ഡീസല്‍ വാഹന നിരോധം വ്യാപിപ്പിക്കില്ലെന്ന് ട്രൈബ്യൂണല്‍

Posted on: June 1, 2016 10:23 am | Last updated: June 1, 2016 at 10:23 am

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് രാജ്യവ്യാപക നിരോധമില്ലെന്ന് ദേശീയ ഹരിത ട്രൈബൂണല്‍. ഡീസല്‍ വാഹന നിയന്ത്രണം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവിധ നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും മലിനീകരണത്തോത് അറിയാനാണ് ശ്രമിക്കുന്നതെന്നും ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ഏറ്റവും മലിനമായ രണ്ട് നഗരങ്ങള്‍, ആകെ ജനസംഖ്യ, വാഹന സാന്ദ്രത എന്നിവ വ്യക്തമാക്കി മൂന്നാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമാകും ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടാകുക.
ഡീസല്‍ വാഹന നിയന്ത്രണം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഹാജരായി. രണ്ടായിരം സി സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഡല്‍ഹിക്ക് പുറമെയുള്ള മറ്റ് നഗരങ്ങളില്‍ നിരോധിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു.
മേക്ക് ഇന്‍ ഇന്ത്യ പ്രകാരമുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എട്ട് ശതമാനവും ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ നിന്നാണെന്നും ഈ മേഖലയിലുണ്ടാകുന്ന നിയന്ത്രണം വ്യവസായ മേഖലയെയും തൊഴിലിനെയും ബാധിക്കുമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ട്രൈബ്യൂണലില്‍ ബോധിപ്പിച്ചു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫേക്‌ചേഴ്‌സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയും ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ എതിര്‍ത്തു.
ബെംഗളൂരു, ചെന്നൈ കൊല്‍ക്കത്ത, മുംബൈ ഉള്‍പ്പെടെ പതിനാറ് നഗരങ്ങളിലാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. ഈ നഗരങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന മലിനീകരണം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഈ മാസം 31 വരെ ട്രൈബ്യൂണല്‍ സമയം അനുവദിച്ചിരുന്നു.