ലോകനാഥ് ബെഹ്‌റ ചുമതലയേറ്റു: ജിഷ വധക്കേസ് വെല്ലുവിളിയായി ഏറ്റെടുക്കും

Posted on: June 1, 2016 4:46 pm | Last updated: June 1, 2016 at 4:46 pm

തിരുവനന്തപുരം: ലോകനാഥ് ബെഹ്‌റ പുതിയ ഡിജിപിയായി ചുമതലയേറ്റു. ഏറെ നാളായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് ബെഹ്‌റ പറഞ്ഞു. ആധുനിക സാങ്കതിക വിദ്യയില്‍ ഊന്നിയ വികസനം സേനയില്‍ നടപ്പില്‍ വരുത്തും. സിബിഐ പോലെ ശാസ്ത്രീയ അന്വേഷണ രീതിക്ക് മുന്‍തൂക്കം നല്‍കും. ജിഷ കേസ് വെല്ലുവിളിയായി ഏറ്റെടുക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് മേധാവി പറഞ്ഞു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ലോകനാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ച് ഉത്തരവിറക്കിയത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ടിപി സെന്‍കുമാറിനെ മാറ്റി ലോകനാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനിടെ തന്നെ മാറ്റിയത് ക്രമപ്രകാരമല്ലെന്ന് സെന്‍കുമാര്‍ തുറന്നടിച്ചിരുന്നു. അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഒഡീഷ സ്വദേശിയായ ബെഹ്‌റ 1985 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേരളത്തില്‍ എസ്പിയായും കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കുമ്പോഴാണ് സംസ്ഥാന പോലീസ് മേധാവിയായുള്ള നിയമനം.

2021 ജൂണ്‍ വരെ ലോക്‌നാഥ് ബെഹ്‌റക്ക് സര്‍വീസുണ്ട്. മറ്റ് തടസങ്ങളില്ലെങ്കില്‍ അഞ്ച് വര്‍ഷത്തോളം കേരള പോലീസിനെ നയിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഇത്രയും കാലം കേരള പോലീസിനെ നയിച്ച ചുരുക്കം പേര്‍ മാത്രമാണുള്ളത്.