Connect with us

Kerala

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് പാക്കേജ് തയ്യാറാക്കും: വിദ്യാഭ്യാസമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുന്നതിനും അടച്ചു പൂട്ടല്‍ നേരിടുന്ന സ്‌കൂളുകളെ സംരക്ഷിക്കുന്നതിനും പാക്കേജ് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പാക്കേജ് തയാറാക്കും. ഇതിനായി അടിസ്ഥാന വിവര ശേഖരണം നടത്തും. ഒരു വര്‍ഷത്തിനകം ഇത് പൂര്‍ത്തിയാക്കും. ഓരോ സ്‌കൂളിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനപ്പെടുത്തി വര്‍ക്ക് പ്ലാന്‍ തയാറാക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സര്‍ക്കാറിന്റെ ഇടപെടല്‍.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്‌കൂളുകളില്‍ ഇത് നടപ്പാക്കും. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുന്‍ഗണന നല്‍കി പൊതുവിദ്യാലയങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് ആകര്‍ഷകമാക്കും. ഇതിനുള്ള സാമ്പത്തിക സ്രോതസായി കാണുന്നത് തദ്ദേശ സ്ഥാപനങ്ങള്‍, എം എല്‍ എ, എം പി ഫണ്ടുകള്‍, എസ് എസ് എ ഫണ്ട് തുടങ്ങിവയാണ്.
കുട്ടികള്‍ കുറഞ്ഞതുകൊണ്ട് എന്‍ജിനീയറിംഗ് കോളജുകള്‍ അടച്ചുപൂട്ടണമെന്ന നിലപാട് സര്‍ക്കാറിനില്ല. അവിടുത്തെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാനായിരിക്കും ശ്രമിക്കുക. വിദ്യാഭ്യാസ മേഖലയില്‍ അത്തരമൊരു പഠനം ഇതുവരെ നടന്നിട്ടില്ല. ഇതുവരെ പ്രശ്‌നാധിഷ്ഠിത ഇടപെടലുകള്‍ മാത്രമാണ് നടന്നത്. ശാസ്ത്രീയമായ ഇടപെടല്‍ ആണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുട്ടികള്‍ വര്‍ധിക്കാനുള്ള നടപടികളാണ് നടത്തുക. വിദ്യാഭ്യാസ മേഖലയിലെ ആസൂത്രണത്തിന് ഒരു മുന്‍ഗണനാ ക്രമം ഉണ്ടാക്കും. ആസൂത്രണം സംബന്ധിച്ച് അധ്യാപക സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാനേജ്‌മെന്റുകള്‍ എന്നിവരുമായി സംസാരിക്കും.
സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിലേക്ക് വിദേശ മൂലധനത്തിന്റെ കടന്നുവരവ് അനുവദിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് ഉതകുംവിധം വിദേശ സര്‍വകലാശാലകളുമായി ആശയവിനിയം ആകാം. എയ്ഡഡ് മേഖലയിലെ നിയമനം പി എസ് സിക്ക് വിടണമോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇടതുമുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വിദേശമൂലധനം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൊണ്ടുവരുന്നത് ശരിയല്ല എന്നായിരുന്നു സ്വകാര്യ സര്‍വകലാശാലകള്‍, അക്കാദമിക് സിറ്റി എന്നിവക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രിയുടെ മറുപടി.
എന്നാല്‍ അക്കാദമിക് ഇന്റഗ്രേഷന്‍ ആകാം. മൂലധന നിക്ഷേപം കേരളത്തിലെ അക്കാദമിക മേഖലയെ കീഴടക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതാണ്. സ്‌കൂള്‍ പരിസരത്തെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം കെ ജി ഒ എ സംസ്ഥാന നേതാവ് പ്രൊഫ. ശശികുമാര്‍ വിരമിക്കുന്ന ദിവസം തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമനം നല്‍കിയത് വഴിവിട്ടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. രണ്ട് വര്‍ഷമായി അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ പ്രൊമോഷന്‍ തടയപ്പെട്ടിരിക്കുകയാണ്.
നീതി നിഷേധിക്കപ്പെട്ട ആള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ചെയ്തത്. നിഷേധിക്കപ്പെട്ട നീതി വൈകിയാണെങ്കിലും ലഭ്യമാക്കാന്‍ കഴിഞ്ഞു. എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തിന് എ ഐ സി ടി ഇ മാര്‍ഗനിര്‍ദേശ പ്രകാരം അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തണമെന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അക്കാര്യം അറിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിന്റെ ഫയല്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest