയിട്ടുണ്ട്. 340 സൊസൈറ്റികളാണ് ജില്ലയിലുള്ളത്. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബുക്ക് ഡിപ്പോയില്‍ നിന്ന് അതാതു സൊസൈറ്റികള്‍ വഴിയാണ് പുസ്തകങ്ങള്‍ സ്‌കൂളുകളിലത്തിക്കുന്നത്. കെ പി ബി എസാണ് പുസ്തകങ്ങളുടെ അച്ചടിയും വിതരണവും നടത്തുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് രണ്ട് തവണയായി പുസ്തകങ്ങള്‍ ഡിപ്പോയില്‍ നിന്ന് എത്തിച്ചു. മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും ഇതിനകം തന്നെ പുസ്തകം എത്തിക്കഴിഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 175 സ്‌കൂളുകളിലും പുസ്തകങ്ങള്‍ ഡിപ്പോയില്‍ നിന്ന് അയച്ചു കഴിഞ്ഞു. ജില്ലയിലേക്ക് 54 ലക്ഷം പുസ്തകങ്ങളാണ് വേണ്ടത്. ഈമാസം പതിനഞ്ചിനകം പുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ബാക്കിയുള്ള പുസ്തകങ്ങള്‍ യഥാ സമയം സ്‌കൂളുകളിലെത്തിയാലേ വിതരണം യഥാസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ.