Connect with us

National

ദാദ്രി: അഖ്‌ലാക്കിന്റെ വീട്ടില്‍ മാംസം സൂക്ഷിച്ചിരുന്നില്ലെന്ന് പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്ന് മാംസം കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ഗൗതം ബുദ്ധ് നഗര്‍ പോലീസ് ബുധനാഴ്ച തയ്യാറാക്കിയ ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സംഭവത്തിനു ശേഷം വീട്ടില്‍ നിന്ന് മാംസം കണ്ടെടുത്തുവെന്നും അത് ആട്ടിറച്ചിയായിരുന്നുവെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്ന് ഒരു മാംസവും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തെ തുടര്‍ന്ന് ബിസാദ ഗ്രാമത്തില്‍ അഖ്‌ലാക്കിന്റെ വീടിന് സമീപത്തെ കവലയിലെ കടയില്‍ നിന്ന് ശേഖരിച്ച മാംസമാണ് പരിശോധനക്ക് അയച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം കേസ് വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി കണ്ടെടുത്തത് ഗോമാംസമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള മഥുരയിലെ ഉത്തര്‍പ്രദേശ് യൂനിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി ലാബാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോലീസിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. പരിശോധിച്ചത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്ന് സ്ഥിരീകരിച്ച യു പി സര്‍ക്കാര്‍, ലാബില്‍ പരിശോധിച്ച മാംസം അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നെടുത്തതല്ലെന്നും വ്യക്തമാക്കുന്നുണ്ട്. നേരത്തെ നടത്തിയ പരിശോധനയില്‍ ആട്ടിറച്ചിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍, കണ്ടെടുത്തത് ഗോമാംസമാണെന്ന് കണ്ടെത്തിയ മഥുരയിലെ ഫോറന്‍സിക് ലാബിലെ പരിശോധനാ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള മഥുരയിലെ മാംസത്തിന്റെ സാമ്പിള്‍ അയച്ചത് എവിടെ നിന്നാണെന്നും അത് സ്വീകരിച്ചത് ആരാണെന്നും അഖിലേഷ് യാദവ് ചോദിച്ചു. അഖ്‌ലാഖിന്റെ വീട്ടില്‍ അത്തരത്തിലുള്ള ഒന്നുമുണ്ടായിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അങ്ങനെ നടപടി സ്വീകരിച്ചിരുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
മഥുരയിലെ ലാബില്‍ പരിശോധിച്ച മാംസത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം എന്തായാലും അത് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് ശേഖരിച്ചതല്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest