ലഹരി വിരുദ്ധ പ്രാചാരണം;സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകും

Posted on: June 1, 2016 12:12 pm | Last updated: June 1, 2016 at 12:12 pm

sachin-tendulkar-pcnw-700തിരുവനന്തപുരം: ലഹരി മരുന്നുകള്‍ക്കെതിരെയുള്ള പ്രചാരണത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകും. തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മദ്യം മയക്കുമരുന്ന്‌പോലുള്ള ലഹരി വസ്തുക്കള്‍ക്കെതിരായ പ്രചാരണത്തില്‍ തന്റെ പേര് ഉപയോഗിച്ചുകൊള്ളാന്‍ സച്ചിന്‍ സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സച്ചിനൊപ്പം തെലുങ്ക് സനിമാ താരങ്ങളായ ചിരഞ്ജീവിയും നാഗര്‍ജുനയും ഉണ്ടായിരുന്നു. കായിക മന്ത്രി ഇപി ജയരാജന്‍ ധനമന്ത്രി തോമസ് ഐസക്ക് എന്നിവര്‍ ചേര്‍ന്നാണ് സച്ചിനെ സ്വീകരിച്ചത്.
തുടര്‍ന്ന് കേരള മുഖ്യമന്ത്രിയുമായി സച്ചിന്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഐഎസ്എല്‍ ഫുട്‌ബോളിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ താരം പ്രഖ്യാപിച്ചു. തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സഹഉടമകള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ 80% ഓഹരികള്‍ക്ക് ഉടമസ്ഥാവകാശം ഇവര്‍ക്കായിരിക്കും. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാഡമി തുടങ്ങാനുളള സന്നദ്ധതയും സച്ചിന്‍ അറിയിച്ചു.