Connect with us

Kerala

സൂര്യാഘാതം: രാവിലെ 11 മുതല്‍ മൂന്ന് വരെ വെയിലത്ത് ജോലി ചെയ്യരുതെന്ന് മുന്നറിയിപ്പ്

Published

|

Last Updated

തിരുവനന്തപുരം: വേനലവധി ക്ലാസുകള്‍ നടത്തുന്ന സ്‌കൂളുകള്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം. ചുട്ടുപൊള്ളുന്ന വേനല്‍ചൂടും സൂര്യാഘാതവും രൂക്ഷമായ സാഹചര്യത്തില്‍ തൊഴിലുറപ്പ് പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യരുതെന്നും നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ തൊഴില്‍സമയം അതനുസരിച്ച് പുന:ക്രമീകരിക്കാന്‍ തൊഴില്‍ വകുപ്പിനോട് ഉടന്‍ ആവശ്യപ്പെടാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശമടങ്ങുന്ന ഉത്തരവ് ശനിയാഴ്ച പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ കുട്ടികളെ വരുത്തി വേനലവധി ക്ലാസുകള്‍ നടത്തിവരികയാണ്. സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒരു കാരണവശാലും അത് അനുവദിക്കാന്‍ കഴിയില്ല. വേനല്‍ക്കാലമായതോടെ കുടിവെള്ളം പോലും കൃത്യമായി ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയും സ്‌കൂളുകളില്‍ നിലനില്‍ക്കുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് അവധിക്കാല ക്ലാസുകള്‍ ബന്ധപ്പെട്ടവര്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.