തൊഴില്‍ പീഡനത്തിനിരയാകുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

Posted on: June 2, 2016 2:34 am | Last updated: June 2, 2016 at 2:34 am

laboursമെല്‍ബണ്‍/ന്യൂഡല്‍ഹി: ലോകത്ത് നിര്‍ബന്ധിത തൊഴിലിനും തൊഴില്‍ രംഗത്തെ പീഡനത്തിനും ഇരയാകുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ആധുനിക അടിമത്വത്തിന് വിധേയരാകുന്നവരാണ് രാജ്യത്തെ 18.35 ദശലക്ഷം പേരുമെന്ന് ആസ്‌ത്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ വോക് ഫ്രീ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

സ്ത്രീകളും കുട്ടികളും അടക്കം ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 14.3 ദശലക്ഷം ‘ആധുനിക അടിമകളാ’യിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഒരു വര്‍ഷം കൊണ്ട് കുത്തനെയുള്ള വര്‍ധനയാണ് രേഖപ്പെടുത്തിയത്.
നിര്‍ബന്ധിത തൊഴിലും തൊഴില്‍ രംഗത്തെ പീഡനവും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ നടക്കുന്നില്ല. ഇന്ത്യയില്‍ വ്യത്യസ്തമായ തൊഴില്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം 1,83,54,700 പേരാണ്. 167 രാജ്യങ്ങളിലാണ് സംഘടന അന്വേഷണം നടത്തിയത്. ഇന്ത്യക്ക് പുറമെ ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഉസ്‌ബൈക്കിസ്ഥാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളിലും തൊഴില്‍ പീഡിതരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ‘ആധുനിക അടിമ’കളുള്ള നാട് ഇന്ത്യയാണെങ്കില്‍ പട്ടികയില്‍ ഉത്തരകൊറിയയാണ് മുന്നില്‍. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 4.3 ശതമാനം പേരും ഉത്തരകൊറിയയില്‍ തൊഴില്‍ മേഖലയിലെ പീഡനത്തിനിരയാകുന്നവരാണ്.
1.4 ശതമാനവും തൊഴില്‍ പീഡിതരുള്ള ഇന്ത്യക്ക് പട്ടികയില്‍ മൂന്നാം സ്ഥാനമാണ്. ഗഹനമായ പഠനവും ചര്‍ച്ചയും നടത്തിയതിന് ശേഷമാണ് വോക് ഫ്രീ ഫൗണ്ടേഷന്‍ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഗവേഷണത്തിന്റെ ഭാഗമായി 25 രാജ്യങ്ങളില്‍ നിന്നായി 53 ഭാഷകളില്‍ 42,000 അഭിമുഖങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യയില്‍ നിന്ന് മാത്രമായി 15 സംസ്ഥാന തല സര്‍വേയും നടന്നിട്ടുണ്ട്. ലോകത്തെ മൊത്തം ജനസംഖ്യയില്‍ 44 ശതമാനത്തേയും സര്‍വേ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നുണ്ട്.
നിര്‍മാണ മേഖല, കൃഷി, മത്സ്യബന്ധനം, വ്യവസായ മേഖല, ലൈംഗിക തൊഴിലാളികള്‍ തുടങ്ങി ഒട്ടുമിക്ക തൊഴില്‍ മേഖലകളിലും സര്‍വേയുടെ ഭാഗമായി വിദഗ്ധ അന്വേഷണം സംഘം എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അടിമത്തം ഇല്ലാതാക്കാന്‍ അതത് രാജ്യങ്ങളില്‍ ഭരണകൂടം ചെയ്ത പദ്ധതികളെ കുറിച്ചും സംഘം അന്വേഷണം നടത്തിയിട്ടുണ്ട്. തൊഴില്‍ മേഖലയിലെ സുരക്ഷ, തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം, തൊഴില്‍ ചെയ്യുന്ന സമയം, തൊഴിലാളികളുടെ സംതൃപ്തി തുടങ്ങിയ നിരവധി വിഷയങ്ങള്‍ അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.
തൊഴില്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സമാന്യ അവകാശങ്ങള്‍ പോലും വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ലോകത്ത് 45.8 ദശലക്ഷം പേര്‍ തൊഴില്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.