Connect with us

Gulf

ലോകത്തിലെ ഏറ്റവും വലിയ മാള്‍ ദുബൈയില്‍ വരുന്നു

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ മാളായി മാറുന്ന മാള്‍ ഓഫ് ദി വേള്‍ഡിന്റെ ഒന്നാംഘട്ട രൂപകല്‍പനാ പ്രവൃത്തികള്‍ ദുബൈയില്‍ ആരംഭിച്ചു. 2,500 കോടി ദിര്‍ഹം ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന് ദുബൈ ഹോള്‍ഡിംഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഫാദില്‍ അല്‍ അലി അറിയിച്ചു. 100 കോടി ദിര്‍ഹം ചെലവില്‍ ദുബൈ ഹോള്‍ഡിംഗ് പ്രഖ്യാപിച്ച ബിസിനസ് ബേയിലെ മരാസി പദ്ധതിക്ക് പുറമെയാണിത്.
പദ്ധതി സംബന്ധിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യമായ അനുമതികള്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത് പറഞ്ഞു.
പദ്ധതിയുടെ നിര്‍മാണത്തിനായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റി (ആര്‍ ടി എ), ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ), ദുബൈ നഗരസഭ എന്നിവരുമായി സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഫാദില്‍ അല്‍ അലി അറിയിച്ചു. 15 വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. 17 ലക്ഷം ചതുരശ്ര മീറ്ററിലാണ് ഒന്നാംഘട്ട നിര്‍മാണം നടക്കുക. പിന്നീട് 17 ലക്ഷം ചതുരശ്ര മീറ്ററിലേക്ക് കൂടി വ്യാപിപ്പിക്കും. 278 കെട്ടിടങ്ങളാണ് പത്തു മുതല്‍ 15 വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പദ്ധതി സ്ഥലം 3,525,000 ചതുരശ്രമീറ്ററായി വ്യാപിക്കും.
സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 33 റോഡുകള്‍, കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേകം കല്ല് പാകിയുണ്ടാക്കിയ നടപ്പാത, സൈക്കിള്‍ പാത, ബസുകളുടെയും ഷട്ടില്‍ സര്‍വീസുകളുടെയും ലഭ്യത, മെട്രോ, ട്രാം പാതകള്‍, വള്ളം തുഴയാനുള്ള പ്രത്യേക സ്ഥലം എന്നിവയും ഒരുക്കും.
ചില്ലറ വില്‍പന മേഖല, താമസ കേന്ദ്രങ്ങള്‍, ഓഫീസ്, ഹോസ്പിറ്റാലിറ്റി, വിനോദം എന്നീ അഞ്ച് ഘടകങ്ങളാണ് മാളിലുണ്ടാവുക. തണല്‍ നല്‍കുന്ന പാര്‍ക്കുകള്‍, നടപ്പാതകള്‍, താപനില നിയന്ത്രിക്കുന്ന പ്രത്യേക വീഥികള്‍, കാല്‍നടയാത്രക്കാര്‍ക്ക് പരമാവധി സൗകര്യം ഒരുക്കുന്നതിന് മാളുകളില്‍ ഇടക്കിടെ നടപ്പാലങ്ങള്‍ എന്നിവയും നിര്‍മിക്കും.

---- facebook comment plugin here -----

Latest