ഉറികള്‍ കൊലച്ചിരി ചിരിക്കുന്ന കാലം

Posted on: June 4, 2016 6:00 am | Last updated: June 4, 2016 at 6:00 am
SHARE

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ 50 ശതമാനം വനിതാസംവരണം വന്നപ്പോള്‍ ലീഗും ദീനും തമ്മില്‍ നടന്ന പൊരിഞ്ഞ തല്ല് നാം കണ്ടതാണ്. സ്ത്രീകളെ ഭരണമേല്‍പ്പിക്കുന്ന ജനതയെ അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നുവെന്നും ഇതു മുഹമ്മദീയ ശൈലിയല്ലെന്നും ഒരാള്‍ പ്രസംഗിച്ചു. അല്ലാഹുവിന്റെ റസൂല്‍(സ) ഒരു കാര്യം പറഞ്ഞാല്‍ അതാണെന്റെ മാര്‍ഗരേഖയും ഭരണഘടനയുമെന്നും നാട്ടില്‍ നടക്കുന്നത് എനിക്കു കാര്യമല്ലെന്നും മദീനയിലേക്കുള്ള പാതയില്‍ നിന്നുകൊണ്ട് ഇയാള്‍ രാഗതാളത്തില്‍ പറഞ്ഞു സ്വലാത്തും ചൊല്ലിച്ചു. മദീനയിലേക്കുള്ള പാതയില്‍ നിന്നു മലപ്പുറത്തേക്കുള്ള പാതയിലേക്കെത്തിയപ്പോള്‍ ആളാകെ മാറിപ്പോയി. ഏതോ സന്ദര്‍ഭത്തില്‍നിന്ന് ആരോ എന്തോ അടര്‍ത്തിമാറ്റി എടുത്തതാണെന്ന് ഇയാളുടെ പത്രത്തിരുത്ത്. ദീനിനെതിരെ ലീഗ് കണ്ണുരുട്ടിയപ്പോള്‍ ഇയാളിന്റെ മാര്‍ഗരേഖയും ഭരണഘടനയും കീഴ്‌വായുപോലെ പോയി! വനിതാ സംവരണത്തിനെതിരെ വാളെടുത്ത ചേളാരി സമസ്ത നേതാക്കള്‍ ഒന്നൊന്നായി ഏത്തമിട്ടു തൗബ ചൊല്ലി പാര്‍ട്ടിയോടു കൂറു പ്രഖ്യാപിച്ചു.
വനിതാ സംവരണത്തിനെതിരെ കാന്തപുരം ശബ്ദിച്ചപ്പോള്‍ വാളെടുത്തവരെയൊന്നും പിന്നീടു കണ്ടില്ല. കാന്തപുരത്തിന്റെ നിലപാടിനോടു യോജിപ്പില്ലെന്നു ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ച പാണക്കാട് സാദിഖലി തങ്ങളെയും കണ്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പു വന്നപ്പോള്‍ സ്ത്രീശാക്തീകരണം എല്ലാവരും തോട്ടിലെറിഞ്ഞു. പെണ്ണുങ്ങള്‍ അധികാരസ്ഥാനങ്ങളിലേക്കു കൂടുതലായി വരണം എന്നു പ്രസംഗിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ ലീഗ് പട്ടികയിലുമില്ലായിരുന്നു ഒരു പെണ്‍തരി പോലും! ശുദ്ധ കാപട്യം. രാഷ്ട്രീയത്തിന് ഇതു ചേരും, ആത്മീയതക്കോ? കാന്തപുരത്തിന് മതത്തിന്റെ കാര്യം നട്ടെല്ലു നിവര്‍ത്തിനിന്നു പറയാം, രാഷ്ട്രീയക്കാര്‍ക്കും അവരെ താങ്ങുന്ന ആത്മീയക്കാര്‍ക്കും ചാഞ്ഞും ചെരിഞ്ഞും നില്‍ക്കണം. തിരഞ്ഞെടുപ്പ് വിപണിയിലേക്ക് സ്വന്തം പെണ്ണുങ്ങളെ മുഖത്തു ചായംതേച്ച് അണിയിച്ചൊരുക്കി വിപണനത്തിനു വെച്ച വഹാബീ സംഘടനയുടെ കച്ചവടം വട്ടപ്പൂജ്യം. ലീഗിന്റെ മാര്‍ക്കറ്റ് കണ്ടു പനിച്ചതു വെറുതെയായി, ഒരെണ്ണം പോലും വിറ്റുപോയില്ല.
തിരഞ്ഞെടുപ്പിനു മുമ്പ് മാളത്തില്‍ പതുങ്ങിക്കിടന്നിരുന്ന ഒരു കൂട്ടര്‍ ഇപ്പോള്‍ ‘ആദര്‍ശ വിശദീകരണ’ സമ്മേളനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ഇവരുടെ പ്രസംഗങ്ങള്‍ ഒന്നു കേട്ടു നോക്കണം. ഏത് ആദര്‍ശത്തെക്കുറിച്ചാണ് ഇവര്‍ പറയുന്നത്? സുന്നികള്‍ക്ക് അഹ്‌ലുസ്സുന്നയാണ് ആദര്‍ശം. ലീഗിന്റെ ആദര്‍ശം രാഷ്ട്രീയമാണ്. ഇവരുടേത് രണ്ടുമല്ലാത്ത നപുംസകാദര്‍ശമാണ്, പറയുന്ന ഭാഷ മലിനവും. ലീഗിനുണ്ടായ വോട്ടുചോര്‍ച്ചയും സീറ്റുകുറവും ഇവര്‍ കോപിച്ചതിന്റെ ഫലമാണെന്നാണു പറഞ്ഞു വരുന്നത്. അപ്പോള്‍ ഇവര്‍ കൊടിയ വഞ്ചകരാണ്. ലീഗിനൊപ്പം നിന്നു കാലുവാരിയ നയവഞ്ചകര്‍. 2011ല്‍ ലീഗിനുണ്ടായ ജയം ഇവരുടേതായിരുന്നു. 2016ല്‍ ഉണ്ടായ പരാജയ ഗര്‍ഭാവകാശിയും ഇവര്‍ തന്നെ. ലീഗിനെ പാഠം പഠിപ്പിക്കുന്നതിനു വോട്ടു മാറ്റിക്കുത്താന്‍ ചേളാരി സമസ്തക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവരുടെ വൈസ് പ്രസിഡന്റ് അക്കാര്യം അറിയാതിരിക്കാന്‍ തരമില്ല. കാരണം ഇലക്ഷന്‍ പ്രചാരണ കാലത്ത് ഇവര്‍ക്കു പ്രസിഡണ്ടില്ല; സ്വാഭാവികമായും നിയന്ത്രണം ഹൈദരലി തങ്ങള്‍ക്കാകണം. തങ്ങളുടെ കാര്‍മികത്വത്തിലായിരിക്കും പാര്‍ട്ടിയെ ‘പഠിപ്പിക്കാന്‍’ തീരുമാനമെടുത്തിരിക്കുക. തങ്ങളതൊന്നു വെളിപ്പെടുത്തണം.
ഇടതുപക്ഷത്തെ പിന്തുണച്ച സുന്നികള്‍ക്കെതിരെ എന്തു നിലപാടു സ്വീകരിക്കണം എന്നു പാര്‍ട്ടി പിന്നീടു ചര്‍ച്ച ചെയ്യുമെന്നാണ് ഇ ടി മുഹമ്മദ് ബശീര്‍ പറയുന്നത്. ചര്‍ച്ച ചെയ്‌തോളൂ, നന്നായി ആലോചിച്ചു തീരുമാനങ്ങളെടുത്തോളൂ. ഒരു കാര്യം പറയാം, ലീഗിന്റെ തീരുമാനം പ്രതീക്ഷിച്ച് സുന്നി പ്രസ്ഥാനം അതിന്റെ അജന്‍ഡകളൊന്നും മാറ്റിവെക്കാറില്ല. പാര്‍ട്ടി എന്തു തീരുമാനിക്കും എന്നതിനെക്കുറിച്ച് ഇവിടെ ആര്‍ക്കും ഒരാശങ്കയുമില്ല. എടുക്കുന്ന നിലപാട് സ്വന്തം പാര്‍ട്ടിക്കു ഗുണം ചെയ്യുമോ എന്നു നോക്കിയാല്‍ മതി. നേരിടാന്‍ തന്നെയാണു വിചാരം എന്നൊരു ധ്വനി ഇ ടിയുടെ സ്വരത്തിലുണ്ട്. അതും പുതുമയല്ല, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന കാര്യമാണല്ലോ. പക്ഷേ, അന്നത്തെ അടയ്ക്ക ഇന്നു കവുങ്ങാണെന്നു മറക്കാതിരുന്നാല്‍ മതി. രാഷ്ട്രീയം കൊണ്ടു കളിച്ചാല്‍ രാഷ്ട്രീയം കൊണ്ടു തന്നെ നേരിടാനും അറിയാം. കാന്തപുരത്തിനെതിരെ ലീഗ് വാളെടുക്കുന്നതില്‍ ഒരത്ഭുതവുമില്ല. കാന്തപുരത്തിനു പകരം സാക്ഷാല്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ ഒന്നു നാവെടുത്തു നോക്കട്ടെ; ചുരുട്ടിക്കെട്ടി തിരൂര്‍ക്കാട്ട് കൊണ്ടുപോയി തള്ളും. ഇതു ലീഗാ, ലീഗെന്താണെന്നു സാധുക്കള്‍ക്കു മനസ്സിലായിട്ടില്ല. പാണക്കാട് കുടുംബത്തിനു തോന്നുന്നുണ്ടോ ലീഗിനെ തള്ളി ചേളാരി സമസ്തക്കൊപ്പം പൊറുത്തുകളയാമെന്ന്? ഉമര്‍ ബാഫഖി തങ്ങളെ ‘പന്നിയിറച്ചി തീറ്റിച്ച’ പാര്‍ട്ടിയാണിത്. ബാക്കി കഥയറിയണമെങ്കില്‍ മുസ്തഫാ പൂക്കോയ തങ്ങളുടെ കുടുംബത്തോടന്വേഷിക്കണം, കടലോളം കണ്ണീരു കുടിച്ചിട്ടുണ്ട് മഹാനായ ആ സയ്യിദിന്റെ കുടുംബം. ലീഗിന് എന്നല്ല; ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തങ്ങളോ മുസ്‌ലിയാരോ ഒന്നുമല്ല കാര്യം, രാഷ്ട്രീയ താത്പര്യങ്ങളാണ്. അതിനു വിലങ്ങു കിടന്നാല്‍ നിഗ്രഹിച്ചു കളയും, ആരായാലും.
ലീഗ്-ദീന്‍ ബാന്ധവത്തിന്റെ പ്രശ്‌നങ്ങള്‍ പുതിയ കാര്യമൊന്നുമല്ല. ബാഫഖി തങ്ങള്‍ മുതല്‍ ശിഹാബ് തങ്ങള്‍ വരെയുള്ള പൂര്‍വകാല നേതാക്കളെല്ലാം ഇതിന്റെ പ്രയാസങ്ങള്‍ അനുഭവിച്ചവരാണ്. പക്ഷേ, ആ പൂര്‍വീകര്‍ പക്വമതികളും വിവേകശാലികളുമായിരുന്നു. മത-രാഷ്ട്രീയ ഇടപെടലുകളില്‍ അവര്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തിയിരുന്നു. രണ്ടും ഏറ്റുമുട്ടാന്‍ ഇടയാകുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വം ഉപേക്ഷിച്ചിരുന്നു. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും എല്ലാ കമ്മിറ്റികളുടെയും ചുമതലക്കാരാകാന്‍ വിചാരിച്ചിരുന്നെങ്കില്‍ അവര്‍ക്കതു നിഷ്പ്രയാസം പ്രാപ്യമായിരുന്നു. അതുണ്ടാക്കാനിടയുള്ള സങ്കീര്‍ണതകളെക്കുറിച്ചു തികഞ്ഞ ബോധ്യമുണ്ടായിരുന്നതിനാല്‍ അവര്‍ ഒഴിഞ്ഞുനിന്നു. രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോഴും അവര്‍ കഴിയുന്ന സൂക്ഷ്മത പാലിച്ചിരുന്നു.
എത്രയൊക്കെ ശ്രമിച്ചിട്ടും മത-രാഷ്ട്രീയ വൈരുധ്യങ്ങളെ യോജിപ്പിച്ചുകൊണ്ടുപോകാന്‍ പഴയകാല ലീഗ് നേതൃത്വം ഏറെ പണിപ്പെട്ടിരുന്നു. ഇന്നത്തെയത്ര വിശാലമോ സങ്കീര്‍ണമോ ആയിരുന്നില്ല അന്നത്തെ ലീഗ്-ദീന്‍ ബാന്ധവം. ബാഫഖി തങ്ങളും പിന്നീട് പൂക്കോയ തങ്ങളും സമസ്ത മുശാവറ അംഗമായിരുന്നു. അവസാനകാലത്ത് ബാഫഖി തങ്ങള്‍ മുശാവറയുടെ ട്രഷററുമായിരുന്നു. രാഷ്ട്രീയവുമായി ഒത്തുപോകാന്‍ കഴിയില്ലെന്നുള്ള ബോധ്യം കൊണ്ടാകാം; ഇന്നത്തെപ്പോലെ നാടാകെ ഇവര്‍ ഖാസിസ്ഥാനം ഏറ്റെടുത്തിരുന്നില്ല. എന്നിട്ടും പ്രതിസന്ധികള്‍ ഇവരെ തേടി വന്നു.
ലീഗിനു കൂടി പങ്കാളിത്തമുണ്ടായിരുന്ന 1967ലെ ഇ എം എസിന്റെ സപ്തകക്ഷി മന്ത്രിസഭയാണു ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്. ഈ നിയമം മൂലം കോടിക്കണക്കിനു രൂപയുടെ വഖ്ഫ് സ്വത്തുക്കളാണു സമുദായത്തിനു നഷ്ടപ്പെട്ടത്. വഖ്ഫ് സ്വത്തുക്കള്‍ ഒരര്‍ഥത്തില്‍ സ്വകാര്യ സ്വത്തല്ല; പൊതുസ്വത്താണ്. എന്നിട്ടും നിയമപരിധിയില്‍ നിന്നു വഖ്ഫിനെ ഒഴിവാക്കിയെടുക്കാന്‍ ലീഗിനു കഴിഞ്ഞില്ല. അന്നു ലീഗ് അധികാരത്തിന്റെ ആദ്യരാത്രി ആഘോഷിക്കുകയായിരുന്നല്ലോ. ഭൂപരിഷ്‌കരണ ബില്ലിന്റെ പേരിലുള്ള പഴിയും തൊഴിയും കുറച്ചൊന്നുമല്ല ലീഗ് അനുഭവിച്ചത്. സമസ്തയുടെ പ്രസിഡന്റായിരുന്ന ശൈഖുനാ കെ കെ സ്വദഖതുല്ലാഹ് മുസ്‌ലിയാര്‍ വഖ്ഫ് സംരക്ഷണ സമിതി എന്ന പേരില്‍ സംഘടനയുണ്ടാക്കി മലബാറിലാകെ പൊതുയോഗങ്ങള്‍ നടത്തി. സമസ്തയുടെ അന്നത്തെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് ഉസ്താദ് മലപ്പുറത്ത് ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയുണ്ടായി. ഒരാളുടെ മുമ്പിലും കുനിഞ്ഞിട്ടില്ലാത്ത ബാഫഖി തങ്ങളുടെ ശിരസ്സ് അന്നു സമുദായത്തിനു മുമ്പില്‍ കുനിഞ്ഞു. നിലവിലുണ്ടായിരുന്ന മദ്യനിരോധം എടുത്തുകളയാന്‍ കൂട്ടുനില്‍ക്കേണ്ടതായി വന്നതിന്റെ പേരിലും തങ്ങള്‍ പഴികേട്ടു. ബാക്കി എന്തായിരുന്നാലും സമുദായമനസ്സിനു മുമ്പില്‍ തന്റെ നിസ്സഹായത ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്കു കഴിഞ്ഞിരുന്നു.
ഈ നിരീക്ഷണങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ ഭാഗമാണെന്നു കരുതരുത്. സമുദായത്തിന്റെ രാഷ്ട്രീയ കൂട്ടായ്മ ഉണ്ടാക്കിയ നേട്ടങ്ങളെ തള്ളിപ്പറയാനോ ചെറുതായി കാണാനോ കഴിയില്ല. രാഷ്ട്രീയമായി സംഘടിക്കുകയും ന്യായമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുകയും ചെയ്യുന്നില്ലെങ്കില്‍ ഒരു സമുദായത്തിനും സമൂഹത്തിന്റെ വളര്‍ച്ചക്കൊപ്പം എത്താന്‍ കഴിയില്ല. ആരും ഒന്നും സ്വമേധയാ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നു തരാനും പോകുന്നില്ല. രാഷ്ട്രീയമായി സംഘടിച്ചു ശക്തി സംഭരിക്കുകയും അതേസമയം പൊതുസമൂഹത്തോടൊപ്പംനിന്നു പോരാടുകയുമാണു ലീഗ് ചെയ്യേണ്ടത്. ഒരു മത രാഷ്ട്രീയ സംഘടന എന്ന നിലക്ക് ചുരുങ്ങുകയല്ല.
പുതിയ കാലത്ത് സമുദായം പേടിക്കേണ്ട മറ്റൊരു സാഹചര്യം കൂടിയുണ്ട്. കോണ്‍ഗ്രസും സി പി എമ്മും തളരുമ്പോള്‍ ശക്തി പ്രാപിക്കുന്നത് ഹൈന്ദവ വര്‍ഗീയതയാണ്. മുസ്‌ലിം ലീഗ് ദുര്‍ബലമായാല്‍ പകരം വരാനിരിക്കുന്നതു സമുദായത്തിനിടയില്‍ മുളപൊട്ടിയിരിക്കുന്ന മത തീവ്രവാദ സംഘടനകളാകും. ഇതുണ്ടാക്കുന്ന ആപത്ത് സമുദായത്തിനു താങ്ങാനാകുന്നതിലും അപ്പുറമായിരിക്കും. നിലവില്‍ ലീഗില്‍ നിന്നാണു മത തീവ്രവാദ സംഘടനകള്‍ മുഖ്യമായും ഊര്‍ജം സംഭരിക്കുന്നതെന്ന കാര്യം പാര്‍ട്ടി അറിയാതല്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഈ അപകടം ബോധ്യപ്പെടും, നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യം വേറെയാണ്. അതുകൊണ്ടു തോറ്റു തുന്നംപാടിയെന്നു മാത്രം. ഒരു മത സംഘടനയുടെയോ ഒരു കുടുംബത്തിന്റെയോ പോക്കറ്റ് സൈസായി ലീഗ് ചുരുങ്ങിയാല്‍ വരാനിരിക്കുന്ന ദുരന്തം അപരിഹാര്യമായിരിക്കും. മുസ്‌ലിം ലീഗ് സമുദായത്തിന്റെ പൊതു സ്വത്താകണം, സമുദായത്തിനകത്തെ തര്‍ക്കങ്ങളില്‍ കക്ഷിയാകുകയല്ല; മധ്യസ്ഥരാകുകയാണു ലീഗ് ചെയ്യേണ്ടത്. പുറമെ ഇതര പിന്നാക്ക ദുര്‍ബല വിഭാഗങ്ങള്‍ക്കു കൂടി ലീഗ് സ്വീകാര്യമാകണം. ലീഗിന്റെ നിയോഗം രാഷ്ട്രീയമാണ്. ഇനിയെങ്കിലും രാഷ്ട്രീയം പ്രൊഫഷനലായി എടുക്കണം. മതം അതിന്റെ പരിശുദ്ധിയുമായി അകലം പാലിച്ചു സഞ്ചരിക്കട്ടെ. ലീഗ് സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോമായി മാറുകയും ചെയ്യട്ടെ. ലീഗില്ലാതെയും സമുദായത്തിനു നിലനില്‍ക്കാമെന്നു വന്നാല്‍ അതു ലീഗിന്റെ അസ്തിത്വത്തെയാണു ചോദ്യം ചെയ്യുക. ഇത്തരം അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ നിഗ്രഹിച്ചു കളയുന്ന കാലമാണ്, എന്നാലും പറയാതെ വയ്യ.
പെരുവഴിയില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടി പോലെയായിട്ടുണ്ട് ലീഗിപ്പോള്‍. സ്വന്തമായ കരുതലുകള്‍ വീതം വെച്ചു പോകുകയും വല്ലവരും കൊണ്ടിടുന്ന ഔദാര്യം കൊണ്ടു നിലനില്‍ക്കുകയും ചെയ്യേണ്ട ദുരവസ്ഥ. ലീഗിന്റെ അറ്റ്‌ലാന്റിക്കും പസഫിക്കുമെല്ലാം ഈ സമുദായത്തിന്റെ നാലതിരുകള്‍ക്കുള്ളിലാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ പുഷ്പിക്കേണ്ടതും കായ്‌ക്കേണ്ടതും ഈ അതിര്‍ത്തിക്കുള്ളിലാണ്. മറ്റു സമുദായങ്ങളില്‍നിന്നു വിശേഷിച്ചൊന്നും കിട്ടാനില്ല. അധഃസ്ഥിത-പിന്നാക്ക വിഭാഗത്തിന്റെ… എന്നൊക്കെ പ്രസംഗിക്കാന്‍ കൊള്ളാം. സംവരണ സീറ്റിലേക്കു മത്സരിക്കാന്‍ ആളെ കിട്ടിയാല്‍ അവരെ ജയിപ്പിച്ചു കയറ്റാനുള്ള വകപോലും ആ സമുദായങ്ങളില്‍ നിന്നു ലഭിക്കില്ല. മുന്നണി ബന്ധത്തിന്റെ പേരില്‍ കിട്ടുന്നതൊന്നും സ്ഥായിയുമല്ല. മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലായി ഈ പാഠം ശരിക്കും പഠിച്ചല്ലോ.
മുസ്‌ലിം സമുദായത്തെ വിശ്വാസത്തിലെടുത്തു മുന്നോട്ടു പോയാലേ ലീഗിനു ഭാവിയുള്ളൂ. തൊട്ടുകൂടാത്തവരായും കണ്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരായും സമുദായത്തിലെ വിവിധ വിഭാഗങ്ങളെ ആട്ടിയകറ്റിയാല്‍ അതു കുളത്തില്‍ നിന്നു ചട്ടിയിലേക്കുള്ള പിന്മാറ്റമാകും. മഴ നനയുമ്പോഴെങ്കിലും മാന്യന്മാര്‍ക്കു കയറി നില്‍ക്കാന്‍ പാകത്തില്‍ ലീഗണികളെ സംസ്‌കരിക്കേണ്ടതും ആവശ്യമാണ്. തിരഞ്ഞെടുപ്പു വിജയത്തിന്റെ പേരില്‍ പാര്‍ട്ടി അണികള്‍ തെരുവില്‍ കാണിക്കുന്ന വൃത്തികെട്ട കോപ്രായങ്ങള്‍ അസഹനീയമാണ്. ഒറ്റപ്പെട്ടതെന്നോ അസാധാരണമെന്നോ പറഞ്ഞൊഴിയാന്‍ പറ്റാത്തത്ര വ്യാപകവുമാണ് ഈ പ്രവണത. ഈ തിരഞ്ഞെടുപ്പില്‍ പരുക്കുകളോടെയാണു ലീഗ് രക്ഷപ്പെട്ടത്. എന്നിട്ടും കാണിച്ച തോന്ന്യാസങ്ങള്‍ക്കു കയ്യുംകണക്കുമില്ല, മലപ്പുറം ജില്ലയില്‍ അതിപ്പോഴും തുടരുകയാണ്. ഒരു സമ്പൂര്‍ണ വിജയമായിരുന്നു അബദ്ധവശാല്‍ സംഭവിച്ചിരുന്നതെങ്കില്‍…! ലക്കുകെട്ട ഈ പ്രകടനങ്ങള്‍ കാണുന്ന ജനം നെഞ്ചത്തു കൈവെച്ച് ആശ്വസിക്കുകയാണ്.
പാണക്കാട് തങ്ങള്‍ വന്നു ഫാതിഹ ഓതി ദുആ ചെയ്തു ബിസ്മികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. സാരോപദേശങ്ങള്‍ നല്‍കുന്നു. തങ്ങളും പ്രമുഖരും വേദി വിട്ടാല്‍ തുടങ്ങുകയായി സിനിമാറ്റിക് ഡാന്‍സും പെണ്‍മണികള്‍ അണിനിരക്കുന്ന ഗാനമേളയും! ആമീനും തക്ബീറും പിന്നാലെ ആര്‍പ്പുവിളിയും കൂക്കുവിളിയും പൂരത്തെറിയും! തുടക്കത്തിന് ഒട്ടും ചേരാത്ത ഒടുക്കങ്ങള്‍. മാനാഭിമാനമുള്ളവര്‍ക്കു കണ്ടുനില്‍ക്കാനോ കേട്ടുനില്‍ക്കാനോ കഴിയാത്തത്ര ആഭാസകരമാണ് തിരഞ്ഞെടുപ്പിലെ അല്‍പ്പവിജയത്തിന്റെ പേരില്‍ പാര്‍ട്ടി അണികള്‍ തെരുവില്‍ കാണിച്ചുകൂട്ടുന്നത്. മയ്യിത്തെടുക്കുക, കഫന്‍ ചെയ്ത മയ്യിത്തിനെ തെരുവില്‍ കിടത്തി ഭേദ്യം ചെയ്യുക, ചവിട്ടി മെതിക്കുക, കുഴിച്ചുമൂടുക, സ്ത്രീവേഷത്തെ വസ്ത്രാക്ഷേപം ചെയ്യുക. ഇതൊക്കെ ഏതു സംസ്‌കാരമാണ്? ഏതായാലും ഇസ്‌ലാമല്ല.
പാര്‍ട്ടിക്കാരുടെ ഈ അഴിഞ്ഞാട്ടം ഒരു സമുദായത്തിന്റെ മേല്‍വിലാസത്തിലാണ്. ഇതനുവദിക്കാനാകില്ല. പവിത്രമായ ഒരു സംസ്‌കാരമാണു പരിഹസിക്കപ്പെടുന്നത്, മതത്തിന്റെ ചിഹ്നങ്ങളാണ് അനാദരിക്കപ്പെടുന്നത്. പച്ചത്തലമുടി, പച്ചവേഷം, പച്ചച്ചായം തേച്ച വാഹനങ്ങള്‍, പച്ച ലഡു, പച്ചപ്പായസം… സത്യം പറഞ്ഞാല്‍ അറപ്പാണു തോന്നിയത്. മറ്റു പല പാര്‍ട്ടികള്‍ക്കുമുണ്ടല്ലോ ചുകപ്പും കാവിയും മറ്റുമായി നിറഭേദങ്ങള്‍. അവരും അതിരുവിട്ട ആഘോഷങ്ങള്‍ നടത്തുന്നുണ്ടാകാം. പക്ഷേ, അതൊന്നും ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ പേരിലല്ല. പാണക്കാട് തങ്ങളുടെ അനുയായികളായിട്ടാണ് ഇവര്‍ നിരീക്ഷിക്കപ്പെടുക. ഇത് അപമാനകരമാണ്, അസഹനീയമാണ്. പാണക്കാട് തങ്ങളുടെ സംസ്‌കാരം ഇതാണോ എന്നു ചോദിച്ചാല്‍ എന്തുണ്ട് മറുപടി? ഭരണീയരെക്കുറിച്ചു നേതൃതലത്തില്‍ ഉള്ളവര്‍ ചോദ്യം ചെയ്യപ്പെടും എന്നാണ് ഇസ്‌ലാമിന്റെ നിലപാട്. തെരുവില്‍ കോലം തുള്ളുന്ന ഈ ആഭാസന്മാരെക്കൊണ്ട് ഒരു പാര്‍ട്ടിയെയും നിലനിറുത്താനാകില്ല. ഉള്ളതു പറഞ്ഞുകൂടാ, ഉറികള്‍ കൊലച്ചിരി ചിരിക്കുന്ന കാലമാണ്. (അവസാനിച്ചു)
ഒ എം തരുവണ +91 9400501168

 

LEAVE A REPLY

Please enter your comment!
Please enter your name here