50 കോടി ദിര്‍ഹമില്‍ അബുദാബിയില്‍ മെഡിക്കല്‍ മാള്‍

Posted on: June 2, 2016 7:04 pm | Last updated: June 2, 2016 at 7:04 pm

medical mall# റാശിദ് പൂമാടം
അബുദാബി:50 കോടി ദിര്‍ഹം ചിലവഴിച്ച് അബുദാബിയില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ മാളിന്റെ നിര്‍മാണം ആരംഭിച്ചു. അബുദാബി അല്‍ ഫലാഹ് ഹോള്‍ഡിംഗ് കമ്പനി ഖലീഫ സിറ്റിയിലാണ് മാള്‍ നിര്‍മിക്കുന്നത്. അല്‍ ഹിലാല്‍ ബേങ്കിന്റെ സഹായത്തോടെ നിര്‍മിക്കുന്ന മാളിന്റെ നിര്‍മാണം മൂന്നാം പാദത്തില്‍ കടന്നതോടെ അടുത്ത വര്‍ഷം മധ്യത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഗതാഗതം, നിര്‍മാണം, ആരോഗ്യ രംഗം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ താല്‍പര്യമുള്ള കമ്പനി ഒമ്പത് നിലകളിലാണ് മാള്‍ നിര്‍മിക്കുന്നത്. ഹോസ്പിറ്റല്‍, ആരോഗ്യ ക്ലനിക്ക്, ദന്തല്‍ ആശുപത്രി, ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍, കായിക ക്ഷമത സെന്ററുകള്‍, ജിംനേഷ്യം, ഫിറ്റ്‌നസ് സെന്റര്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ മാളില്‍ പ്രവര്‍ത്തിക്കും.

ഞങ്ങള്‍ക്ക് ആരോഗ്യ വ്യവസായം എന്ന പുതിയ ആശയത്തില്‍ നിന്നാണ് മെഡിക്കല്‍ മാള്‍ പിറവിയെടുക്കുന്നതെന്ന് അല്‍ ഫലാഹ് ഹോള്‍ഡിംഗ് കമ്പനി ചെയര്‍മാന്‍ സായിദ് അല്‍ ഫലാഹ് വ്യക്തമാക്കി. കഴിഞ്ഞകാലത്തെ പ്രവര്‍ത്തി പരിചയം ഉപയോഗിച്ച് മെഡിക്കല്‍ മാളിലേക്ക് കൂടുതല്‍ പ്രാദേശിക വിദേശ പങ്കാളികളെ ആരോഗ്യ വ്യവസായ മേഖലയിലേക്ക് ആകര്‍ഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് പുതിയ അനുഭവമാണ് മെഡിക്കല്‍ മാള്‍ എന്നും രോഗികള്‍ക്ക് ആതുരാലയങ്ങള്‍ ഒരു കുടക്കീഴിലായത് കൊണ്ട് വ്യത്യസ്തമായ ആരോഗ്യ കേന്ദ്രങ്ങള്‍ ലഭ്യമാകുന്നത് കൊണ്ട് മെഡിക്കല്‍ മാള്‍ പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കാനഡ, അമേരിക്ക എന്നിവിടങ്ങളിലാണ് മെഡിക്കല്‍ മാളുകളുള്ളത്.
7,200 യു എസ് ഡോളറാണ് ജി സി സിയിലെ വിവിധ രാജ്യങ്ങളിലായി ആരോഗ്യരംഗത്ത് ചിലവഴിച്ചത്. യു എ ഇയില്‍ മാത്രം 850 കോടി യു എസ് ഡോളര്‍ ചിലവഴിച്ചിട്ടുണ്ട്. തുംബെ ഗ്രൂപ്പ് മാത്രം അജ്മാനില്‍ 60 കോടി ദിര്‍ഹമിന്റെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 300 കിടക്കകളുള്ള ആശുപത്രി, 60 ഇരിപ്പിടങ്ങളുള്ള ദന്തല്‍ ആശുപത്രി, പുനരധിവാസ കേന്ദ്രം എന്നിവയാണ് നിര്‍മിക്കുന്നത്.