Connect with us

Gulf

ഒമാനില്‍ ഫാമിലി വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി പുനഃപരിശോധിക്കുന്നു

Published

|

Last Updated

മസ്‌കത്ത് :ഫാമിലി വിസ ലഭിക്കുന്നതിന് ചുരുങ്ങിയത് 600 റിയാല്‍ ശമ്പളം വേണമെന്ന നിയമം കൊണ്ടുവന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റോയല്‍ ഒമാന്‍ പോലീസിനോട് മജ്‌ലിസ് ശൂറ ആവശ്യപ്പെട്ടു. നിശ്ചിത വേതന പരിധി കുറക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കാരണമാകുമെന്ന് ശൂറ അംഗങ്ങള്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് മജ്‌ലിസ് ശൂറ നിയമം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

2013 സെപ്തംബറിലാണ് ഫാമിലി വിസക്കുള്ള ശമ്പള പരിധി 600 റിയാലാക്കി നിശ്ചയിച്ച് റോയല്‍ ഒമാന്‍ പോലീസ് ഉത്തരവിറക്കിയത്. ഇത് നിരവധി പ്രവാസികള്‍ക്ക് കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് പ്രയാസം സൃഷ്ടിച്ചു. എന്നാല്‍, ശമ്പള പരിധി കുറക്കുന്നത് കൂടുതല്‍ കുടുംബങ്ങള്‍ രാജ്യത്തേക്ക് വരുന്നതിന് കാരണമാകും. ഇത് കൂടുതല്‍ പണം രാജ്യത്ത് ചെലവഴിക്കുന്നതിന് ഇടയാക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കാരണമാവുകയും ചെയ്യുമെന്ന് മജ്‌ലിസ് ശൂറ അംഗം റാശിദ് അല്‍ ശംസി അഭിപ്രായപ്പെട്ടു.

ശമ്പളത്തിനു പുറമെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ ഫാമിലി വിസ അനുവദിക്കൂ എന്നും റോയല്‍ ഒമാന്‍ പോലീസ് താമസ കുടിയേറ്റ വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സ്വദേശി തൊഴിലാളികളെ നിയന്ത്രിക്കുന്നതിന്റെയും നഗരപ്രദേശങ്ങളില്‍ കെട്ടിട വാടക ഉയരുന്നതു നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് നിയമം നടപ്പിലാക്കുന്നതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

നേരത്തെ 300-350 തോതിലായിരുന്നു ശമ്പളം കണക്കാക്കായിരുന്നത്. തസ്തികയും കാര്യമായി പരിഗണിച്ചിരുന്നില്ല. കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന മധ്യനിര ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 400-500 തോതിലാണ്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമാണ് 600നു മുകളില്‍ ശമ്പളം ലഭിക്കുന്നത്. ഫാമിലി വിസ നിയന്ത്രണത്തിലൂടെ ഇടത്തരം തസ്തികകളില്‍ ജോലി ചെയ്യുന്നവരെല്ലാം നിരാശരായിരുന്നു. ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന പല ജീവനക്കാരുടെയും തൊഴില്‍ കരാറില്‍ രേഖപ്പെടുത്തുന്ന അടിസ്ഥാന ശമ്പളം കുറവായിരിക്കും. ഇതും ഫാമിലി വിസ കിട്ടുന്നതിന് തടസ്സമായി.

ഫാമിലി വിസ ലഭിക്കുന്നതിന് കെട്ടിട വാടകക്കരാര്‍ 2013ല്‍ നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്തു വസിക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു വിശദീകരണം. ഇതും നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു.
ഫാമിലി വിസ സംബന്ധമായ തീരുമാനങ്ങള്‍ വിദേശികളെ രാജ്യത്തെ തൊഴില്‍ മേഖലയില്‍നിന്ന് അകറ്റുന്നതാണെന്ന് പ്രവാസികള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

പൊതുവെ ജീവിത ചെലവ് കുറവായതിനാല്‍ കുടുംബത്തോടൊപ്പം ജീവിക്കാമെന്ന ധാരണയിലാണ് പലരും ഒമാനില്‍ ജോലി തിരഞ്ഞെടുക്കുന്നത്. സമീപ ഗള്‍ഫ് രാജ്യങ്ങളിലെ ജീവിതച്ചെലവും നിയമങ്ങളും സങ്കീര്‍ണമായതിനാല്‍ ഒമാനിലേക്ക് മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു.