ഫലസ്തീന്‍ പൈതൃകങ്ങളുടെ പ്രദര്‍ശനം കതാറയില്‍ ആരംഭിച്ചു

Posted on: May 10, 2016 6:39 pm | Last updated: May 10, 2016 at 6:39 pm
കതാറയിലെ ഫലസ്തീന്‍ പൈതൃക പ്രദര്‍ശനം
കതാറയിലെ ഫലസ്തീന്‍ പൈതൃക പ്രദര്‍ശനം

ദോഹ: പീഡാവസ്ഥകളുടെ ദുരിതങ്ങള്‍ക്കിടയിലും സംസ്‌കാരവും ജീവനവും കൈവിടാത്ത ഫലസ്തീന്‍ ജനതുയുടെ ഉണര്‍വിന്റെ അടയാളങ്ങളുമായി കതാറയില്‍ ഫലസ്തീന്‍ പൈതൃക പ്രദര്‍ശനത്തിന് കതാറയില്‍ തുടക്കം. ‘നമ്മുടെ ചരിത്രം, നമ്മുടെ പൈതൃകം, നിശ്ചയദാര്‍ഢ്യം’ എന്ന സന്ദേശത്തിലാണ് ഫലസ്തീന്‍ മെഗാ ഫെസ്റ്റിവല്‍ നടക്കുന്നത്. ഫലസ്തീനിയന്‍ നാഷനല്‍ ഫ്രന്‍ഡ്ഷിപ്പ് അസോസിയേഷനുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ കതാറ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഹ്മദ് അല്‍ സെയ്ദ് ദോഹയിലെ ഫലസ്തീന്‍ അംബാസിഡര്‍ മുനീര്‍ ഗാനം തുടങ്ങിയവര്‍ പങ്കെടുത്തു. ദോഹയില്‍ ഇതു രാണ്ടാമത് ഫലസ്തീന്‍ ഹെറിറ്റേജ് ഫെസ്റ്റിവലിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ഫലസ്തീന്റെ വര്‍ണാഭമായ ചരിത്രവും സാംസ്‌കാരിക പൈതൃകവും വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം. പരമ്പരാഗത തുണിത്തരങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ വലിയ ശേഖരം പ്രദര്‍ശനത്തിലുണ്ട്. ഫലസ്തീന്റെ പാരമ്പര്യ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാന്‍ പ്രദര്‍ശനം സഹായിക്കുമെന്ന് കതാറ അധികൃതര്‍ പറഞ്ഞു. ഫലസ്തീന്റെ വൈവിധ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്.
കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ പൈതൃക പ്രദര്‍ശനത്തിനു ലഭിച്ച വന്‍ സ്വീകാര്യതയാണ് രണ്ടാം പ്രദര്‍ശനത്തിന് പ്രചോദനമായതെന്ന് കതാറ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഹ്മദ് സെയ്ദ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനു കൂടി പ്രദര്ശനം അവസരമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കതാറ ബില്‍ഡിംഗ് നമ്പര്‍ മൂന്നില്‍ നടക്കുന്ന പ്രദര്‍ശനം ഈ മാസം 14 വരെ തുടരം. മേളയോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചുണ്ട്.