ജനവിധി കാത്ത് മമതയടക്കം നിരവധി പ്രമുഖര്‍

Posted on: April 30, 2016 9:28 am | Last updated: April 30, 2016 at 9:28 am
SHARE

കൊല്‍ക്കത്ത: പ്രമുഖരുടെ സ്ഥാനാര്‍ഥിത്വത്താല്‍ ശ്രദ്ധേയമാണ് പശ്ചിമ ബംഗാളിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയടക്കം നിരവധി പ്രമുഖര്‍ ഇന്ന് ജനവിധി കാത്തിരിക്കുകയാണ്. 349 സ്ഥാനാര്‍ഥികളില്‍ മൂന്ന് മുന്നണികളുടേയും പ്രമുഖര്‍ മത്സര രംഗത്തുണ്ട്. മണ്ഡലങ്ങളില്‍ പലതും കടുത്ത മത്സരം നടക്കുന്നവയാണ്.

തെക്കന്‍ കൊല്‍ക്കത്തയിലെ ഭബാനിപൂരില്‍ മമത ബാനര്‍ജി മത്സരിക്കുമ്പോള്‍ ഇടതുപക്ഷ പിന്തുണയോടെ മുന്‍ മന്ത്രി കോണ്‍ഗ്രസിന്റെ ദീപ ദാസ്മുന്‍ഷിയും ബി ജെ പിക്ക് വേണ്ടി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധു ചന്ദ്രകുമാര്‍ ബോസും അങ്കത്തട്ടിലുണ്ട്. മണ്ഡലത്തില്‍ നിരവധി തവണ പര്യടനം നടത്തുകയും ജനങ്ങളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്ത ബി ജെ പി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രതീക്ഷയോടെയാണ് അങ്കത്തിനിറങ്ങുന്നത്. എന്നാല്‍, വര്‍ഷങ്ങളായി തന്നെ തുണക്കുന്ന മണ്ഡലം ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് മമത.
മമതയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പിടിച്ചുകുലുക്കിയ നാരദ ഒളിക്യാമറാ ഓപറേഷനില്‍ ആരോപണ വിധേയരായ പഞ്ചായത്ത് മന്ത്രി സുബ്രത മുഖര്‍ജി, കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി, നഗര വികസന മന്ത്രി ഫിര്‍ഹാദ് ഹകീം എന്നിവരും ഈഘട്ടത്തില്‍ ജനവിധി തേടുന്നു.
മന്ത്രിമാരായ പാര്‍ഥ ചാറ്റര്‍ജി, അരൂപ് ബിശ്വാസ്, മാനിഷ് ഗുപ്ത, ജവാദ് അഹ്മദ് ഖാന്‍ തുടങ്ങിയവരും മത്സര രംഗത്തുണ്ട്. ബംഗാളി ഗായകന്‍ ഇന്ദ്രാനില്‍ സെന്‍, ഫുട്‌ബോളര്‍ സഈദ് റഹീം നബി എന്നിവര്‍ സ്ഥാനാര്‍ഥി നിരയിലെ പ്രസിദ്ധരാണ്.
സി പി എം നേതാവും മുന്‍ മന്ത്രിയുമായ കാന്തി ഗാംഗുലി തൃണമൂലിന്റെ സിറ്റിംഗ് എം എല്‍ എയും നടിയുമായ ദേബശ്രീ റോയിയെ നേരിടുന്നു. സി പി എം നേതാക്കളായ റബിന്‍ ദേബ്, സുജന്‍ ചക്രവര്‍ത്തി എന്നിവരും നടിയും ബി ജെ പി നേതാവുമായ രൂപ ഗാംഗുലിക്കെതിരെ അസഭ്യ പ്രയോഗം നടത്തി വിവാദത്തിലായ അബ്ദുര്‍റസാഖ് മുല്ല എന്നിവരും ഇന്ന് വിധിതേടും. സൗത്ത് 24 പേര്‍ഗാനാ ജില്ലയിലെ ബാംഗര്‍ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയാണ് മുല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം അദ്ദേഹത്തിനെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.