സഹകരിച്ചു നീങ്ങാന്‍ സഹോദര രാജ്യങ്ങള്‍

Posted on: May 3, 2016 7:31 pm | Last updated: May 3, 2016 at 7:31 pm

qatar and uaeദോഹ: വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പിട്ട് ഖത്വര്‍-യു എ ഇ ഉന്നതതല സമിതി യോഗം വിജയകരമായി സമാപിച്ചു. ഖത്വര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി, യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ആറാമത് സംയുക്ത മീറ്റിംഗിനാണ് ഇന്നലെ ദോഹയില്‍ സമാപനമായത്.
രണ്ടു ദിവസത്തെ യോഗം വിജയകരമായാണ് സമാപിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാംസ്‌കാരികം, മേളകളുടെ സംഘാടനം, ടൂറിസം, യുവജനം, ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ വികസനം തുടങ്ങിയ രംഗങ്ങളിലാണ് ഇരു രാജ്യങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് പുതിയ കരാറുകളില്‍ ഒപ്പു വെച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇനിയും ഇത്തരം ചര്‍ച്ചകളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണകളും തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെയും രാജ്യാന്തര തലത്തിലെയും പ്രശ്‌നങ്ങളില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ കൈമാറി. രാജ്യാന്തര സംഘടനകളുമായി ചേര്‍ന്ന് യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സിറിയയിലെ അലെപ്പോയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അറബ് ലീഗ് കൗണ്‍സിലിന്റെ പ്രത്യേക യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന ഖത്വറിന്റെ ആവശ്യത്തിന് എല്ലാ ഗള്‍ഫ് നാടുകളില്‍ നിന്നും ശക്തമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
അലെപ്പോയിലെ പൗരന്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രാജ്യാന്തര സമൂഹം ധാര്‍മികവും മാനുഷികവുമായ രീതിയില്‍ ഇടപെടണം. അറബ് ലീഗ് കൗണ്‍സിലിന്റെ യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കും. യു എന്‍, സെക്യുരിറ്റി കൗണ്‍സില്‍ എന്നിവ മുഖാന്തിരമാണ് പ്രവര്‍ത്തനം നടത്തുക. സിറിയയിലെ പ്രശ്‌നം പരിഹരിക്കുക എന്നതാണ് ആവശ്യം. ലിബിയന്‍ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഖത്വര്‍-യു എ ഇ സഹകരണ പ്രവര്‍ത്തനം തുടരുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ വ്യക്തമാക്കി. പുരുത്പാദന ഊര്‍ജം ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നുവെന്ന് യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം വളരെ പ്രധാനപ്പെട്ടതാണ്. എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ നടത്തേണ്ട യോജിച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൂടിക്കാഴ്ചക്കിടെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഉണര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
യുനസ്‌കോ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള ഖത്വറിന്റെ സ്ഥാനാര്‍ഥിത്വത്തിന് യു എ ഇ പിന്തുണ പ്രഖ്യാപിച്ചു. നേരത്തേ ഗള്‍ഫ് നാടുകള്‍ ഒന്നിച്ച് ഖത്വറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലിബിയന്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യു എ ഇയും ഖത്വറുമാണ് ആദ്യമായി ലിബിയന്‍ ജനതക്ക് പിന്തുണയുയമായി രംഗത്തു വന്ന രാജ്യങ്ങളെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. എന്നാല്‍ രാജ്യന്തര സമൂഹം കൈയൊഴിഞ്ഞതോടെ ലിബിയന്‍ പ്രശ്‌നം ഉച്ചിയിലെത്തി. സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തുന്നതിനു മുമ്പ് ലിബിയന്‍ ഗ്രൂപ്പുകള്‍ രാഷ്ട്രീയമായി നീങ്ങുകയായിരുന്നു. എന്നാല്‍ രാജ്യത്തെ ഐക്യ സര്‍ക്കാറിന്റെ നേതൃത്വത്തിനു കീഴില്‍ സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കുന്നതിനു വേണ്ടി ലിബിയയിലെ വിവിധ ഭാഗങ്ങളില്‍ ഖത്വറും യു എ ഇയും സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.