പൊളിറ്റിക്കല്‍ സയന്‍സെന്നാല്‍ പാചക പഠനമെന്ന് റാങ്കുകാരി; ബീഹാറില്‍ 14 പേര്‍ക്ക് വീണ്ടും പരീക്ഷ

Posted on: June 2, 2016 1:13 am | Last updated: June 2, 2016 at 1:13 am
ruby
റൂബി

പാറ്റ്‌ന: ബീഹാറില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ റാങ്ക് ജേതാക്കളുടെ പ്രസ്താവനകള്‍ പുതിയ വിവാദത്തില്‍. പൊളിറ്റിക്കല്‍ സയന്‍സെന്നാല്‍ പാചകത്തെ കുറിച്ചുള്ള പഠനമാണെന്ന ഹ്യൂമാനിറ്റീസ് ഗ്രൂപ്പിന്റെ റാങ്ക് ജേതാവിന്റെയും എച്ച് ടു ഒ എന്താണെന്ന ചോദ്യത്തിന്റെ മറുപടി നല്‍കാന്‍ കഴിയാത്ത സയന്‍സ് ഗ്രൂപ്പിലെ റാങ്ക് ജേതാവിന്റെ മറുപടിയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. ഇതേ തുടര്‍ന്ന് ഉന്നത വിജയം നേടിയ 14 വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ബിഹാറിലെ 10, 12 ക്ലാസുകളിലെ വിജയ ശതമാനം ക്രമാതീതമായി താഴ്ന്നിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ന്നെന്ന് അപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിനിയുടെ അഭിമുഖം ഒരു ദേശീയ ചാനല്‍ പുറത്ത് വിട്ടത്. പൊളിറ്റിക്കല്‍ സയന്‍സ് എന്നാല്‍ എന്താണെന്നായിരുന്നു ഹ്യുമാനിറ്റീസ് റാങ്ക് ജേതാവ് റൂബിയോട് ചോദിച്ചത്. പാചകത്തെ കുറിച്ചുള്ള പഠനമാണ് പ്രോഡിഗല്‍ സയന്‍സ് എന്നായിരുന്നു മറുപടി. തങ്ങള്‍ പഠിച്ച വിഷയത്തിന്റെ ശരിയായ ഉച്ചരാണം പോലും റാങ്ക് ജേതാവ് ഉച്ചരിക്കുന്നില്ലെന്ന് ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്.

എച്ച് ടു ഒയും ജലവും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയില്ലെന്ന് സയന്‍സ് റാങ്ക് ജേതാവ് സൗരവ് ശ്രേത്ത് പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയരുന്നത്. തങ്ങള്‍ പഠിച്ച വിഷയങ്ങളിലെ അടിസ്ഥാന അറിവു പോലും ഇല്ലാത്തവരായിരുന്നു ഉന്നത മാര്‍ക്കുവാങ്ങി പാസായ വിദ്യാര്‍ത്ഥികളില്‍ പലരും. ആര്‍ട്‌സ് വിഭാഗത്തിലും സയന്‍സ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു വച്ചിരിക്കുകയാണ് ഇപ്പോള്‍. നാളെ ഇവരടക്കം 14 പേര്‍ക്ക് പ്രത്യേക എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ഇവരുടെ കൈപ്പടയും ഉത്തരക്കടലാസിലെ കൈപ്പടയും ഒത്തുനോക്കുമെന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് വ്യക്തമാക്കി.