വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേറ്റു

Posted on: June 2, 2016 11:47 pm | Last updated: June 2, 2016 at 11:47 pm

jacob-thomasതിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് മുന്നില്‍ പത്തി വിടര്‍ത്തി ആടിക്കാണിക്കുന്ന പതിവ് ഉണ്ടാകില്ലെന്നും, കടികൊള്ളുമ്പോള്‍ അറിയുന്ന സമീപനമായിരിക്കും തന്റേതെന്നും ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റം ചെയ്യുന്നവരെ ആദ്യം മഞ്ഞ കാര്‍ഡും പിന്നീട് പുറത്തേക്കുള്ള ചുവന്ന കാര്‍ഡും കാണിക്കും. ക്രിയാത്മക വിജിലന്‍സ് എന്ന ആശയവുമായി മുന്നോട്ടുപോകും. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രകാശിക്കാനുള്ള അവസരം നല്‍കുക എന്നതാണ് ക്രിയാത്മക വിജിലന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. അഴിമതി ലളിതമായ കാര്യമല്ല. ദൈനംദിന ജീവിതത്തില്‍ പൊതുജനം പലതരം അഴിമതികള്‍ നേരിടുന്നു. ഇത്തരം അഴിമതികള്‍ അവസാനിപ്പിക്കണം. പൊതുമുതല്‍ നഷ്ടപ്പെടുന്നതും അവസാനിപ്പിക്കണം. എല്ലാ വകുപ്പുകളെയും കര്‍ശനമായും നിരീക്ഷിക്കും.
വിജിലന്‍സിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നല്ലൊരു ക്യാപ്റ്റനായിരിക്കുക, നല്ല ഗോള്‍ കീപ്പറായിരിക്കുക എന്ന ജോലിയായിരിക്കും താന്‍ നിര്‍വഹിക്കുക. മറ്റ് വകുപ്പുകളില്‍ റഫറിയുടെ ജോലിയായിരിക്കും ചെയ്യുക. ഓരോ വകുപ്പിനും ക്യാപ്റ്റന്മാരുണ്ട്. ബാര്‍കോഴ അടക്കമുള്ള വിഷയങ്ങളില്‍ നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് പുറകോട്ട് നോക്കി വണ്ടി ഓടിക്കില്ല എന്നായിരുന്നു മറുപടി. കഴിഞ്ഞ സര്‍ക്കാറിന്റെ നിരന്തര വേട്ടയാടലിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൊതുകു കടിയെ കുറിച്ച് ആരും ആവലാതി പറയാറില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇന്നലെ വരെ പോലീസ് സ്റ്റേഷനുകള്‍ പണിയുകയായിരുന്നു തന്റെ പണി. ഇനി മുതല്‍ അഴിമതിക്കാര്‍ക്കെതിരെ പണിയുമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.