മഥുരയില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം; 21 മരണം

Posted on: June 3, 2016 9:50 am | Last updated: June 3, 2016 at 9:50 am
SHARE

madhuraമഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം 21 പേര്‍ കൊല്ലപ്പെട്ടു. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മഥുരയിലെ ജവഹര്‍ബാഗിലാണ് സംഭവം.

ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി അംഗങ്ങളെന്ന് സ്വയം വിശേഷപ്പിക്കുന്ന ഇവര്‍ രണ്ട് വര്‍ഷത്തിലധികമായി ജവഹര്‍ ബാഗിലെ കോടികള്‍ വിലമതിക്കുന്ന 260 ഏക്കര്‍ ഭൂമി കയ്യടക്കിവെച്ചിരിക്കുകയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി തിരഞ്ഞെടുപ്പുകള്‍ പിന്‍വലിക്കുക, ഒരു രൂപക്ക് 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും വില്‍ക്കുക, നിലവിലെ കറന്‍സി ‘ആസാദ് ഹിന്ദ് ഫൗജ്’ കറന്‍സിയാക്കി മാറ്റുക തുടങ്ങി വിചിത്രമായ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

നേരത്തെ ഇവരെ ഒഴിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച്ച വീണ്ടും പോലീസ് എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇവരെ ഒഴിപ്പിക്കാന്‍ അടുത്തിടെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് പോലീസ് വീണ്ടും ദവഹര്‍ബാഗിലെത്തിയത്.

യാതൊരു പ്രകോപനവുമില്ലാതെ കയ്യേറ്റക്കാര്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു. ഇതോടെ സമരക്കാരെ ഒഴിപ്പിക്കാന്‍ ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പോലീസ് പ്രയോഗിച്ചു. അക്രമാസക്തമായതോടെ പോലീസ് തിരിച്ചും വെടിവെക്കുകയായിരുന്നു.