Connect with us

Gulf

ആരോഗ്യ മേഖലയില്‍ വികസനത്തിനൊരുങ്ങി ഒമാന്‍

Published

|

Last Updated

oman majlis

ഇന്നലെ ചേര്‍ന്ന മജ്‌ലിസ് ശൂറയില്‍ നിന്നുള്ള ദൃശ്യം

മസ്‌കത്ത്:ആരോഗ്യ മേഖലയില്‍ വികസന മുന്നേറ്റത്തിനൊരുങ്ങി ഒമാന്‍. ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ആതുര സേവന കേന്ദ്രമടക്കമുള്ള സംവിധാനങ്ങളൊരുക്കി മേഖലയില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്നത് സംബന്ധമായി ഒമാന്‍

ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദിയുടെ സാന്നിധ്യത്തില്‍ മജ്‌ലിസ് ശൂറ ചര്‍ച്ച നടത്തി.
ബജറ്റിന്റെ മൂന്ന് ശതമാനം ആരോഗ്യ മേഖലയില്‍ വികസനങ്ങള്‍ക്കായി നീക്കിവെക്കും. മരുന്നുകള്‍ക്കായി വര്‍ഷത്തില്‍ 120 ദശലക്ഷം റിയാലാണ് ചെലവഴിക്കുന്നതെന്നും മുഹമ്മദ് അല്‍ സഈദി പറഞ്ഞു. എട്ട് ആശുപത്രികളാണ് അത്യാധുനിക സൗകര്യങ്ങളോടെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നിര്‍മിക്കാനിരിക്കുന്നത്. ഇതില്‍ നാല് എണ്ണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ബാക്കിയുള്ളവക്ക് ടെന്‍ഡര്‍ ക്ഷണിച്ചതായും മന്ത്രി വ്യക്തമാക്കി.
രാജ്യം ഏറെ പ്രതീക്ഷയോടെ കാണുന്ന മെഡിക്കല്‍ സിറ്റിയുടെ സ്ഥലം നിര്‍ണയിക്കുകയും ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി കരാറില്‍ ഒപ്പുവെച്ചതായും മുഹമ്മദ് അല്‍ സഈദി പറഞ്ഞു. 69 ആശുപത്രികളാണ് സര്‍ക്കാറിന് കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 49 എണ്ണം ആരോഗ്യ മന്ത്രാലയത്തിന് കീഴിലും അഞ്ച് ആശുപത്രികള്‍ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് കീഴിലുമാണ്.
ആരോഗ്യ രംഗത്തെ തൊഴില്‍ സംബന്ധമായി മന്ത്രാലയം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 2010നെ അപേക്ഷിച്ച് 2015ല്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ തൊഴില്‍ രംഗത്ത് വര്‍ഷത്തില്‍ 10 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സ്വദേശിവത്കരണത്തിലും വലിയ വളര്‍ച്ചയുണ്ടായി. നിലവില്‍ 63 ശതമാനമാണ് സ്വദേശിവത്കരണം.
ആരോഗ്യ മേഖലയില്‍ ഇറാനുമായി സഹകരിച്ച് മസ്‌കത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഇന്റര്‍നാഷനല്‍ ഹോസ്പിറ്റല്‍ ഒമാന്‍ നിര്‍മിക്കുന്നുണ്ട്. ഇത് സംബന്ധമായ ചര്‍ച്ചകള്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്നിരുന്നു. ഇതോടൊപ്പം സ്വകാര്യ മേഖലയിലും രാജ്യത്ത് നിരവധി ആശുപത്രികളാണ് തുറക്കാനിരിക്കുന്നത്. തലസ്ഥാനത്ത് തന്നെ വലിയ ആശുപത്രികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

---- facebook comment plugin here -----

Latest