Connect with us

Gulf

വേനല്‍ക്കാലത്തെ വര്‍ധിച്ച ഊര്‍ജ ആവശ്യകത; സഊദി എണ്ണയുത്പാദനം വര്‍ധിപ്പിക്കുന്നു

Published

|

Last Updated

റിയാദ്: വേനല്‍ക്കാലത്തെ വര്‍ധിച്ച ഊര്‍ജ ആവശ്യകത കണക്കിലെടുത്ത് സഊദി അറേബ്യ എണ്ണയുത്പാദനം വര്‍ധിപ്പിക്കുന്നു. ദിനംപ്രതി 10.5 ദശലക്ഷം ബാരലാക്കി ഉയര്‍ത്താനാണ് തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിന് പിറകെ ഉത്പാദനം വര്‍ധിപ്പിച്ച് ആഗോള വിപണിയിലേക്ക് എണ്ണയൊഴുക്കി വിടാന്‍ സാധ്യതയില്ലെന്ന് വിപണി വൃത്തങ്ങള്‍ പറഞ്ഞു. വര്‍ധനവിന്റെ സ്വാധീനം ആഭ്യന്തര വിപണിയില്‍ മാത്രമേ ഉണ്ടാകൂ. ഖത്വര്‍ ചര്‍ച്ച അലസിയതിന് ശേഷം ഉത്പാദനം വര്‍ധിപ്പിച്ച് ആഗോള വിപണിയിലേക്ക് വന്‍ തോതില്‍ സഊദി എണ്ണ എത്തിച്ചേക്കുമെന്ന ഭീതിയിലായിരുന്ന വിപണി വൃത്തങ്ങള്‍ക്ക് ഈ വാര്‍ത്ത ആശ്വാസമായിരിക്കുകയാണ്.

എണ്ണയുത്പാദനം കുറച്ച് വിലയിടിവിനെ നേരിടാന്‍ ഒപെക് രാജ്യങ്ങള്‍ ഖത്വറില്‍ വെച്ച് നടത്തിയ ചര്‍ച്ച എണ്ണയുത്പാദനം കുറക്കില്ലെന്ന ഇറാന്‍ നിലപാടിനെ തുടര്‍ന്ന് അലസിയിരുന്നു. ഇറാന്‍ കൂടി പങ്ക്‌ചേരാതെ എണ്ണയുത്പാദനം കുറക്കാനുള്ള ഉടമ്പടിയില്‍ ഒപ്പ് വെക്കാനാകില്ലെന്നായിരുന്നു സഊദി നിലപാട്.
തുടര്‍ന്ന് അടിയന്തിരമായി എണ്ണയുത്പാദനം 11.5 ദശലക്ഷം ബാരലിലേക്കും അടുത്ത ആറ് മാസം കൊണ്ട് 12.5 ദശലക്ഷം ബാരലുമാക്കി വര്‍ധിപ്പിക്കുമെന്ന് സഊദി വ്യക്തമാക്കിയിരുന്നു. ആണവ പരീക്ഷണങ്ങളുടെ പേരിലുള്ള വിലക്കുകള്‍ നീങ്ങിയതോടെ കയറ്റുമതി വര്‍ധിപ്പിച്ച ഇറാനൊപ്പം പിടിച്ച് നില്‍ക്കാന്‍ ഉത്പാദനം വര്‍ധിപ്പിച്ച് സഊദി കൂടിയെത്തുന്നതോടെ എണ്ണ വിപണിയില്‍ യുദ്ധം മുറുകുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍, ഡിമാന്‍ഡില്ലെങ്കില്‍ അമിതമായി എണ്ണ മാര്‍ക്കറ്റില്‍ കൊണ്ട് പോയി തള്ളാന്‍ സഊദി തീരുമാനിച്ചിട്ടില്ലെന്ന് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. വേനല്‍ക്കാലത്ത് എ സിയുടെ ഉപയോഗം വര്‍ധിക്കുന്നത് കാരണം ആവശ്യമായി വരുന്ന അധിക വൈദ്യുതി ഉത്പാദിപ്പിക്കാനാണ് എണ്ണയുത്പാദനം വര്‍ധിപ്പിക്കുന്നതെന്ന് സഊദി വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest