Connect with us

Kerala

വര്‍ഗീയ ധ്രുവീകരണം ചെറുക്കാന്‍ അടിയന്തരമായി ഇടപെടണം: കാന്തപുരം

Published

|

Last Updated

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കുന്നു

തിരുവനന്തപുരം:വര്‍ഗീയ ധ്രുവീകരണം ആഴത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ ഉചിതമായ ശ്രമങ്ങള്‍ വേണം. അസഹിഷ്ണുത വലിയ തോതില്‍ കേരളത്തില്‍ വ്യാപിക്കുകയാണ്. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പദ്ധതികള്‍ വേണമെന്നും ഇതിനായി നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സുന്നി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

മതിയായ തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഐ ടി, മാനേജ്‌മെന്റ് രംഗങ്ങളില്‍ ഉള്‍പ്പെടെ അഭ്യസ്തവിദ്യര്‍ അന്യനാടുകളെ ആശ്രയിക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാന്‍ മറ്റ് സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ സംരംഭങ്ങളും ആരംഭിക്കണം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നൂലാമാലകള്‍ ഒഴിവാക്കണം. അന്താരാഷ്ട്ര ഭാഷയായ അറബിയുടെ പ്രാധാന്യം കണക്കിലെടുത്ത് കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രവാസികളുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം. കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണതോതില്‍ ആക്കാന്‍ അടിയന്തര നടപടി വേണം.

അനാഥാലയങ്ങളെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തുമ്പോള്‍ സ്ഥാപന നടത്തിപ്പിലുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, എ സൈഫുദ്ദീന്‍ ഹാജി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.