Connect with us

Articles

ഈ രാജ്യസഭാ മാര്‍ക്കറ്റില്‍ എം എല്‍ എമാരുടെ വില

Published

|

Last Updated

കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സാമാജികരെ തിരഞ്ഞെടുക്കുകയെന്ന വീറും വാശിയിലുമാണ് കന്നഡ നാട്ടിലെ രാഷ്ട്രീയക്കാര്‍. കോണ്‍ഗ്രസ് 123, ബി ജെ പി – 45, ജനതാദള്‍ എസ് – 40, സ്വതന്ത്രര്‍-10 എന്നിങ്ങനെയാണ് സംസ്ഥാനത്തെ നിയമസഭാ കക്ഷി നില. നാല് രാജ്യസഭാ സീറ്റുകളാണ് കര്‍ണാടകയില്‍ നിന്ന് ഒഴിവുള്ളത്.
ഒരു സീറ്റിലേക്ക് 45 എം എല്‍ എമാരുടെ പിന്തുണ വേണമെന്നിരിക്കെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തലങ്ങും വിലങ്ങും ചര്‍ച്ചകളിലും വോട്ട് പിടിത്തത്തിലുമാണ്. വോട്ട് മാര്‍ക്കറ്റില്‍ സ്വതന്ത്രര്‍ക്കാണ് കൂടുതല്‍”കടിപിടി”123 എം എല്‍ എമാരുള്ള കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാനാകുമെന്നുറപ്പുണ്ട്. എന്നാല്‍ ബാക്കി വരുന്ന 33 വോട്ടുകള്‍ കൊണ്ട് ഒരാളെസറസൂടി വിജയിപ്പിച്ചെടുക്കാന്‍ വേണ്ടി വോട്ട് മാര്‍ക്കറ്റില്‍ ഇറങ്ങിയിരിക്കുകയാണവര്‍. വിജയിക്കുമെന്നുറപ്പുള്ള രണ്ട് സീറ്റിലേക്ക് മുതിര്‍ന്ന നേതാക്കളായ ജയറാം രമേശ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരെ നേരത്തെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞദിവസം മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ കെ സി രാമമൂര്‍ത്തിയെക്കൂടി പ്രഖ്യാപിച്ചാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്.
മംഗളൂരുവിലെ വ്യവസായിയായ ബി എം ഫാറൂഖിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ജനതാദള്‍ എസ് നേതൃത്വത്തിനാണ് കോണ്‍ഗ്രസിന്റെ ഈ ചാക്കിട്ടുപിടിത്തം തലവേദനയായിരിക്കുന്നത്. 40 എം എല്‍ എമാരുള്ള അവര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ഭിന്നത പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയിലെ ന്യൂനപക്ഷ നേതാവ് സമീര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ അഞ്ച് എം എല്‍ എമാര്‍ ദളിന്റെ സ്ഥാനാര്‍ഥിക്കെതിരെ രംഗത്തുവരികയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സമ്പന്നരെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്നാണ് ഇവരുടെ പക്ഷം. വിജയ് മല്യയായിരുന്നു നേരത്തെ ദളിന്റെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം പി.
രണ്ടാം കക്ഷിയായ ബി ജെ പിക്ക് കഷ്ടിച്ച് ഒരാളെ വിജയിപ്പിച്ചെടുക്കാനുള്ള അംഗബലമുണ്ട്. അതില്‍ നിന്ന് ആരെയെങ്കിലും മറ്റുള്ളവര്‍ ചാക്കിട്ടാല്‍ പണി പാളുമെന്നുറപ്പ്. രാജ്യസഭയിലേക്ക് ആരെ അയക്കണമെന്ന കാര്യത്തില്‍ ബി ജെ പിക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പേരായിരുന്നു സംസ്ഥാന നേതൃത്വം നല്‍കിയിരുന്നത്. ആന്ധ്രപ്രദേശ് സ്വദേശിയായ വെങ്കയ്യ നായിഡുവിന് പകരം കര്‍ണാടകക്കാരനായ ഒരാളെ രാജ്യസഭയിലേക്കയക്കണമെന്നാവശ്യപ്പെട്ട് കന്നഡ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടുകാരിയായ ഇവര്‍ക്കെതിരെയും പ്രാദേശിക കക്ഷികള്‍ അപശബ്ദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
സ്വതന്ത്രരായ 10 എം എല്‍ എമാര്‍ക്ക് വേണ്ടിയാണ് കടിപിടി ഏറെയും നടക്കുന്നത്. ജനതാദള്‍ എസിന് തങ്ങളുടെ ഏക സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെങ്കില്‍ സ്വതന്ത്രരുടെ പിന്തുണ നിര്‍ബന്ധമാണ്. ഇടഞ്ഞു നില്‍ക്കുന്ന അഞ്ച് ദള്‍ എം എല്‍ എമാരെ കൂടി അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വതന്ത്രരില്‍ മുഴുവന്‍ പേരുടേയും പിന്തുണ വേണ്ടി വരും. കൂടാതെ, എം എല്‍ എമാരെ കൂടെ നിര്‍ത്താനായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദള്‍ മറ്റൊരു പിളര്‍പ്പിനു കൂടി വേദിയാകേണ്ടിയും വരും. എന്നാല്‍, മൂന്നാമതൊരു സീറ്റിന് വേണ്ടി കരുക്കള്‍ നീക്കുന്ന കോണ്‍ഗ്രസിന്റേയും കണ്ണ് സ്വതന്ത്രരില്‍ തന്നെയാണ്. ജൂണ്‍ 11നാണ് തിരഞ്ഞെടുപ്പ്. ദളിന്റെ സ്ഥാനാര്‍ഥി ബി എം ഫാറൂഖ് കോണ്‍ഗ്രസ് എം എല്‍ എ മൊയ്തീന്‍ ബാവയുടെ സഹോദരനാണെന്നത് സംസ്ഥാനത്ത് മറ്റൊരു വിവാദത്തിനു കൂടി വഴിവെച്ചിരിക്കുകയാണ്. മംഗളൂരുവില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയാണിദ്ദേഹം.
അതിനിടക്ക് രണ്ട് വര്‍ഷം കഴിഞ്ഞെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് സാധ്യതയുള്ള കര്‍ണാടകയില്‍ അടുത്ത ഭരണം പിടിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിയത്. എന്‍ ഡി എ സര്‍ക്കാറിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമെന്ന പേരില്‍ ലിംഗായത്ത് സമുദായം തിങ്ങിപ്പാര്‍ക്കുന്ന ദാവനഗെരെയിലാണ് മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി റാലി സംഘടിപ്പിച്ചിരുന്നത്. കൂടാതെ വീടുവീടാന്തരം കയറി കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന പദ്ധതിക്കും ബി ജെ പി തുടക്കമിട്ടിരിക്കുകയാണ്.
അതേ സമയം, നിലവില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വളരെ സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. പുതിയ പി സി സി അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നതക്കിടവരുത്തരുതെന്ന് നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര ആഭ്യന്തരമന്ത്രിയായ ഒഴിവിലേക്കാണ് പുതിയ പി സി സി അധ്യക്ഷനെ തേടുന്നത്. വൊക്കലിഗ നേതാവും മന്ത്രിയുമായ കെ ശിവകുമാറിന്റെ പേര് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതിനിടക്ക് കഴിഞ്ഞ ഒരു വര്‍ഷമായി പറഞ്ഞുകേള്‍ക്കുന്ന മന്ത്രിസഭാ വികസനവും ഉടനെയുണ്ടായേകുമെന്നാണ് സൂചന. കൂടുതല്‍ എം എല്‍ എമാര്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക് വേണ്ടി കരുക്കള്‍ നീക്കാന്‍ തുടങ്ങിയതോടെ മന്ത്രിസഭാ വികസനം കീറാമുട്ടിയായിരിക്കുകയാണ്. മന്ത്രിസ്ഥാനങ്ങള്‍ കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന നിര്‍ബന്ധം നേതൃത്വത്തിനുണ്ട്.

---- facebook comment plugin here -----

Latest