സ്‌കൂളുകള്‍ കച്ചവട സ്ഥാപനങ്ങളാക്കില്ല: മന്ത്രി

Posted on: June 2, 2016 12:29 am | Last updated: June 2, 2016 at 12:29 am

C RAVINDRA nathതിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാത്രം കാണുമെന്നും കച്ചവട സ്ഥാപനങ്ങളായി സര്‍ക്കാര്‍ കാണില്ലെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മെഡിക്കല്‍ റാങ്ക്‌ലിസ്റ്റ് പ്രകാശന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സാമ്പത്തിക നേട്ടമല്ല സാമൂഹിക നേട്ടത്തിനായുള്ള വിദ്യാഭ്യാസമാണ് പ്രധാനം. സ്‌കൂളില്‍ ഒരു കുട്ടിയാണ് പഠിക്കാന്‍ ഉള്ളതെങ്കിലും അത് സ്‌കൂള്‍ തന്നെയാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളായി തന്നെ നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കുട്ടിയാണ് സ്‌കൂളില്‍ പഠിക്കാനുള്ളതെങ്കിലും പഠിച്ചിറങ്ങുന്ന കുട്ടിയില്‍ നിന്നും സമൂഹത്തിന് ഒരുപാട് കാര്യങ്ങള്‍ ലഭിക്കാനുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോടതി ഇടപെടലുകളില്ലാത്ത മുഴുവന്‍ സ്‌കൂളുകളും സംരക്ഷിക്കും. കോടതി ഇടപെട്ട സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ തുടര്‍കോടതി വിധികളെ ആശ്രയിച്ച് തീരുമാനമെടുക്കും.
ജൂണ്‍ മധ്യത്തോടെ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കും. അടച്ചുപൂട്ടല്‍ ഭീഷണിയുള്ള സ്‌കൂളുകളില്‍ ഓരോന്നിനും ഓരോ സാഹചര്യമാണ്. അവ പരിശോധിച്ച് സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. തസ്തിക നിര്‍ണയെത്തെ തുടര്‍ന്ന് അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഉചിതവും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുതകുന്നതുമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.