ജിഷയുടെ കൊലപാതകം: സഹോദരി ദീപയെ ചോദ്യം ചെയ്തു

Posted on: May 9, 2016 11:01 am | Last updated: May 9, 2016 at 3:32 pm

jisha sister deepaപെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ ചോദ്യം ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി രാവിലെ ദീപയെ കൊണ്ടുപോകുകയായിരുന്നു. പെരുമ്പാവൂര്‍ സ്‌റ്റേഷനിലെത്തിച്ച ദീപയെ കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. സാധനങ്ങള്‍ തിരിച്ചറിയുന്നതിനാണ് തിരിച്ചറിയുന്നതിനാണ് ദീപയെ വിളിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ചോദ്യം ചെയ്ത ശേഷം ദീപയെ വിട്ടയച്ചു.

തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്തകളില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ദീപ ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചത്. തനിക്ക് അന്യസംസ്ഥാന സുഹൃത്തുക്കളാരുമില്ലെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന വനിത കമീഷന്‍ അംഗങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്. അന്യസംസ്ഥാനക്കാരനായ ഭായിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. ബംഗാള്‍ സ്വദേശിയായ ഈ ഭായിയെക്കുറിച്ച് ദീപക്ക് കൂടുതല്‍ എന്തെങ്കിലും അറിയാമോ എന്നും പോലീസ് അന്വേഷിച്ചതായാണ് വിവരം.

അതേസമയം, അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ജിജിമോന്‍ വ്യക്തമാക്കി. ചില കാര്യങ്ങള്‍ സംബന്ധിച്ച് പൊലീസിനു കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പല ദിശയിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജിഷയുടെ കൊലപാതകിയുടേതെന്നു കരുതുന്ന പുതിയ രേഖാചിത്രം അന്വേഷണസംഘം തയാറാക്കിയിരുന്നു. എന്നാല്‍, ഇത് പൊലീസ് പുറത്തുവിട്ടിട്ടില്ല. ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ച വിരലടയാളം പൊലീസ് കസ്റ്റഡിയിലുള്ളവരുടെ വിരലടയാളവുമായി യോജിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.