അതീവ സുരക്ഷ; ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Posted on: April 30, 2016 9:18 am | Last updated: May 2, 2016 at 9:54 pm
SHARE

bengal ae3കൊല്‍ക്കത്ത: കനത്ത സുരക്ഷയില്‍ പശ്ചിമ ബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രമുഖരുടെ സ്ഥാനാര്‍ഥിത്വത്താല്‍ ശ്രദ്ധേയമാണ് ഇന്നത്തെ പോരാട്ടം. കഴിഞ്ഞ ഘട്ടത്തിലുണ്ടായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയത്. സൗത്ത് 24 പര്‍ഗാനാസ്, കൊല്‍ക്കത്ത സൗത്ത്, ഹൂഗ്ലി ജില്ലകളിലായി 53 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുക.

കേന്ദ്ര സേനയുടെ 680 സംഘങ്ങളേയും 20,000ത്തില്‍ അധികം സംസ്ഥാന പോലീസുകാരെയും പോളിംഗ് ബൂത്തുകളിലും മറ്റുമായി നിയമിച്ചിട്ടുണ്ട്. പ്രശ്‌ന സാധ്യത പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ കൊല്‍ക്കത്തയില്‍ മാത്രം 110 കേന്ദ്ര സേന വിഭാഗത്തെ നിയമിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇതിന് പുറമെ ക്രമക്കേടുകള്‍ നിരീക്ഷിക്കാനും മറ്റുമായി രഹസ്യ സംഘത്തെയും ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. 1.2 കോടി ജനങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അര്‍ഹരായിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമം നടത്തിയിട്ടുണ്ട്. 43 വനിതകളടക്കം 349 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുക.

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പകപോക്കലിന്റെ വേദികളായിക്കൊണ്ടിരിക്കുന്ന പോളിംഗ് ബൂത്തുകളില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുള്ളത്. പ്രശ്‌നബാധിത പ്രദേശമായി നേരത്തെ കണക്കാക്കിയിരുന്ന മാവോയിസ്റ്റ് മേഖലകളില്‍ നടന്ന തിരഞ്ഞെടുപ്പിനേക്കാള്‍ ഏറെ സങ്കീര്‍ണമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍. സമാധാനപരമാകുമെന്ന് പ്രതീകഅഷിച്ചിരുന്ന പ്രദേശങ്ങളില്‍ പലതും കനത്ത ആക്രമണങ്ങള്‍ അഴിഞ്ഞാടിയിരുന്നു.

രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോളിംഗ് മേഖലകളില്‍ നിന്ന് കള്ളപ്പണം, മദ്യം എന്നിങ്ങനെയുള്ളവ പിടിക്കപ്പെട്ടിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാനായാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പണവും മദ്യവും കടത്തിയതെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനക്കിടെ 98.4 ലിറ്റര്‍ മദ്യവും ഒന്നര ലക്ഷം രൂപയുടെ വ്യാജ കറന്‍സിയും പിടികൂടിയിട്ടുണ്ട്. ഇതിന് പുറമെ ആയുധങ്ങള്‍, ബോംബുകള്‍ സ്‌ഫോടക വസ്തുക്കള്‍ എന്നിവയും അധികൃതര്‍ പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here