പിഴ ഉടന്‍ അടച്ചുതീര്‍ക്കാന്‍ രവിശങ്കറിന് ട്രൈബ്യൂണല്‍ നിര്‍ദേശം

Posted on: June 1, 2016 9:24 am | Last updated: June 1, 2016 at 9:24 am

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് യമുനാ തീരത്ത് സംഘടിപ്പിച്ച ലോക പൈതൃക മഹോത്സവത്തിനേര്‍പ്പെടുത്തിയ പിഴ എത്രയും വേഗം അടക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാര്‍ച്ചില്‍ മൂന്ന് ദിവസങ്ങളിലായി യമുനാ തീരത്ത് സംഘടിപ്പിച്ച ലോക സാംസ്‌കാരികോത്സവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ പിഴ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് വളരെ വേഗം ശേഷിക്കുന്ന തുക അടക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. പിഴ അടക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ആര്‍ട്ട് ഓഫ് ലിവിംഗ് ഏപ്രിലിലാണ് ഹരജി നല്‍കിയത്.
യമൂനാ തീരത്ത് ഏറെ വിവാദമായ പരിപാടി സംഘടിപ്പിക്കുന്നതിന് അഞ്ച് കോടി രൂപയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ വിധിച്ചത്. എന്നാല്‍, ഇത്രയും തുക അടക്കാന്‍ പറ്റില്ലെന്നും സമയം അനുവദിക്കണമെന്നും രവിശങ്കര്‍ ട്രൈബ്യൂണലില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപയും പിന്നീട് ശേഷിക്കുന്ന തുകയും അടക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ ആര്‍ട്ട് ഓഫ് ലിവിംഗ് 25 ലക്ഷം രൂപ പിഴ അടച്ച് പരിപാടി നടത്തി. 4.75 കോടി രൂപ ബേങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന ഉറപ്പിന്മേലാണ് പരിപാടി നടത്താന്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.
യമുനാ തീരത്ത് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയതിന് ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിക്കും ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയിരുന്നു.
35 ലക്ഷത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി യമുനാ തീരത്ത് ഏഴ് ഏക്കര്‍ സ്ഥലത്തായാണ് വേദി നിര്‍മിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. വിവാദമായതിനെ തുടര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും വിവിധ രാഷ്ട്രത്തലവന്മാരും പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു.