Connect with us

Gulf

ഇന്ത്യന്‍ എംബസ്സിയും സാമൂഹ്യപ്രവര്‍ത്തകരും സഹായിച്ചു: മുംതാസും ലക്ഷ്മിയും നാട്ടിലേയ്ക്ക് മടങ്ങി

Published

|

Last Updated

ദമാം: ഇന്ത്യന്‍ എംബസ്സിയും പ്രവാസിസംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍, ഏഴ് മാസത്തോളം വനിതാ തര്‍ഹീല്‍ കഴിയേണ്ടി വന്ന രണ്ടു ഇന്ത്യന്‍ വനിതകള്‍, നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ഹൈദരാബാദ് സ്വദേശിനിയായ ഷെയ്ഖ് മുംതാസ് വിശാഖപട്ടണം സ്വദേശിനിയായ ലക്ഷ്മി സമതം എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു വര്‍ഷം മുന്‍പാണ് സൗദി സ്വദേശികളുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. സ്‌പോണ്‍സര്‍മാര്‍ ശമ്പളം കൊടുക്കാതെ വന്നപ്പോള്‍ രക്ഷപ്പെട്ട് വനിതാ തര്‍ഹീലില്‍ അഭയം തേടുകയായിരുന്നു ഇരുവരും.

വനിതാ തര്‍ഹീലില്‍ വെച്ച് രണ്ടു പേരും നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനെ കാണുകയും, സഹായം അഭ്യര്‍ഥിയ്ക്കുകയും ചെയ്തു. മഞ്ജു മണിക്കുട്ടന്‍ ഇവരുടെ സ്‌പോണ്‍സര്‍മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, ഫോണ്‍ വിളിയ്ക്ക് മറുപടി നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട മഞ്ജു മണിക്കുട്ടന്‍, എംബസ്സി വഴി ഇവര്‍ക്ക് ഔട്ട്പാസ് സംഘടിപ്പിച്ചു കൊടുത്തു. തര്‍ഹീല്‍ വഴി എക്‌സിറ്റ് അടിച്ചു വാങ്ങിയ മഞ്ജു, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂചെടിയല്‍, മണിക്കുട്ടന്‍ എന്നിവരുടെ സഹായത്തോടെ ഇവരുടെ യാത്രയ്ക്കുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി.നവോദയ പ്രവര്‍ത്തകനായ പവനന്‍ ഇവര്‍ക്കുള്ള വിമാന ടിക്കറ്റ് സ്‌പോന്‍സര്‍ ചെയ്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രണ്ടു പേരും നാട്ടിലേയ്ക്ക് മടങ്ങി.

---- facebook comment plugin here -----

Latest