Connect with us

Malappuram

റമസാനെ സ്വീകരിക്കാനൊരുങ്ങി വിശ്വാസികള്‍

Published

|

Last Updated

മലപ്പുറം: വിശുദ്ധ റമസാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍. റമസാന്‍ സമാഗതമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീടുകളിലും പള്ളികളിലുമെല്ലാം ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും പുണ്യ മാസത്തില്‍ ഹൃദയം പോലെ വീടുകളും ശുദ്ധീകരിക്കുകയാണ് വിശ്വാസികള്‍. സ്ത്രീകളുടെ നേതൃത്വത്തിലാണ് വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പള്ളികള്‍ കഴുകിയും പെയിന്റിംഗ് ചെയ്തുമെല്ലാം മനോഹരമാക്കുന്ന തിരക്കിലാണ് നാടെങ്ങും. പഴയ പായകളും കാര്‍പെറ്റുകളുമെല്ലാം മാറ്റി പുതിയവ വിരിച്ച് വിശ്വാസികളെ സ്വീകരിക്കാനുള്ള തിരക്കുകളാണ് എവിടെയും. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രമുഖ പണ്ഡിതന്‍മാരെ ഇതിനകം പള്ളികളില്‍ നിശ്ചയിച്ച് കഴിഞ്ഞിട്ടുണ്ട്.
നോമ്പ് തുറക്കാനും അത്താഴത്തിനുമുള്ള വിഭവങ്ങളെല്ലാം വീടുകളില്‍ ഒരുക്കി കഴിഞ്ഞു. മിക്ക പള്ളികളിലും നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. പുണ്യ മാസമെത്തിയാല്‍ ഖുര്‍ആന്‍ പാരായണത്താല്‍ മുഖരിതമാകും മുസ്‌ലിം വീടുകള്‍. ഇഫ്ത്താര്‍ മീറ്റുകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സജീവമായി നടക്കും. റിലീഫ് വിതരണവും നടക്കും. മത പഠന ക്ലാസുകളും വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. താറാവീഹ് നിസ്‌കാരത്തിന് ശേഷം പള്ളികളില്‍ പ്രഭാഷണവും നടക്കും.