Connect with us

Kerala

എന്‍.ഡി.എ നിലവില്‍ വന്നു: ഭൂരഹിതര്‍ക്ക് ഭൂമിയെന്ന വാഗ്ദാനവുമായി നയരേഖ

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ എന്‍.ഡി.എ ഔദ്യോഗികമായി നിലവില്‍ വന്നു. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും ഘടകകക്ഷി നേതാക്കളായ കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി.സി തോമസ് തുടങ്ങിയവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. ശക്തമായ ത്രികോണ മല്‍സരമാണ് കേരളത്തില്‍ നടക്കുന്നതെന്നു പറഞ്ഞ അരുണ്‍ ജയ്റ്റ്‌ലി, തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം ഇത്തവണയും ആവര്‍ത്തിക്കുമെന്നും പ്രതീക്ഷ പങ്കുവച്ചു.
ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയില്‍ ബി.ഡി.ജെ.എസ്, ആര്‍.ജെ.എസ്, ജെ.എസ്.എസ് (രാജന്‍ ബാബു), കേരള കോണ്‍ഗ്രസ് (പി.സി. തോമസ്) എന്നിവയുള്‍പ്പടെ 10 പാര്‍ട്ടികളാണ് ഉള്ളത്. ആദ്യമായാണ് മുന്നണി അടിസ്ഥാനത്തില്‍ കേരളത്തില്‍ ബി.ജെ.പി മത്സരിക്കുന്നത്.ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ എന്‍.ഡി.എ പ്രവേശവും ഇന്ന് നടന്നു. കേരളത്തിലെ എന്‍.ഡി.എ മുന്നണിയുടെ പ്രകടന പത്രികയായ ദര്‍ശന രേഖയും അരുണ്‍ജെയ്റ്റ്‌ലി പുറത്തിറക്കി.

ദര്‍ശനരേഖ കേരളത്തില്‍ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ബിവറേജസ് കോര്‍പേറേഷന്റെ ഔട്ട് ലെറ്റുകള്‍ വഴി ഒരാള്‍ക്ക് 250 മില്ലിലിറ്റര്‍ മദ്യം മാത്രമേ നല്‍കൂ. പുതിയ ബാറുകള്‍ തുറക്കില്ല. കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കും. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പുതിയ പാര്‍പ്പിടപദ്ധതി ആവിഷ്‌ക്കരിക്കും. മുഴുവന്‍ ഭൂരഹിതര്‍ക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ ഭൂമി നല്‍കും. പത്താംക്ലാസ് യോഗ്യതയുള്ള മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കും. ആയിരം ക്ഷീരഗ്രാമങ്ങളും സ്റ്റാര്‍ട്ട്അപുകളും തുടങ്ങും എന്നിവയാണ് നയരേഖയിലെ പ്രധാനവാഗ്ദാനങ്ങള്‍.