57 ഡോക്ടര്‍മാരുടെ സര്‍വീസ് കാലാവധി നീട്ടി

Posted on: June 1, 2016 10:24 am | Last updated: June 1, 2016 at 10:24 am
SHARE

തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ നിന്ന് ഇന്നലെ വിരമിക്കേണ്ടിയിരുന്ന 57 ഡോക്ടര്‍മാരുടെ സേവനകാലയളവ് സര്‍ക്കാര്‍ നീട്ടി നല്‍കി. മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് ഡോക്ടര്‍മാരില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആറ് മാസത്തേക്കാണ് കാലാവധി നീട്ടിനല്‍കിയത്. സര്‍വീസ് നീട്ടിനല്‍കിയതില്‍ ആറ് പേര്‍ അഡ്മിനിസ്‌ട്രേഷന്‍ കേഡറിലുള്ളവരാണ്. ഇതിന് പുറമെ ഇന്നലെ വിരമിക്കേണ്ടിയിരുന്ന മെഡിക്കല്‍ കോളജുകളിലെ ഏതാനും ഡോക്ടര്‍മാരുടെയും സേവനകാലയളവ് ഒരു വര്‍ഷത്തേക്ക് നീട്ടി.
അതേസമയം, പി എസ് സി നിയമനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയിലാണ് സര്‍വീസ് നീട്ടിനല്‍കുന്നതെന്ന് ആരോഗ്യ- സാമൂഹികനീതി മന്ത്രി കെ കെ ഷൈലജ അറിയിച്ചു. സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്നും പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മന്ത്രി വ്യക്തമാക്കി.
മഴക്കാല പകര്‍ച്ചാവ്യാധികളില്‍ ഇത്തവണ പത്ത് ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ പരിചയ സമ്പന്നരുടെ ആവശ്യകത പരിഗണിച്ചാണ് കുറച്ച് ഡോക്ടര്‍മാരുടെ സേവന കാലയളവ് നീട്ടിനല്‍കുന്നത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ചര്‍ച്ചയാകാം. എന്നാല്‍, യുവാക്കളുടെ അവസരം നിഷേധിച്ചുകൊണ്ടാകരുത് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
പി ജി പഠനം കഴിയുന്ന ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്നതിന് പ്രത്യേക സംവിധാനം നടപ്പാക്കും. ആവശ്യമെങ്കില്‍ പ്രത്യേക നിയമനസംവിധാനവും പരിഗണിക്കും. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളെ എയിംസ് പദവിയിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here