ചോര്‍ച്ചയല്ല, ഇത് സുനാമിയാണ്

നിലവിലെ ഇരുപത് പതിനെട്ടായതല്ല, മലപ്പുറം ജില്ലയിലുണ്ടായ കനത്ത വോട്ട് ചോര്‍ച്ചയാണ് ലീഗിനേറ്റ ഏറ്റവും വലിയ തിരിച്ചടി. ജില്ലയില്‍ മാത്രം ഒന്നേ മുക്കാല്‍ ലക്ഷം വോട്ടുകളാണ് ലീഗിന്റെ പെട്ടിയില്‍ നിന്ന് ഒലിച്ചുപോയത്. കുറ്റിയാടിയിലെ ആയിരത്തി ഒരുനൂറിന്റെ ലീഡ് കൊണ്ട് അടയ്ക്കാവുന്ന ആണിത്തുളയല്ല, താനൂരിലെയും കൊടുവള്ളിയിലെയും തിരുവമ്പാടിയിലേയും പരാജയം. കടപുഴകിയത് മൂന്ന് ആല്‍മരങ്ങളാണ്. ഒരു കാലത്ത് ലീഡിന്റെ രാജാക്കന്മാരായിരുന്നു ലീഗിന്റെ സ്ഥാനാര്‍ഥികള്‍. 77ലെ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത അമ്പത്തയ്യായിരം വോട്ടില്‍ നാല്‍പ്പത്തിരണ്ടായിരവും വാരിക്കൂട്ടിയ താനൂരില്‍ ഇത്തവണ നാണം കെട്ട തോല്‍വിയാണ്. ലീഡിന്റെ രാജാക്കന്മാരുടെ പുതിയ കഥ ദയനീയമാണ്. ജയിച്ച പതിനെട്ട് പേരില്‍ എട്ട് പേരുടെയും ലീഡ് പതിനായിരത്തില്‍ താഴെയാണ്. ആയിരത്തില്‍ താഴെ വോട്ടിന് ജയിച്ച ആറുപേരില്‍ രണ്ട് പേരും നൂറില്‍ താഴെ വോട്ടിന് ജയിച്ച രണ്ടില്‍ ഒരാളും ലീഗ് സ്ഥാനാര്‍ഥികളാണ്.
Posted on: June 1, 2016 10:42 am | Last updated: June 1, 2016 at 10:42 am

ഗംഭീരമായിരിക്കുന്നു ജനവിധി 2016. ഈ വിധിയെഴുത്ത് സുവ്യക്തമാണ്. കൃത്യതയുള്ളതാണ്, ആശയക്കുഴപ്പങ്ങളൊന്നുമില്ല. വാഴേണ്ടവരെ ജനം വാഴ്ത്തുകയും വീഴ്‌ത്തേണ്ടവരെ കാലുവെച്ച് വീഴ്ത്തുകയും ചെയ്തിരിക്കുന്നു. തിരുത്തേണ്ടവരെ തിരുത്തിയിട്ടുണ്ട്, വിരട്ടേണ്ടവരെ വിരട്ടിയിട്ടുണ്ട്, ഞെട്ടിക്കേണ്ടവരെ ഞെട്ടിച്ചിട്ടുണ്ട്, പഠിപ്പിക്കേണ്ടവരെ ശരിക്കും പാഠം പഠിപ്പിച്ചിട്ടുമുണ്ട്. അഞ്ചാണ്ട് കൂടുമ്പോള്‍ അധികാരം വെച്ചുമാറുന്ന പതിവ് കലാപരിപാടികള്‍ക്കപ്പുറം ഇത്തവണത്തെ ജനഹിതം അളന്നുമുറിച്ച തീരുമാനമാണ്. മെയ് 16 വെറുമൊരു വോട്ടുത്സവം മാത്രമായിരുന്നില്ല. എന്തിന് വോട്ട് ചെയ്യണം എന്നു നിശ്ചയിച്ചുറപ്പിച്ച ശേഷമാണ് വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനുകളിലെത്തിയത്.
സമസ്താപരാധങ്ങളുടെയും പാപഭാരം പേറി വലതു മുന്നണി അധികാരത്തില്‍ നിന്ന് നിഷ്‌കാസിതമായിരിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്ലതൊന്നും ചെയ്തില്ല എന്നാരും പറയില്ല. മുഖ്യമന്ത്രി എന്ന നിലക്ക് അദ്ദേഹം അധ്വാനിച്ചു എന്നതും ശരിയാണ്. പക്ഷേ, ചെയ്ത നന്മകളെ മൂടുന്നത്ര തിന്മകള്‍ വന്നു കുമിഞ്ഞു. ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ കുറ്റം മൗനമാണ്. പല ഭരണകൂട നടപടികളെക്കുറിച്ചും ജനങ്ങള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു, ചോദ്യങ്ങളുണ്ടായിരുന്നു. അവരത് ഉറക്കെ ചോദിച്ചില്ലായിരിക്കാം. ചോദിച്ചില്ലെങ്കിലും ഭരണാധികാരി സ്വയം സംസാരിക്കണം. സംശയങ്ങള്‍ക്ക് നിവാരണമുണ്ടാകണം. ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുണ്ടാകണം. പലപ്പോഴും അതുണ്ടായില്ല. ബോധ്യം എന്ന ഒന്നുണ്ട്. ഒരുത്തരം കൊണ്ട് ബോധ്യം ഉണ്ടാകുകയില്ല, ശരിയുത്തരം കൊണ്ടേ അതുണ്ടാകുകയുള്ളൂ. ശരിയുത്തരങ്ങളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഭരണകൂടം സംശയത്തിന്റെ കരിനിഴലിലായി. കരിനിഴല്‍ കനത്തു ഇരുട്ടായി. ഇരുട്ടില്‍ തപ്പിത്തടഞ്ഞു ഭരണം കൈവിട്ടുപോയി.
തിരുവനന്തപുരത്തെ ഭരണനാറ്റം കാസര്‍കോട് വരെ അടിച്ചുവീശണമെങ്കില്‍ ചീച്ചില്‍ ചെറുതൊന്നുമായിരുന്നില്ല. ജോപ്പന്മാരും സകല കോപ്പന്മാരും പിന്നെ സരിതമാരും ഭരണത്തിന്റെ ഇടനാഴികളില്‍ നിറഞ്ഞാടി. അതുണ്ടാക്കിയ അലമ്പും കലമ്പും ദേശീയ രാഷ്ട്രീയത്തില്‍ വരെ പ്രതിധ്വനിച്ചു. കുറുന്യായത്തിന്റെയും നാക്ബലത്തിന്റെയും നൂല്‍പ്പാലത്തിലൂടെ രക്ഷപ്പെടാനാണ് പലപ്പോഴും ഭരണമുന്നണി ശ്രമിച്ചത്. ജനങ്ങള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവര്‍ എപ്പോഴും നിസ്സഹായരായിരിക്കുകയില്ല. ജനകീയ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി ആരെയും വെറുതെ വിടാറുമില്ല. സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം. നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന ജനം ഒരിക്കല്‍ വിജയിച്ചു- 2016 മെയ് 16ന്.
ഒന്നിനും ഒരു നിശ്ചയവുമില്ലായിരുന്നു, അടുക്കും ചിട്ടയും ഇല്ലായിരുന്നു. ആകപ്പാടെ കൂടിക്കുഴഞ്ഞു അവിയലു പരുവത്തിലായിരിക്കെ പുതിയ ജനഹിതം വന്നു. മെയ് 19നാണ് വിധി പ്രസ്താവം വന്നത്. മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയെ തീരുമാനിച്ചു. ദിവസങ്ങള്‍ക്കകം 19 മന്ത്രിമാരും സ്പീക്കറും റെഡി. മന്ത്രിമാരെയും വകുപ്പുകളും വസതികളും ഓഫീസുകളും വാഹനങ്ങള്‍ വരെയും തീരുമാനിക്കാന്‍ അഞ്ചെട്ടു പാര്‍ട്ടികള്‍ ചേര്‍ന്ന ഒരു മുന്നണിക്ക് ഒരാഴ്ച തീര്‍ത്തുവേണ്ടിവന്നില്ല. പ്രതിഷേധങ്ങളില്ല, തര്‍ക്കങ്ങളില്ല, അലമ്പും അലോസരവും ഒട്ടുമില്ല. ഡല്‍ഹിയിലേക്കുള്ള മാരത്തോണ്‍ ഇല്ല. അഞ്ചാം മന്ത്രിയില്ല, അനന്തപുരിയിലെ ഭരണസിരാ കേന്ദ്രം ആറാം നാള്‍ സൗമ്യമായി ചലിച്ചു തുടങ്ങി. മറുപുറത്ത് ഒരു പാര്‍ട്ടിക്ക് ഒരു പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ പത്ത് ദിവസമായിട്ടും കഴിഞ്ഞില്ല. അപ്പോള്‍ ഭരണമാറ്റം ഉണ്ടായിരുന്നില്ലെങ്കിലോ?
~ഒരു കാര്യം കൂടി പറയാതെ വയ്യ. സംഘ്പരിവാരത്തെ ഇത്ര മേല്‍ സുഖിപ്പിച്ച ഒരു ഭരണം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. ജനങ്ങള്‍ എന്തുകരുതും എന്തു പറയും എന്നൊന്നുമായിരുന്നില്ല; ബി ജെ പിയും ആര്‍ എസ് എസും എന്ത് പറയും എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ശ്രദ്ധ. സംഘ്ഫാസിസത്തിന് ചാഞ്ഞും ചരിഞ്ഞും നിന്നുകൊടുത്തു യു ഡി എഫ് ഭരണം, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിന് ലീഗ് കുട പിടിച്ചു. എല്ലാവരും അനുഭവിച്ചു. ഇപ്പോള്‍ പഴി കോണ്‍ഗ്രസിന് പതിച്ചുനല്‍കാനാണ് ലീഗ് ശ്രമിക്കുന്നത്.
നിരവധി സന്ദര്‍ഭങ്ങളുണ്ട് ഓര്‍മിക്കാന്‍. ഒറ്റ ഉദാഹരണം. പശുവിനെ സംഹാര വിഷയമാക്കാന്‍ സംഘികള്‍ ശ്രമിച്ചപ്പോള്‍ സ്വാഭാവികമായും ക്യാമ്പസുകളില്‍ നിന്നു പ്രതികരണങ്ങളുണ്ടായി. ആറു മാസം മുമ്പ് തൃശൂര്‍ കേരള വര്‍മ കോളജില്‍ ബീഫ് ഫെസ്റ്റിവല്‍ നടന്നത് അങ്ങനെയാണ്. എ ബി വി പിക്കാര്‍ വാളെടുത്തത് ആഭ്യന്തര വകുപ്പ് കണ്ടില്ല. ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ പുറത്താക്കിയപ്പോഴും സര്‍ക്കാര്‍ മിണ്ടിയില്ല. വിദ്യാര്‍ഥികളെ പിന്തുണച്ച അധ്യാപികക്കെതിരെ അധികാരത്തിന്റെ കൈകളുയര്‍ന്നു. പൊതുസമൂഹം ഉയര്‍ത്തിയ പ്രതിഷേധമാണ് ഒടുവില്‍ വിജയം കണ്ടത്.
ഇതേ തൃശൂരില്‍ ഇപ്പോള്‍ വീണ്ടും ബീഫ് വിവാദം തല പൊക്കി. ഇടതു വിജയം ആഘോഷിക്കാന്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ ബീഫ് വിളമ്പി. കാവി മണക്കുന്ന ഉത്തരേന്ത്യന്‍ ഐ എ എസ് ശിങ്കം നടപടിയും കുറുവടിയുമായി രംഗത്ത് വന്നു. പുതിയ മുഖ്യമന്ത്രിയുടെ ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ ഇതേക്കുറിച്ച് ചോദ്യങ്ങളുണ്ടായി. ‘ഉദ്യോഗസ്ഥര്‍ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കാന്‍ ഒരു ഓഫീസര്‍ക്കും അധികാരമില്ല’ എന്നായിരുന്നു പിണറായിയുടെ മറുപടി. മറ്റു വല്ല ഉദ്ദേശ്യവും വെച്ചാണ് ഈ നടപടിയെങ്കില്‍ അതിവിടെ നടപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടിയുമായി ഇറങ്ങിപ്പുറപ്പെട്ട ഏമാന്‍ ബീഫ് ചട്ടിയും വലിച്ചെറിഞ്ഞ് ഓടുന്നതാണ് പിന്നെ കണ്ടത്. ഇങ്ങനെ ആണത്തമുള്ള ഒറ്റ വര്‍ത്തമാനം ചെന്നിത്തല പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തെ അസ്വസ്ഥമാക്കിയ പല പ്രശ്‌നങ്ങളും മുളയിലേ കരിഞ്ഞുണങ്ങിയേനെ.
സുചിന്തിതമായ ചില നിലപാടുകളെ മുന്‍നിര്‍ത്തിയാണ് ഇത്തവണ സുന്നി പ്രസ്ഥാനം തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകരുത്, ലീഗിന് വോട്ടും സീറ്റും കുറയണം എന്നിവയായിരുന്നു നയങ്ങളില്‍ പ്രധാനം. ഒരു വികാരത്തിന്റെ പുറത്ത് എടുത്തതല്ല, ഈ നിലപാട്. രണ്ടിനും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതു കൊണ്ട് അതൊന്നും വിളിച്ചുപറഞ്ഞില്ല എന്നേയുള്ളൂ. വിളിച്ചുപറഞ്ഞാലും പ്രശ്‌നമൊന്നുമില്ല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൂട്ടായ്മകള്‍ക്കും അവരവരുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാന്‍ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. സുന്നികള്‍ക്ക് മാത്രം അതു തടയാന്‍ ഒരു നിയമവുമില്ല, ന്യായവുമില്ല. മതപരമായും വിലക്കുകളൊന്നുമില്ല. അങ്ങനെ ഒരു പാരമ്പര്യം ഇല്ലാതിരുന്നതുകൊണ്ട് പരസ്യ നിലപാടുകള്‍ സ്വീകരിച്ചില്ല എന്നേയുള്ളൂ. എന്നാല്‍, സംഘടനയുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് വരെ ഈ സന്ദേശം തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ നല്‍കിയിരുന്നതാണ്. ….ഏതായാലും തിരഞ്ഞെടുപ്പ് ഫലം സുന്നീ പ്രസ്ഥാനത്തിന്റെ നിലപാടുകളെ നൂറ് ശതമാനം ശരിവെച്ചിരിക്കുന്നു.
ഭരണകൂടം ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ആരുടെയും ഔദാര്യമോ ദാനമോ ഒന്നുമല്ല; ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണ് ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത്. പൗരസമൂഹത്തിനാകട്ടെ, ലഭിക്കുന്നത് നിയമപരവും ഭരണഘടനാപരവുമായ അവരുടെ അവകാശങ്ങളാണ്. യു ഡി എഫ് സര്‍ക്കാര്‍ സുന്നികള്‍ക്ക് ഒന്നും ചെയ്തു തന്നില്ല എന്നൊന്നും പറയുന്നില്ല. എന്നാല്‍ പല തരത്തിലുള്ള നീതിനിഷേധങ്ങളും അവഗണനകളും നിരന്തരമായി അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. നിരവധി വിദ്യാഭ്യാസ- സാമൂഹിക സ്ഥാപനങ്ങളും മത സ്ഥാപന സമുച്ചയങ്ങളും സുന്നീ പ്രസ്ഥാനം സ്ഥാപിച്ചു നടത്തിവരുന്നുണ്ട്. ഈ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരമായി സര്‍ക്കാറിനെ ആശ്രയിക്കേണ്ടതായി വരും. അവകാശങ്ങള്‍ ചോദിച്ചു ചെല്ലുമ്പോള്‍ പക്ഷപാതപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ ആ സര്‍ക്കാര്‍ മാറണം എന്നല്ലാതെ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്?
സുന്നികള്‍ ഒരാവശ്യവുമായി ഭരണകൂടത്തെ/മുന്നണിയെ സമീപിച്ചാല്‍ അത് മുസ്‌ലിം പ്രശ്‌നമായിട്ടാണ് കാണുക. ഭരണത്തിലും മുന്നണിയിലും മുസ്‌ലിം പ്രശ്‌നത്തിന്റെ ചുമതലക്കാര്‍ മുസ്‌ലിം ലീഗാണ്. ലീഗിന് മുമ്പില്‍ വരുമ്പോള്‍ അത് സുന്നീ പ്രശ്‌നമായി മാറുകയാണ്. ലീഗില്‍ സുന്നീ പ്രശ്‌നങ്ങളുടെ വിധി തീര്‍പ്പുകാര്‍ പാണക്കാട് കുടുംബവും ചേളാരി സമസ്തക്കാരുമാണ്. യു ഡി എഫിന് വോട്ട് ചെയ്താല്‍ ഫലത്തില്‍ ശത്രുവിന്റെ കൈയില്‍ ആയുധം വെച്ചുകൊടുക്കുന്നതിന് തുല്യമാകും എന്നു വന്നാല്‍ എന്തു ചെയ്യും? ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ നിലവിലെ പീഡനങ്ങള്‍ വിജയത്തിന്റെ ഉന്മാദം കൂടി ചേര്‍ത്ത് ഇരട്ടിയായി സുന്നികളുടെ പുറത്ത് തന്നെയാണ് വീഴുക. അപ്പോള്‍ പിന്നെ ഭരണത്തുടര്‍ച്ച ഉണ്ടാകരുത് എന്നല്ലാതെ മറ്റെന്താണ് ആഗ്രഹിക്കേണ്ടത്? ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ മതേതര ചേരിയെ ഭരണത്തുടര്‍ച്ച ദുര്‍ബലപ്പെടുത്തും എന്നൊരു നിരീക്ഷണം കൂടി പ്രസ്ഥാനത്തിന് ഉണ്ടായിരുന്നു. അടുത്ത അഞ്ച് വര്‍ഷം കൂടി ഇടതുപക്ഷ കക്ഷികള്‍ പുറത്തിരുന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് മാത്രമല്ല, ബേങ്ക് തന്നെ ഫാസിസം കൊണ്ടുപോകും. ഈ അപകടം ഒഴിവാക്കേണ്ടതുണ്ടായിരുന്നു.
മുസ്‌ലിം ലീഗിനോട് സുന്നികള്‍ക്ക് ഒരു വിരോധവുമില്ല. കാല്‍ നൂറ്റാണ്ട് മുമ്പ് സുന്നീ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ കോടാലി വീശിയത് കുഞ്ഞാലിമാരാണ്. അത് സത്യമാണ്; ചരിത്രമാണ്. വര്‍ത്തമാനമല്ല. ഇങ്ങനെ ഒന്നുണ്ടായി എന്നുവെച്ച് സൂര്‍ എന്ന കാഹളത്തില്‍ ഊതുന്ന നാള്‍ വരെ ലീഗുമായി ശണ്ഠ കൂടണം എന്നൊന്നുമില്ല. ലീഗിന്റെ വോട്ടും സീറ്റും കുറയുമെന്നു ലക്ഷ്യമിട്ടത് ലീഗ് നശിച്ചുകാണാനുമല്ല. ശരിയായി വഴിക്ക് വന്നുകാണാനാണ്. ഈ തിരഞ്ഞെടുപ്പ് ലീഗിന്റെ നിലപാടുകളില്‍ നയപരമായ മാറ്റങ്ങള്‍ക്ക് കാരണമാകണം. ലീഗ് മത്സരിച്ച് സീറ്റും വോട്ടും അധികാരത്തിന്റെ ഉന്നതങ്ങളും സ്വന്തമാക്കട്ടെ. പക്ഷേ, ആ അധികാരം ലീഗിന്റേത് മാത്രമാകണം. അതുപയോഗിക്കുന്നതും ലീഗാകണം. ഏതെങ്കിലും രാഷ്ട്രീയ കങ്കാണിമാരോ വായ്‌നോക്കികളോ ആകരുത്. അധികാരം വരുമ്പോള്‍ ഉത്ഭൂതമാകുന്ന കോല്‍മേസ്ത്രിമാരാണിപ്പോള്‍ ലീഗിനെ നയിക്കുന്നത്. വെറുപ്പിന്റെയും പകയുടെയും തത്വശാസ്ത്രം ലീഗിന്റെ ചെലവില്‍ നടപ്പാക്കുന്ന തങ്ങന്മാരെയും മുസ്‌ലിയാന്‍മാരെയും പടിക്ക് പുറത്ത് നിര്‍ത്താന്‍ ലീഗിന് പ്രേരകമാകണം ഈ ജനവിധി, അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ.
പുനരാലോചിക്കാനും തിരുത്താനും ലീഗിന് താത്പര്യമുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ അതിന് വേണ്ടുവോളം വകയുണ്ട്. നിലവിലെ ഇരുപത് പതിനെട്ടായതല്ല, മലപ്പുറം ജില്ലയിലുണ്ടായ കനത്ത വോട്ട് ചോര്‍ച്ചയാണ് ലീഗിനേറ്റ ഏറ്റവും വലിയ തിരിച്ചടി. മലപ്പുറം ജില്ലയില്‍ മാത്രം ഒന്നേ മുക്കാല്‍ ലക്ഷം വോട്ടുകളാണ് ലീഗിന്റെ പെട്ടിയില്‍ നിന്ന് ഒലിച്ചുപോയത്. 2011ലെ വോട്ട് നില വെച്ചാണ് ഈ കണക്ക്. സംസ്ഥാനത്തുണ്ടായ പോളിംഗ് ശതമാനത്തിലെ വര്‍ധന, പുതിയ വോട്ടര്‍മാര്‍, പൊതുവേ ഉണ്ടാകേണ്ട മുന്നേറ്റം എന്നിവയൊക്കെ വെച്ചുനോക്കിയാല്‍ നഷ്ടക്കണക്ക് മൂന്ന് ലക്ഷത്തില്‍ ചെന്നു നില്‍ക്കും. കുറ്റിയാടിയിലെ ആയിരത്തി ഒരുനൂറിന്റെ ലീഡ് കൊണ്ട് അടയ്ക്കാവുന്ന ആണിത്തുളയല്ല, താനൂരിലെയും കൊടുവള്ളിയിലെയും തിരുവമ്പാടിയിലേയും പരാജയം. കടപുഴകിയത് മൂന്ന് ആല്‍ മരങ്ങളാണ്. ഒരു കാലത്ത് ലീഡിന്റെ രാജാക്കന്മാരായിരുന്നു ലീഗിന്റെ സ്ഥാനാര്‍ഥികള്‍. 77ലെ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത അമ്പത്തയ്യായിരം വോട്ടില്‍ നാല്‍പ്പത്തിരണ്ടായിരവും വാരിക്കൂട്ടിയ താനൂരില്‍ ഇത്തവണ നാണം കെട്ട തോല്‍വിയാണ്. താനൂരില്‍ ലീഗ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ല എന്നാണ് ലീഗ് പറയുന്നത്. അപ്പോള്‍ ചോര്‍ന്നത് പാര്‍ട്ടിയില്‍ നിന്ന് അണികളാണ്. ലീഡിന്റെ രാജാക്കന്മാരുടെ പുതിയ കഥ ദയനീയമാണ്. ജയിച്ച പതിനെട്ട് പേരില്‍ എട്ട് പേരുടെയും ലീഡ് പതിനായിരത്തില്‍ താഴെയാണ്. ആയിരത്തില്‍ താഴെ വോട്ടിന് ജയിച്ച ആറുപേരില്‍ രണ്ട് പേരും നൂറില്‍ താഴെ വോട്ടിന് ജയിച്ച രണ്ടില്‍ ഒരാളും ലീഗ് സ്ഥാനാര്‍ഥികളാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ സംസ്ഥാനത്ത് ഇത്തവണ 26. 63 ലക്ഷം വോട്ടുകള്‍ ഏറെ പോള്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ വിഹിതവും ലീഗിനില്ല, സ്വാഭാവിക വളര്‍ച്ചയും ഉണ്ടായില്ല. ദോഷം തന്നെ പറയരുതല്ലോ. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് ലീഗ് നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മുമ്പത്തെ അമ്പത് വര്‍ഷത്തേതിലും മഹത്തരമായിരുന്നു. കോടികളുടെ പദ്ധതികളാണ് പാര്‍ട്ടി നടപ്പാക്കിയത്. അബ്ദുര്‍റബ്ബിനെ മാറ്റി നിര്‍ത്തിയാല്‍ ലീഗ് മന്ത്രിമാരുടെ ഭരണം പൊതുവെ മികച്ചതായിരുന്നു. സാധാരണയില്‍ ഇതിന്റെയൊക്കെ ഗുണഫലം ലീഗിന്റെ വോട്ട് പെട്ടില്‍ കാണേണ്ടതാണ്. അതുമുണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പാര്‍ലിമെന്റ് വിജയത്തെ ബാധിക്കുന്നതല്ല, എന്നാലും മലപ്പുറത്തെ പുതിയ ജനവിധി ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന് എതിരാണ്. മലപ്പുറം ജില്ലയില്‍ നിന്ന് ആറും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരു നിയമസഭാ മണ്ഡലവും ചേര്‍ന്നതാണ് പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം. ഇതില്‍ പൊന്നാനി, തവനൂര്‍, താനൂര്‍ മണ്ഡലങ്ങള്‍ ഇപ്പോള്‍ ബഷീറിനൊപ്പമില്ല. തിരൂരങ്ങാടി കോട്ടക്കല്‍, തിരൂര്‍ മണ്ഡലങ്ങളില്‍ ലീഗിന് ചോര്‍ന്നതാകട്ടെ, അറുപതിനായിരത്തിലേറെ വോട്ടുകളാണ്. ഈ ഒഴുക്കും തിരിച്ചടിയും നേരിടാന്‍ തൃത്താലയില്‍ നിന്ന് വെറും പതിനായിരത്തിന്റെ ലീഡേ ഉള്ളൂ. പൊന്നാനിയില്‍ ബഷീറിന്റെ ലീഡ് വെറും ഇരുപത്തയ്യായിരത്തില്‍പരവും. ഇത് ചോര്‍ച്ചയല്ല, സുനാമിയാണ്.
ഇടതു പക്ഷത്തിന്റെ മിന്നുന്ന വിജയത്തിന് പിന്നില്‍ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമുണ്ടായിട്ടുണ്ടെന്നാണ് ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരുടെയും പക്ഷം. മീഡിയകളും ഇതാണ് പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഈ നിരീക്ഷണത്തിന് ആധികാരികത നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ യു ഡി എഫ് പരാജയപ്പെട്ടുവത്രേ. ഏത് ചാലിലൂടെയാണ് ന്യൂനപക്ഷ വോട്ടുകള്‍ ഇടത്തോട്ടൊഴുകിയത് എന്നാരും പറയുന്നില്ല. എന്നാല്‍ വ്യംഗ്യമായി മുസ്‌ലിം ലീഗ് അത് സമ്മതിച്ചിട്ടുണ്ട്. കാന്തപുരം വിഭാഗം ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ശക്തമായി എതിര്‍ത്തു എന്ന് ലീഗ് പറഞ്ഞാല്‍ കാര്യം വ്യക്തമാണ്.
താനൂരില്‍ ലീഗിന്റെ വോട്ട് ചോര്‍ന്നിട്ടില്ലെങ്കില്‍ കേരളത്തില്‍ ഒരിടത്തും ലീഗ് വോട്ട് ഇടത്തോട്ട് ചോര്‍ന്നിട്ടില്ല. ലീഗിനെ ചാരി നില്‍ക്കുന്ന ചേളാരി വിഭാഗം സമസ്തയാകട്ടെ, പടച്ചോനെ വിട്ടാലും ലീഗിനെ വിടില്ല. മുജാഹിദ് ഗ്രൂപ്പുകളെല്ലാം നേരത്തെ തന്നെ ലീഗിന് റിസര്‍വ് ചെയ്തുവെച്ചതാണ്. മുസ്‌ലിം ന്യൂനപക്ഷത്ത് ഇനി അവശേഷിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയും എന്‍ ഡി എഫ്, പി ഡി പി തുടങ്ങിയ രാഷ്ട്രീയ അവതാരങ്ങളാണ്. ഇവരൊക്കെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി പരമാവധി വോട്ട് സമാഹരിച്ചിട്ടുണ്ട്. അപ്പോള്‍ ഇടത്തോട്ടൊഴുകുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഏതാണെന്ന് ലീഗിന്റെ കണ്ടെത്തല്‍ തന്നെയാണ് ശരി.
(അവസാനിച്ചില്ല)
ഒ.എം തരുവണ
ഫോണ്‍-9400501168