Connect with us

International

ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍; 150ലേറെ പേര്‍ മരിച്ചതായി സംശയം

Published

|

Last Updated

കൊളംബോ: മൂന്ന് ദിവസമായി ശ്രീലങ്കയില്‍ തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിലായി 150ലേറെ പേര്‍ മരിച്ചതായി സംശയം. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതായും അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതായും ശ്രീലങ്കന്‍ ദുരന്ത നിവാരണ സംഘം അറിയിച്ചു.
ശക്തമായ മഴ മൂലം രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 19 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരച്ചില്‍ നടത്തുന്നതിനിടെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 35 പേരുടെ മരണം സ്ഥിരീകരിച്ചു.
മണ്ണിടിച്ചില്‍ നടന്ന രണ്ട് സ്ഥലങ്ങളില്‍ നിന്നായി 350 പേരെ രക്ഷിച്ചു. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള അരനായകയിലാണ് ശക്തമായ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ദുരന്ത നിവാരണ സംഘം കൂടുതല്‍ ജാഗ്രതയോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. മൂന്ന് ഗ്രാമങ്ങള്‍ മണ്ണിടിച്ചിലില്‍ നാമാവശേഷമായിട്ടുണ്ട്. ഇവിടെയെത്തിയ റെഡ് ക്രോസ് അംഗങ്ങളുടെ നിഗമനം അനുസരിച്ച്, ഔദ്യോഗികമായി പുറത്തുവിട്ട കണക്കിനേക്കാള്‍ എത്രയോ അധികമായിരിക്കും യഥാര്‍ഥ മരണ നിരക്കെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അരനായകയില്‍ മാത്രം 300നും 400നും ഇടയില്‍ ആളുകള്‍ മണ്ണിടിച്ചിലില്‍പെട്ട് മരിച്ചിട്ടുണ്ടാകാമെന്ന് ശ്രീലങ്കന്‍ റെഡ് ക്രോസ് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ നാവില്ലെ നനായക്കര പറഞ്ഞു. 150ലധികം പേരെ ഇവിടെ നിന്ന് മോചിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഗല്ലെ ജില്ലയിലെ ബുല്‍ത്‌കോപിതിയയിലുണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ ചുരുങ്ങിയത് 16 പേര്‍ മരിച്ചു. 13 പേരുടെ മൃതദേഹങ്ങള്‍ അരനായകയില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ ബുല്‍ത്‌കോപിതിയയില്‍ നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവിടെ നിന്ന് രക്ഷപ്പെടുത്തിയവരെ ആറ് ക്യാമ്പുകളിലായി സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ്.
ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുറ്റാലം ജില്ലയില്‍ കുടുങ്ങിപ്പോയ 200 പേരെ ദുരന്ത നിവാരണം സംഘം രക്ഷപ്പെടുത്തി. ഹെലികോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.