മണ്ണാര്‍ക്കാട്ട് അവിശുദ്ധ കൂട്ടുകെട്ടിന്റെ വിജയം

Posted on: May 20, 2016 11:50 am | Last updated: May 20, 2016 at 11:50 am

മണ്ണാര്‍ക്കാട്:വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ മതേതര പ്രതിരോധം തീര്‍ക്കുന്ന കേരളത്തില്‍ അവിശുദ്ധ കൂട്ടുകെട്ടിന്റെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ അവിശുദ്ധ കട്ടുകെട്ടാണ് മതേതര കേരളത്തിന് കളങ്കമായത്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഇവിടെ ഭൂരിപക്ഷ ന്യുനപക്ഷ വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ ഏകീകരിച്ചതാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മണ്ണാര്‍ക്കാടിനെ വ്യത്യസ്തമാക്കുന്നത്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്കായി ബി ജെ പിയും എസ് ഡി പി ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരുപോലെ വോട്ടുകള്‍ മറിച്ചതാണ് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. കല്ലാംകുഴി ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ ലീഗിനേയും എം എല്‍ എയേയും സഹായിക്കുന്നതിന് വേണ്ടിയാണ് അവസരവാദ ചങ്ങാത്തം ഇവിടെ രൂപപ്പെട്ടത്. ബി ജെ പിയുടേയും എസ് ഡി പി ഐയുടേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും വോട്ടുകള്‍ ഗണ്യമായി ഇവിടെ ചോര്‍ന്നത് മതേതര വിശ്വാസികളേയും ആശങ്കപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ നിലമെച്ചപ്പെടുത്തിയപ്പോള്‍ മണ്ണാര്‍ക്കാട് മത്സരം പേരിന് മാത്രമായി. എന്‍ ഡി എക്ക് വേണ്ടി ബി ഡി ജെ എസ് സ്ഥാനാര്‍ഥി മത്സരിച്ച ഇവിടെ ഇവരുടെ കൂടി ശക്തിയില്‍ കാല്‍ലക്ഷം വരെ വോട്ടുകള്‍ നേടുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. 10,170 വോട്ടുകളാണ് ഇവിടെ എന്‍ ഡി എ സ്ഥാനാര്‍ഥി നേടിയത്. പാലക്കാട് ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴാണ് മണ്ണാര്‍ക്കാട് പിറകോട്ട് പോകുന്നത്. മണ്ണാര്‍ക്കാടിന് തൊട്ടടുത്ത മണ്ഡലമായ കോങ്ങാട് 23,800 വോട്ടുകളാണ് എന്‍ ഡി എ നേടിയത്. ഷൊര്‍ണൂരില്‍ 28,836 വോട്ടും ഒറ്റപ്പാലത്ത് 27,605 വോട്ടും തൃത്താലയില്‍ 14,570 വോട്ടും പട്ടാമ്പിയില്‍ 14,824 വോട്ടും മലമ്പുഴയില്‍ 46,157 വോട്ടും എന്‍ ഡി എ നേടി. ചിറ്റൂരില്‍ 12,537 , പാലക്കാട് 40,076 , ആലത്തിയൂരില്‍ 19,610 , നെന്‍മാറയില്‍ 23,096 , തരൂരില്‍ 15,493 എന്നിങ്ങനെയാണ് എന്‍ ഡി എ വോട്ട് നേടിയത്. പാലക്കാട് ജില്ലയിലാകെ എന്‍ ഡി എ മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ മണ്ണാര്‍ക്കാട് അവിശുദ്ധ കൂട്ടുകെട്ടില്‍ എന്‍ ഡി എ വോട്ടുകള്‍ നഷ്ടമായത് ചര്‍ച്ചയായിരിക്കയാണ്.
കൂടാതെ ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും എസ് ഡി പി ഐയുടേയും വോട്ടുകളും കാണാതായി. മുവായിരത്തോളം വോട്ടുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന എസ് ഡി പി ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും അവിശ്വസനീയമായാണ് പിറകോട്ട് പോയത്.
എസ് ഡി പി ഐ സ്ഥാനാര്‍ഥി യൂസുഫ് അലനല്ലൂര്‍ 412 വോട്ടുകള്‍ മാത്രമാണ് നേടിയത്. വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എം സുലൈമാന്‍ 1112 വോട്ടുകളാണ് നേടിയത്. കേവല വിജയത്തിനായി രൂപപ്പെട്ട അവസരവാദ ചങ്ങാത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വരും ദിവസങ്ങളില്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.