അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനറുതി: യു എസ് യാത്രാ കപ്പല്‍ ക്യൂബയിലേക്ക് പുറപ്പെട്ടു

Posted on: May 3, 2016 10:00 am | Last updated: May 3, 2016 at 10:00 am

US SHIPമിയാമി: അര നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ അമേരിക്കയില്‍നിന്നുള്ള യാത്രാ കപ്പല്‍ ക്യൂബയിലേക്ക് പുറപ്പെട്ടു. മിയാമിയില്‍നിന്നും ഞായറാഴ്ചയാണ് കപ്പല്‍ ക്യൂബയിലെ ഹവാനയിലേക്ക് പുറപ്പെട്ടത്. കാര്‍ണിവല്‍ കോര്‍പറേഷന്റെ അഡോണിയ എന്ന കപ്പലാണ് 704 യാത്രക്കാരുമായി ഞായറാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.24 ഓടെ യാത്രപുറപ്പെട്ടത്. ക്യൂബയില്‍ ജനിച്ചവര്‍ കടല്‍മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നയത്തില്‍ ക്യൂബ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് കപ്പല്‍ യാത്രക്ക് തയ്യാറെടുത്തത്. കപ്പലില്‍ ക്യൂബയില്‍ ജനിച്ചവരും ഉണ്ട്. അഡോണിയ ഇനിമുതല്‍ എല്ലാ ആഴ്ചകളിലും മിയാമിയില്‍നിന്നും ക്യൂബയിലേക്ക് സര്‍വീസ് നടത്തുമെന്ന് കാര്‍ണിവല്‍ പറഞ്ഞു. ഈ ചരിത്ര യാത്രക്ക് തനിക്ക് അറുപത് വര്‍ഷം കാത്തിരിക്കേണ്ടിവന്നുവെന്ന് 73 വയസ്സുള്ള റിക്ക് ഷിന്‍ഡര്‍ ഒരു വാര്‍ത്താ മാധ്യമത്തോട് പറഞ്ഞു. കപ്പല്‍ യാത്രയില്‍ പ്രതിഷേധവുമായെത്തിയവര്‍ക്ക് നേരെ താന്‍ വാങ്ങിയ ക്യൂബന്‍ പതാക വീശിക്കാണിക്കുകയും ചെയ്തു അദ്ദേഹം. ക്യൂബന്‍ വിപ്ലവത്തിന് ശേഷം ക്യൂബയില്‍നിന്നും നാടുകടത്തപ്പെട്ടവര്‍ കടല്‍ മാര്‍ഗം ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് ക്യൂബ കടല്‍ യാത്രനിരോധിച്ചത്. ഈ നയത്തില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ കപ്പല്‍ ക്യൂബയിലേക്ക് തിരിച്ചത്.