Connect with us

Gulf

പ്രവാസികള്‍ കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണം : ചുള്ളിക്കോട് സഖാഫി

Published

|

Last Updated

കുവൈത്ത് : അശ്രദ്ധമായ ചെലവുകള്‍ നടത്തുന്ന വീട്ടു സാഹചര്യങ്ങളും മാതാപിതാക്കളുടെ ശീലങ്ങളുമാണ് ആധുനിക തലമുറയുടെ ധൂര്‍ത്തിനും സാമ്പത്തികമായ അച്ചടക്ക രാഹിത്യത്തിനും കാരണമെന്നും ധൂര്‍ത്ത് ഒഴിവാക്കി കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ പ്രവാസി കള്‍ തയ്യാറാകണമെന്നും കാരന്തൂര്‍ മര്‍കസ് വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. കുവൈത്ത് ഐസിഎഫ് അബ്ബാസിയ പാകിസ്താന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിച്ച പ്രവാസി സാമ്പത്തിക ബോധവത്കരണ സെമിനാറില്‍ “പ്രവാസിയുടെ സാമ്പത്തിക സംസ്‌കാരം” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ ഒന്നടങ്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലമാണ് ഇപ്പോഴുള്ളതെന്നും ഇന്ത്യാരാജ്യത്ത് അത്തരം അനിവാര്യ ഘട്ടം വന്നാല്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നു ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ച് പ്രവാസ ലോകത്ത് എത്തുകയും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യുന്നതോടെ കുടുംബങ്ങളും നാട്ടുകാരും സുഹൃത്തുക്കളും അയാള്‍ക്ക് ഭാരമായി മാറുകയാണെന്നും തനിക്ക് തിരിച്ച് എത്തിച്ചേരാനുള്ള ഇടത്തെക്കുറിച്ച് പ്രവാസികള്‍ ബോധവാന്‍മാരാകണമെന്നും ഹുസൈന്‍ സഖാഫി പറഞ്ഞു. സ്വന്തം പൗരന്‍മാരുടെ രോദനം കേള്‍ക്കാതിരിക്കാനോ അവരുടെ പ്രയാസങ്ങള്‍ കണ്ടില്ലെന്നു നടിക്കാനോ രാഷ്ട്രങ്ങള്‍ക്ക് സാധ്യമല്ലെന്നും അതിനാല്‍ അവരവരുടെ രാജ്യങ്ങളില്‍ അതാതു രാജ്യത്തെ ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്ന നടപടി ക്രമങ്ങളില്‍ പ്രവാസികള്‍ ആശങ്കപ്പെട്ടിട്ടു കാര്യമില്ലെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ആക്ടിംഗ് പ്രസിഡന്റ് ശുകൂര്‍ മൗലവി കൈപ്പുറത്തിന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാര്‍ ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സഗീര്‍ തൃക്കരിപ്പൂര്‍, ബഷീര്‍ ബാത്ത, കൃഷ്ണന്‍ കടലുണ്ടി, ജോണ്‍ മാത്യു ചര്‍ച്ചയില്‍ പങ്കെടുത്തു. സയ്യിദ് ഹബീബ് ബുഖാരി പ്രാര്‍ത്ഥന നടത്തി. എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി അഫ്‌സല്‍ മാസ്റ്റര്‍ കൊളാരി, അബ്ദുല്‍ഖാദര്‍ അഹ്‌സനി കൊപ്പം, അഹമ്മദ് സഖാഫി കാവനൂര്‍, വിടി അലവി ഹാജി, അബ്ദുല്ല വടകര സംബന്ധിച്ചു. ആര്‍എസ്‌സി ബുക് ടെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനനങ്ങള്‍ ഹുസൈന്‍ സഖാഫി വിതരണം ചെയ്തു. അഡ്വ. തന്‍വീര്‍ സ്വാഗതവും അബുമുഹമ്മദ് നന്ദിയും പറഞ്ഞു.