മദ്യ മാഫിയക്കെതിരെ ജാഗ്രത വേണം

Posted on: April 30, 2016 6:15 am | Last updated: April 30, 2016 at 12:57 am
SHARE

SIRAJ.......മദ്യ’ദുരന്ത’ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എക്‌സൈസ് കമ്മീഷണര്‍. പോലീസ്- എക്‌സൈസ് സംയുക്ത സ്‌ക്വാഡുകള്‍ രുപവത്കരിച്ചു പരിശോധന ശക്തമാക്കിയിട്ടുമുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ചില ബാറുടമകളാണത്രേ ഇതിനുള്ള കരുക്കള്‍ നീക്കുന്നത്. മദ്യനിരോധം മദ്യപാനികളുടെ കൂട്ടമരണം വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യമത്രേ. തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യമൊഴുക്കുന്ന പതിവുമുണ്ട്. അപകടകരമായ വിഷപദാര്‍ഥങ്ങളടങ്ങിയ മദ്യങ്ങളാണ് ഇവര്‍ വിതരണം ചയ്യുന്നതില്‍ ഏറെയും.
മദ്യനിയന്ത്രണ നടപടികള്‍ക്ക് നിര്‍ബന്ധിതമായാണെങ്കിലും സര്‍ക്കാര്‍ ബാറുകള്‍ക്കെതിരായി നടത്തിയ നീക്കങ്ങള്‍ നാട്ടില്‍ സമാധാനാന്തരീക്ഷവും വീടുകളില്‍ സ്വസ്ഥവും സൈ്വരവുമായ ജീവിതവും ആഗ്രഹിക്കുന്നവര്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, ബാറുമടകള്‍ക്കും മദ്യലോബിക്കും ഇത് കനത്ത ആഘാതമാണ് വരുത്തിയത്. പകലന്തിയോളം കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും സമ്പാദ്യം ഊറ്റിക്കുടിച്ചു തടിച്ചുകൊഴുക്കുന്ന ഇവര്‍ക്ക് മദ്യം യഥേഷ്ടം വിളമ്പാനുള്ള സാഹചര്യമാണ് ആവശ്യം. സര്‍ക്കാര്‍ മദ്യനിയന്ത്രണ നടപടികള്‍ക്ക് നിര്‍ബന്ധിതമായപ്പോള്‍, സംസ്ഥാനത്ത് ‘വ്യാജ’മദ്യം ഒഴുകാനും മദ്യ’ദുരന്ത’ത്തിനും ഇത് വഴിവെക്കുമെന്ന് ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തങ്ങളുടെ വാദത്തിന് ബലമേകാന്‍ മദ്യ’ദുരന്ത’ങ്ങള്‍ ഉണ്ടാകേണ്ടത് ബാറുടമകള്‍ക്കും അവരില്‍ നിന്ന് മാസപ്പടി കൈപ്പറ്റുന്ന ഉദ്യോഗസ്ഥ ലോബിക്കും അനിവാര്യമാണ്. ഈ ലക്ഷ്യത്തില്‍ എന്ത് കുത്സിത മാര്‍ഗം സ്വീകരിക്കാനും മടിക്കില്ല ഇവര്‍. തോട്ടം, തീരദേശ മേഖലകളില്‍ മദ്യലോബി സജീവമാണെന്നാണ് വിവരം. ആവശ്യക്കാര്‍ക്ക് സഞ്ചരിക്കുന്ന വിപണന കേന്ദ്രം വഴി ഇവര്‍ മദ്യമെത്തിച്ചുകൊടുക്കുന്നുണ്ട്. പിടിയിലകപ്പെട്ടാല്‍ രക്ഷപ്പെടുത്തുന്നതിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്ത് വരുന്നതാണ് ഇവര്‍ക്ക് ധൈര്യമേകുന്നത്. ‘വ്യാജ’മദ്യ നിര്‍മാണ കേന്ദ്രങ്ങളില്‍ എക്‌സൈസ് അധികൃതര്‍ ഇടക്കിടെ പരിശോധന നടത്താറുണ്ടെങ്കിലും റെയ്ഡിനായി ഓഫീസില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പേ വിവരം ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തുന്നതിനാല്‍ വിഫലമാകുകയാണ്.
തിരഞ്ഞെടുപ്പ് വന്നത് ‘വ്യാജ’മദ്യലോബിക്ക് അനുഗ്രഹമായിട്ടുണ്ട്. അധികൃതരുടെയും പോലീസിന്റെയും ശ്രദ്ധ തിരെഞ്ഞടുപ്പ് രംഗത്തായതിനാല്‍ മദ്യലോബിയെയും ‘വ്യാജ’വാറ്റു കേന്ദ്രങ്ങളെയും ശ്രദ്ധിക്കാന്‍ ആളില്ല. മദ്യനിര്‍മാണത്തിനുള്ള സ്പിരിറ്റിന്റെ ഒഴുക്ക് ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി അധികൃതരുടെ കണ്ണ് വെട്ടിച്ചും അധികൃതരുടെ അറിവോടെയും നടക്കുന്നുണ്ട് കടത്ത്.
നേരത്തെ പ്രവര്‍ത്തനാനുമതി നിഷേധിച്ച 418 ബാറുകള്‍ തുറക്കാനുളള മദ്യലോബിയുടെ ശ്രമം പരാജയപ്പെട്ടപ്പോഴും വ്യാജമദ്യ ദുരന്തം സൃഷ്ടിച്ചു സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമമുണ്ടായിരുന്നു. കോടികള്‍ കോഴ നല്‍കി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു ഷാപ്പുകള്‍ തുറപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു ഈ അടവ് പ്രയോഗിക്കാന്‍ ഒരുമ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കോഴക്കേസ് കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.
ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളിയുടെയും മദ്യവിരുദ്ധ സംഘടനകളുടെ പ്രക്ഷോഭത്തിന്റെയും സമ്മര്‍ദഫലമായാണ് മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ട ചില നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സത്യസന്ധമായ ഒരു നീക്കമായിരുന്നില്ല അന്ന് സര്‍ക്കാര്‍ നടത്തിയത്. മദ്യവിരുദ്ധ സമീപനം സ്വീകരിച്ച് കൂടെയുള്ളവരെ തോല്‍പ്പിക്കാന്‍ വേണ്ടിയുള്ള നടപടിയായിരുന്നു. കോടതിയില്‍ എത്തിയാല്‍ മദ്യലോബിക്ക് അനുകൂലമായ വിധി ലഭിക്കും എന്നാണ് ഇത് നടപ്പാക്കുമ്പോള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കോടതിയില്‍ കാര്യങ്ങള്‍ കൈവിടുകയായിരുന്നു. ഫലത്തില്‍ ഇത് സമൂഹത്തില്‍ ഇത് ഗുണപ്രദമായ ഫലങ്ങളുണ്ടാക്കി. ഇതിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെയും വാഹനാപകടങ്ങളുടെയും എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കമുള്ള ഉന്നത കേന്ദ്രങ്ങളില്‍ വന്‍സ്വാധീനമുള്ളവരാണ് ‘വ്യാജ’മദ്യ ലോബികളെന്ന് കല്ലുവാതുക്കല്‍, വൈപ്പിന്‍ മദ്യദുരന്ത കേസുകളിലും മറ്റും വ്യക്തമായതാണ്. സര്‍ക്കാറിനെയും ഭരണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി വ്യാജമദ്യമൊഴുക്കുന്നതിന് ഇവര്‍ എല്ലാ മാര്‍ഗവും സ്വീകരിക്കും. മദ്യം കുടിച്ചു ജനങ്ങള്‍ മരിച്ചാലും തങ്ങളുടെ മടിശ്ശീല കനപ്പിക്കണമെന്ന ഏകതാത്പര്യമേ മദ്യലോബിക്കുള്ളൂ.
മദ്യത്തില്‍ വ്യാജനും ഒറിജിനലുമില്ല. മാത്രമല്ല, ഒരു ദുരന്തമെന്ന് ഇതിനെ പരാമര്‍ശിക്കാനും കഴിയില്ല. അപകടമാണെന്നറിഞ്ഞിട്ടും പണം മുടക്കി കുടിച്ചു ജീവന്‍ വെടിയുന്നതിനെ ദുരന്തമെന്നല്ല, സ്വയം ഹത്യയെന്നാണ് വിശേഷിപ്പിക്കേണ്ടത്. എന്നാലും, സര്‍ക്കാറും എക്‌സൈസ് വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.