Connect with us

National

നീറ്റ്: ഉത്തരവില്‍ ഭേദഗതിയില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്ക് രാജ്യത്താകെ ഒറ്റ പ്രവേശന പരീക്ഷ (നീറ്റ്) ഈ വര്‍ഷം തന്നെ നടത്താനുള്ള കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ ഭേദഗതിയില്ലെന്ന് സുപ്രീംകോടതി് വ്യക്തമാക്കി. വിധി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. പരീക്ഷ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ മെയ് ഒന്നിനും ജൂലായ് 24നും രണ്ട് ഘട്ടങ്ങളിലായി നീറ്റ് പരീക്ഷ നടക്കും.

സി.ബി.എസ്.ഇ സിലബസും സംസ്ഥാന സിലബസും വ്യത്യസ്തമാണെന്ന് വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിധിയില്‍ ഇനി ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയും സി.ബി.എസ്.ഇയും മുന്നോട്ട് വച്ച സമയക്രമം അംഗീകരിച്ചാണ് മെയ് ഒന്നിനും ജൂലായ് 24നുമായി നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മെയ് ഒന്നിനുള്ള അഖിലേന്ത്യാ പ്രീ മെഡിക്കല്‍, പ്രീ ഡെന്റല്‍ പരീക്ഷയെ നീറ്റിന്റെ ഒന്നാം ഘട്ടമായി പരിഗണിക്കാനും ഇതിന് അപേക്ഷിക്കാത്തവര്‍ക്ക് ജൂലായ് 24ന് അവസരം നല്‍കാനുമായിരുന്നു തീരുമാനം. നീറ്റ് പരീക്ഷ റദ്ദാക്കിയ 2013ലെ ഉത്തരവ് കഴിഞ്ഞ 11ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അസാധുവാക്കിയിരുന്നു. നീറ്റിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് അടക്കം 115 കക്ഷികള്‍ നല്‍കിയ ഹരജികളില്‍ വീണ്ടും വാദം കേള്‍ക്കാനും ബെഞ്ച് തീരുമാനിച്ചിരുന്നു. ഈ കേസില്‍ മെയ് മൂന്നിന് വാദം നടക്കും

Latest