രാഷ്ട്രീയ പാര്‍ട്ടികള്‍ ജനസേവകരാകണം: കാന്തപുരം

Posted on: April 30, 2016 10:52 am | Last updated: April 30, 2016 at 1:53 pm
SHARE

പാവറട്ടി: അക്രമ രാഷ്ട്രീയം സമൂഹത്തിന് ഗുണകരമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ജനസേവകരാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജില്ലയിലെ പണ്ഡിത കാരണവരും സമസ്ത കേന്ദ്ര മുശാവറാംഗവുമായ വെ•േനാട് ടി പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആദരവ് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം ജമാഅത്ത് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയല്ല. അതിന് രാഷ്ട്രീയമില്ല. എന്നാല്‍ അനീതിയും അക്രമവും ആര് ചെയ്താലും ചെറുത്തു തോല്‍പിക്കാന്‍ ഞങ്ങള്‍ മുന്നിലുണ്ടാകും. യഥാര്‍ഥ ദീന്‍ മുന്നോട്ട് വെക്കുന്നവര്‍ക്ക് ഒരിക്കലും രാഷ്ട്രീയക്കാരനാകാന്‍ കഴിയില്ല. ആലിമിങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ദീനി സേവനത്തിന് ആളില്ലാത്ത അവസ്ഥ വരും. ദീനിനെ സഹായിക്കാന്‍ ആളില്ലാതെ വരുമ്പോള്‍ ആരാണോ അതിന് മുന്നോട്ടു വരുന്നത് അവര്‍ക്ക് നൂറ് ശഹീദിന്റെ കൂലിയുണ്ട്. ദീനുല്‍ ഇസ്‌ലാമിന് ആവശ്യമായ കോളജുകളും മദ്‌റസകളുമൊന്നും നിര്‍മിച്ചു നല്‍കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ട് വന്നിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.
ഭീകരവാദത്തിലൂടെ വെളിപ്പെട്ടതല്ല ഇസ്‌ലാം. അത് പ്രത്യക്ഷമായതും സംസ്ഥാപിതമായതുമാണ്. ഭീകരവാദവും തീവ്രവാദവും അക്രമ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിന്റെ തലയില്‍ വച്ചുകെട്ടാനുള്ള തല്‍പര കക്ഷികളുടെ ശ്രമം പരാജയപ്പെടുത്തണം. നമ്മുടെ പൂര്‍വികരെല്ലാം അഹലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആളുകളായിരുന്നു. ഇല്‍മും ദര്‍സും നിലനില്‍ക്കണമെങ്കില്‍ അവരുടെ ആശയങ്ങള്‍ മക്കളെ പഠിപ്പിക്കണം. എല്ലാ അറിവുകളും സമ്പാദിക്കുന്നതോടൊപ്പം ദീനിനെ സംരക്ഷിക്കാനും നാം തയ്യാറാകണമെന്നും ഭൗതികവും മതപരവുമായ വിദ്യാഭ്യാസം ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയണമെന്നും കാന്തപുരം പറഞ്ഞു.
വെ•േനാട് ഉസ്താദിനെ ഷാളണിയിച്ച് കാന്തപുരം ആദരവ് സമര്‍പ്പിച്ചു. ചടങ്ങ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി കെ ബാവ ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ട്രഷറര്‍ മാടവന ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ബാവ ദാരിമി, അഡ്വ. പി യു അലി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് സഖാഫി തൊഴിയൂര്‍, ഹംസ സഖാഫി കൊല്ലം എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here