തൊഴില്‍ മേഖലയിലെ പീഡനവും അടിമത്തവും

Posted on: June 4, 2016 6:00 am | Last updated: June 4, 2016 at 6:00 am

SIRAJപ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമാകെ പറന്ന് ‘ഡിജിറ്റല്‍ ഇന്ത്യ’യെക്കുറിച്ചു പറയുമ്പോള്‍, ആസ്‌ത്രേലിയ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ‘വാക് ഫ്രീ ‘ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് തൊഴില്‍ മേഖലയില്‍ ഇന്ത്യയുടെ മുഖം ഇന്നും പ്രാകൃതമാണെന്നാണ്. നിര്‍ബന്ധ തൊഴിലിനും തൊഴില്‍ രംഗത്തെ പീഡനത്തിനും ഇരയാകുന്നവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് പഠനം കണ്ടെത്തുകയുണ്ടായി. തൊഴില്‍ രംഗത്തെ തലമുറയായുള്ള അടിമത്തം, നിര്‍ബന്ധിത ബാലവേല, വാണിജ്യ താത്പര്യത്തിലുള്ള ലൈംഗിക ചൂഷണം, നിര്‍ബന്ധിത ഭിക്ഷാടനം തുടങ്ങി എല്ലാ തരത്തിലുമുള്ള ആധുനിക അടിമത്ത രീതിയും ഇന്ത്യയില്‍ കൊടികുത്തി വാഴുകയാണെന്നും രാജ്യത്ത് തൊഴില്‍ രംഗത്ത് പീഡനമനുഭവിക്കുന്നവരുടെ എണ്ണം 18 ദശലക്ഷത്തിലേറെ വരുമെന്നും പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഇന്ത്യയില്‍ അടിമപ്പണി ഏറ്റവുമധികം നടക്കുന്നത് തോട്ടം മേഖലകളിലും ക്വാറികളിലും ചുണ്ണാമ്പു ചൂളകളിലുമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണങ്ങളും വ്യാപകമാണ്. അടിമ തൊഴിലാളികളില്‍ ഏറെ പേരും പരമ്പരാഗതമായി ഈ മേഖലയില്‍ എത്തിപ്പെട്ടവരാണ്. കടത്തിക്കൊണ്ടുവരുന്നതോ വില്‍ക്കപ്പെടുന്നതോ വേറെ ചിലര്‍. വിവാഹത്തിലൂടെയാണ് ചിലര്‍ ചൂഷണത്തിന് വിധേയമാകുന്നത്. വിവാഹാനന്തരം മത്സ്യബന്ധന ബോട്ടുകളില്‍ വേതനമില്ലാതെ ജോലി ചെയ്യാനും കേവല വീട്ടുജോലിക്കാരായും ഇവര്‍ മാറുന്നു. ജോലി, വിദ്യാഭ്യാസം എന്നിവ നല്‍കാമെന്ന വാഗ്ദാനത്തില്‍ വിധം തന്ത്രപൂര്‍വം മോഹിപ്പിച്ചു കൊണ്ടുവന്നു ഒരിക്കലും രക്ഷപ്പെടാനാകാത്ത വലയില്‍ അകപ്പെടുത്തുന്ന രീതിയും വ്യാപകമാണ്. ഐ ടി മേഖലയില്‍ പോലും നടക്കുന്നുണ്ട് തൊഴില്‍ ചൂഷണവും പീഡനവും. നിര്‍മാണ മേഖല, കൃഷി, മത്സ്യ ബന്ധനം, വ്യവസായം, തോട്ടം തുടങ്ങിയ മേഖലകളിലായി ഗഹനമായ പഠനവും വിശദമായ ചര്‍ച്ചയും നടത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വാക് ഫ്രീ പറയുന്നത്.
മൂന്നാറിലെ തോട്ടം മേഖലയില്‍ കുറച്ചുമുമ്പ് നടന്ന സമരം വേതനക്കുറവിനെ ചൊല്ലി മാത്രമായിരുന്നില്ല, തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകളും ദുരിതങ്ങളും കൂടിയാണ് അവരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ലയങ്ങളിലാണ് ഹാരിസണ്‍ തോട്ടം തൊളിലാളികള്‍ താമസിക്കുന്നത്. നിന്നുതിരിയാന്‍ ഇടമില്ലാത്ത കാലിത്തൊഴുത്ത് പോലുള്ള ലയങ്ങളില്‍ മൂന്നുതലമുറകളിലായി പതിനെട്ടും ഇരുപതും പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. അതേസമയം, കമ്പനിയിലെ സ്റ്റാഫിന് ആറും ഏഴും മുറികളുള്ള ക്വാര്‍ട്ടേഴ്‌സുകള്‍. മാനേജര്‍മാര്‍ക്ക് വന്‍ ബംഗ്ലാവുകള്‍. ഇവര്‍ക്ക് ഒരു വര്‍ഷം പാചകത്തിന് കമ്പനി വക ഗ്യാസ് സിലിന്‍ഡറുകള്‍. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ മണ്ണെണ്ണ വേറെ. അതേസമയം, അത്താഴപ്പട്ടിണിക്കാരായ തൊഴിലാളികളുടെ അടുപ്പുകളില്‍ പുകയുന്ന വിറകിന് കമ്പനി വില ഈടാക്കുകയും ചെയ്യുന്നു. ഈ വിധം വിവേചനവും ദുരിതങ്ങളും അസഹ്യമായപ്പോഴാണ് തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ന്നതും അത് പ്രക്ഷോഭമായി പരിണമിച്ചതും.
ഇതിനിടെ കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ നഗങ്ങളിലെ തുണിക്കടകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ‘ഇരിപ്പ് സമരം’ നടത്തിയപ്പോഴാണ് ഈ മേഖലയിലെ ചൂഷണത്തിന്റെ കഥ പുറം ലോകമറിയുന്നത്. തൊഴിലാളികളെ കൊണ്ട് എട്ട് മണിക്കൂറിലേറെ ജോലി ചെയ്യിപ്പിക്കരുതെന്ന് നിയമമുള്ള നമ്മുട നാട്ടില്‍ തുണിക്കടകളിലെ ജീവനക്കാര്‍ പന്ത്രണ്ടും അതിലേറെയും സമയമാണ് ജോലി ചെയ്യുന്നത്. അതിനിടയില്‍ ഒന്നിരിക്കാന്‍ പോലും അവര്‍ക്ക് അവസരം ലഭിക്കാറില്ല. കച്ചവടത്തെ ബാധിക്കുമെന്നതിനാല്‍ ജോലി സമയത്ത് ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിന് പോലും ഇവര്‍ക്ക് വിലക്കുണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പ് കാക്കനാട്ടെ കൈയുറ നിര്‍മാണ കമ്പനിയിലെ ശൗചാലയത്തില്‍, ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിയിലെ അമ്പത് വയസ്സില്‍ താഴെയുള്ള 42 ഓളം വനിതാ ജീവനക്കാരെ ദേഹപരിശോധന നടത്തിയ സംഭവം വിളിച്ചു പറയുന്നതും തൊഴിലാളി പീഡനത്തിന്റെ കഥയാണ്.
വിവിധ മേഖലകളിലായി രാജ്യത്ത് ഇന്നും കോടിക്കണക്കിന് തൊഴിലാളികള്‍ ഇത്തരത്തില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയടുത്ത പല അവകാശങ്ങളും ഇപ്പോഴും ലഭ്യമല്ല നമ്മുടെ കൃഷിയിടങ്ങളിലും മിക്ക വ്യവസായ ശാലകളിലും. അടിമസമാനമായ സാഹചര്യങ്ങളാണ് വലിയൊരു വിഭാഗം തൊഴിലാളികള്‍ പണിയെടുക്കുന്നത്. ചില മേഖലകളില്‍ മൃഗസമാനമാണ് തൊഴിലാളികളുടെ ജീവിതമെങ്കില്‍ വേറെ ചില മേഖലകളില്‍ യന്ത്രസമാനമാണ്. ഈ വസ്തുതയിലേക്കാണ് വാക് ഫ്രീ പഠന റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ ഡിജിറ്റല്‍ യൂഗത്തിലേക്ക് പ്രയാണം ചെയ്യിക്കാനുള്ള ശ്രമത്തിനിടയില്‍ ബന്ധപ്പെട്ടവര്‍ ദുരിതം പേറുന്ന തൊഴിലാളികളുടെയും അധഃസ്ഥിതരുടെയും ദരിദ്ര ജനകോടികളുടെയും കാര്യം വിസ്മരിക്കുകയാണ്.