കംപ്ലെയിന്റ് അതോറിറ്റിയും പോലീസും

Posted on: June 2, 2016 6:13 am | Last updated: June 2, 2016 at 6:13 am
SHARE

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കംെപ്ലയിന്റ് അതോറിറ്റിയും പോലീസും തമ്മിലുള്ള ഭിന്നതയില്‍ അതോറിറ്റിയെ പിന്തുണച്ചിരിക്കുകയാണ് ഹൈക്കോടതി. പോലീസ് അന്വേഷണത്തില്‍ ഇടപെടാനുള്ള അവകാശം അതോറിറ്റിക്കില്ലെന്ന കൊച്ചി റെയിഞ്ച് ഐ ജി മാഹിപാലിന്റെ വാദം തള്ളിയ കോടതി അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനും അവരുടെ നോട്ടീസിന് ഉചിതമായ മറുപടി നല്‍കാനും ഐ ജിയോടാവശ്യപ്പെടുകയുണ്ടായി. അതോറിറ്റിയുടെ അന്തസ്സ് കൂത്തുസൂക്ഷിക്കാന്‍ പോലീസ് ബാധ്യസ്ഥമാണെന്നും കോടതി വ്യക്തമാക്കി. നിയമാനുസൃതം നിലവില്‍ വന്ന സംവിധാനമാണ് അതോറിറ്റി. അതോറിറ്റി ആവശപ്പെട്ടാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണം. അതിന് പ്രയാസമുണ്ടെങ്കില്‍ അഭിഭാഷകരെ വെച്ചു വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ജിഷ കേസില്‍ പോലീസ് വീഴ്ച വരുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കംപ്ലെയിന്റ് അതോറിറ്റി പരാതി സത്യമാണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസ് കൈകാര്യം ചെയ്തതില്‍ ഗുരുതരമായ കൃത്യവിലോപമാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് അതോറിറ്റിയുടെ നിഗമനം. ഗുരുതരമായ കേസുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകളോ നടപടികളോ ഇവിടെ സ്വീകരിച്ചിട്ടില്ല. സംഭവത്തില്‍ തുടക്കം മുതലേ കടുത്ത ഉദാസീനതയാണ് പോലീസ് ഭാഗത്ത് നിന്നുണ്ടായത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. കൊലപാതക കേസുകളില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന ചട്ടം പാലിച്ചില്ല. ഏപ്രില്‍ 29ന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയത് അഞ്ച് ദിവസം താമസിച്ചു മെയ് നാലിനാണ്. ദുരൂഹ സംഭവമായിട്ടും മൃതദേഹം പെട്ടെന്ന് ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതും സംശയാസ്പദമാണ്. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും അതോറിറ്റി സന്ദേഹിക്കുന്നു.
ഇതു സംബന്ധിച്ച വിശദീകരണം നല്‍കാനും സന്ദേഹങ്ങള്‍ ദൂരീകരിക്കാനുമായി ഐ ജി അടക്കം പ്രാഥമികാന്വേഷണത്തന് നിയോഗിക്കപ്പെട്ട അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ അതോറിറ്റി മുമ്പാകെ ഹാജരാകണമെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് ഹാജരായില്ല. പകരം കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന മറുപടി നല്‍കി ഒഴിഞ്ഞു മാറുകയായിരുന്നു ഐ ജി. എന്നാല്‍ ഈ മറുപടി തള്ളിക്കളഞ്ഞ അതോറിറ്റി ജൂണ്‍ രണ്ടിന് ഹാജരാകണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇതിനെതിരെ ഐ ജി മാഹിപാല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന് കോടതിയോട് മാത്രമാണ് ബാധ്യതയെന്നും അതോറിറ്റിയുടെ നടപടി അന്വേഷണത്തില്‍ ഇടപെടുന്നതിന് തുല്യമാണെന്നുമാണ് അദ്ദേഹം കോടതിയല്‍ വാദിച്ചത്. എന്നാല്‍, കോടതി പോലീസ് നിലപാടിനെ നിരാകരിക്കുകയും അതോറിറ്റിയെ പിന്തുണക്കുകയുമായിരുന്നു.
അതോറിറ്റി മുമ്പാകെ വിശദീകരണം നല്‍കുന്നതിന് പകരം ഏറ്റുമുട്ടുന്ന ഐ ജിയുടെ നിലപാട് കേസന്വേഷണത്തില്‍ അപാകം സംഭവിച്ചിട്ടുണ്ടെന്ന വാദത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അന്വേഷണം സുതാര്യമാണെങ്കില്‍ അക്കാര്യം അതോറിറ്റിയെ ബോധ്യപ്പെടുത്താകുന്നതാണ്. തുടക്കം മുതലേ അപാകം ധ്വനിപ്പിക്കുന്നതും ആരെയോ രക്ഷിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്ന് സംശയം ജനിപ്പിക്കുന്നതുമായിരുന്നു പോലീസ് നിലപാട്. ഏറെ നടുക്കമുളവാക്കിയ കൊലപാതകമായിട്ടും സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം ആരംഭിക്കുന്നത് തന്നെ. നേരത്തെ ജിഷയുടെ കൊലയാളികളെന്ന രീതിയില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുണികൊണ്ട് മുഖംമറച്ച നിലയില്‍ പ്രദര്‍ശിപ്പിച്ചത് പോലീസുകാരെ തന്നെയായിരുന്നു. എന്തിനായിരുന്നു ഈ വേഷം കെട്ടിക്കല്‍?
ജിഷമാരുടെയും സൗമ്യമാരുടെയും എണ്ണം വര്‍ധിച്ചുവരുന്നു. സമൂഹത്തിന്റെ ധാര്‍മികത്തകര്‍ച്ചക്കൊപ്പം കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുമ്പിലെത്തിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചക്കും ഇതില്‍ വലിയ പങ്കുണ്ട്. ഇരകളുടെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ സ്വാധീനവും അംഗീകാരവുമൊക്കെയാണ് പല സംഭവങ്ങളിലും അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. സ്വാധീനമുള്ളവരുടെ കേസുകളിലെ ജാഗ്രതയും ഗതിവേഗതയും അല്ലാത്തവരുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. ഇത്തരം കൃത്യവിലോപങ്ങളും അന്വഷണങ്ങളിലെ വീഴ്ചകളും കണ്ടെത്തി പരിഹരിക്കാനാണ് പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് രൂപം നല്‍കിയത്. പരസ്പരം സഹകരിച്ചു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഈ സംവിധാനം പ്രയോജനപ്പെടുകയുള്ളൂ. ഉദ്യോഗസ്ഥ മേധാവികള്‍ തിണ്ണബലം കാട്ടിയും അധികാരത്തര്‍ക്കത്തിലേര്‍പ്പെട്ടും അതുമായി നിസ്സഹരിക്കുന്നത് നിയമവാഴ്ചയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങളുടെ വര്‍ധനവിന് ഇടയാക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here