കേരളവും കൊടും വരള്‍ച്ചയില്‍

Posted on: April 29, 2016 8:26 am | Last updated: April 29, 2016 at 7:46 pm
SHARE

SIRAJ.......വറച്ചട്ടിയിലെന്ന പോലെ ഉഷ്ണം കൊണ്ട് എരിപൊരി കൊള്ളുകയാണ് കേരളം. സമീപ വര്‍ഷങ്ങളിലൊന്നുമുണ്ടാകാത്ത അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. നദികള്‍, കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകളെല്ലാം ഏറെക്കുറെ വറ്റിവരണ്ടു. പകല്‍ സമയത്ത് ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. സൂര്യാഘാതമേറ്റു ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം ദിനംതോറും കുടിവരുന്നു. ചരിത്രത്തിലെ ഏറ്റവും തീഷ്ണമായിമ വേനല്‍ച്ചൂടാണ് കേരളത്തില്‍ ഈ വര്‍ഷത്തേതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2010ല്‍ പാലക്കാട്ട് അനുഭവപ്പെട്ട 41. 5 ഡിഗ്രി സെല്‍ഷ്യസായിരുന്നു സംസ്ഥാനത്ത് ഇതുവരെ ഏറ്റവും ഉയര്‍ന്ന താപനിലയെങ്കില്‍ ആ റിക്കാര്‍ഡും ഭേദിച്ചിരിക്കയാണ് ഇപ്പോള്‍. ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വന്‍തോതില്‍ താഴ്ച അനുഭവപ്പെട്ടതിനാല്‍ കഠിനമായ ജലക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. അണക്കെട്ടുകളില്‍ വെള്ളം ക്രമാതീതമായി താഴ്ന്നതിനാല്‍ വൈദ്യൂതി പ്രതിസന്ധിയും രൂക്ഷമാണ്. ഗ്രാമീണ മേഖലയില്‍ ഇതിനകം അപ്രഖ്യാപിത വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗര പ്രദേശങ്ങളിലും നിയന്ത്രണം വേണ്ടി വരുമെന്നാണ് വൈദ്യുതി ബോര്‍ഡ് വൃത്തങ്ങളുടെ മുന്നറിയിപ്പ്.
ജലക്ഷാമം എന്തെന്നറിയാത്ത നാടായിരുന്നു ഒരു കാലത്ത് കേരളം. 44 പുഴകളും 29 കായലുകളും കൊണ്ടനുഗൃഹീതമായ, 556 കി. മീറ്റര്‍ സമുദ്ര തീരമുള്ള കേരളത്തില്‍ കായലുകളും കുളങ്ങളും കിണറുകളും ധാരാളം. 70 ലക്ഷത്തോളം കുടുംബങ്ങളുള്ള സംസ്ഥാനത്ത് 45 ലക്ഷത്തിലേറെ കിണറുകളുണ്ടെന്നാണ് കണക്ക്. വര്‍ഷകാലത്ത് മഴയും വന്‍തോതില്‍ വര്‍ഷിക്കുന്നു ദേശീയ ശരാശരിയുടേതിന്റെ ഇരട്ടിയായിരുന്നു കേരളത്തിലെ മഴയുടെ തോത്. മഹാരാഷ്ട്ര, ആന്ധാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴക്കുറവാണ് വരള്‍ച്ചക്ക് കാരണമെങ്കില്‍ ഇവിടെ മഴക്ക് ക്ഷാമമുണ്ടായിരുന്നില്ല. ഇതുകൊണ്ടെല്ലാം ശുദ്ധജലത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ഭയപ്പെടാനേതുമില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കേരളീയര്‍. ആ വിശ്വാസമാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്. അവിചാരിതമായി വന്നുചേര്‍ന്ന ഒരു സ്ഥിതിവിശേഷമല്ല ഇത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്ത് മഴയുടെ അളവ് കുറയുകയും വരള്‍ച്ചയുടെ തോത് വര്‍ധിക്കുകയുമായിരുന്നു. വരാനിരിക്കുന്ന കൊടും ചൂടിന്റെയും വരള്‍ച്ചയുടെയും മുന്നറിയിപ്പാണ് കാലാവസ്ഥയിലുണ്ടായ ഈ വ്യതിയാനമെന്നും ജലസ്രോതസ്സുകളും ഭൂഗര്‍ഭജലവും സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ പുലര്‍ച്ചയാണ് ഇപ്പോള്‍ വന്നുചേര്‍ന്ന കൊടുംവേനല്‍. അത് നാം ചെവിക്കൊണ്ടില്ല.
മഴക്കൂടുതല്‍ മാത്രമല്ല, ലഭ്യമാകുന്ന മഴ വെള്ളം ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍ഗാമികള്‍ കാണിച്ച ബദ്ധശ്രദ്ധയുമായിരുന്നു കേരളത്തില്‍ കൊടുംവരള്‍ച്ച ബാധിക്കാതിരുന്നതിന്റെ പ്രധാനകാരണം. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പറമ്പുകള്‍ കിളക്കുകയും വരമ്പുകള്‍ മാടുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു മുന്‍കാലങ്ങളില്‍. മഴവെള്ളം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും ഒലിച്ചു പോകാതിരിക്കാനും സഹായകമായിരുന്ന ഇത്. ഇന്ന് ഇതെല്ലാം പാടേ നിലച്ചു. മുറ്റങ്ങളിലേല്ലാം സിമന്റ് കട്ടകള്‍ പാകിയതിനാല്‍ വീടിന്റെ മുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളവും പുറത്തേക്ക് ഒലിച്ചുപോകുകയും നദികളിലോ കടലിലോ എത്തിച്ചേരുകയും ചെയ്യുന്നു. വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിനുള്ള വഴികളെല്ലാം അടഞ്ഞതോടെയാണ് ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറഞ്ഞതും സംസ്ഥാനത്തെ വരള്‍ച്ച ശക്തമായതും. ജലസമ്പത്ത് സംരക്ഷിക്കുന്നതിന് പൂര്‍വികര്‍ സ്വീകരിച്ചിരുന്ന രീതികളിലേക്ക് മടങ്ങുകയും നമ്മുടെ ജലോപയോഗ രീതികള്‍ പുനഃക്രമീകരിക്കുകയും ധൂര്‍ത്ത് ഒഴിവാക്കുകയും ചെയ്യുകയാണ് പരിഹാരം.
വര്‍ഷം തോറും വരള്‍ച്ചാ ദൂരിതാശ്വാസത്തിനായി കോടികള്‍ കേരളം ചെലവഴിക്കുന്നുണ്ട്. എന്നാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കറുകളിലും മറ്റും കുടിവെള്ളമെത്തിക്കുന്നതില്‍ പരിമിതപ്പെടുന്നു വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഇതിനപ്പുറം പരമ്പരാഗത ജലസ്രോതസ്സുകള്‍ വൃത്തിയാക്കുക, പുതിയ വെള്ള സംഭരണികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാല്‍ അതിന്റെ പ്രയോജനം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കും. കാര്‍ഷിക പ്രാധാന്യമുള്ള സംസ്ഥാനത്ത് ജലത്തിന്റെ സിംഹഭാഗവും കാര്‍ഷിക ജലസേചനത്തിനാണ് ഉപയോഗിക്കുന്നത്. ജലദൗലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജലത്തിന്റെ ആവശ്യകത കുറഞ്ഞ കൃഷിരീതികളും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. വനങ്ങള്‍ വെട്ടി നശിപ്പിക്കുകയും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുകയും ചെയ്യുന്ന പ്രവണതകള്‍ക്കും കടുത്ത നിയന്ത്രണണം ആവശ്യമാണ്. ഒരു ഹെക്ടര്‍ വനം 30,000 ഘനമീറ്റര്‍ ജലവും ഒരു ഹെക്ടര്‍ വയല്‍ 50 ലക്ഷം ലിറ്റര്‍ ജലവും തടഞ്ഞു നിര്‍ത്തുമെന്നറിയുമ്പോഴാണ് വന, വയല്‍ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നത്.
കുടിവെള്ളവും കാര്‍ഷിക ജലസേചനത്തിനുള്ള ജലവും ലഭ്യമാക്കേണ്ടത് ഭരണകൂടങ്ങളാണെങ്കിലും, സന്നദ്ധ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പങ്ക് വഹിക്കാനാകും. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ രൂക്ഷമായ പ്രളയമനുഭവപ്പെട്ടപ്പോള്‍ വിവിധ മലയാളി സംഘടനകള്‍ അവിടെ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം ജലക്ഷാമം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഘടനകളും മുന്നോട്ടു വരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here