Connect with us

Gulf

വി എം സുധീരന്‍ മുന്നണി സംവിധായകനും ഉമ്മന്‍ ചാണ്ടി മമ്മൂട്ടിയുമെന്ന് പ്രതാപവര്‍മ തമ്പാന്‍

Published

|

Last Updated

ദോഹ: യു ഡി എഫിലെ സംവിധായകനായതുകൊണ്ടാണ് വി എം സുധീരനെ കൂടുതര്‍ രംഗത്തു കാണാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാന്‍. ഉമ്മന്‍ചാണ്ടിയാണ് യു ഡി എഫിലെ മമ്മൂട്ടി. അതുകൊണ്ടാണ് അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നത് കാണുന്നത്. സുധീരന്‍ രംഗത്തിന് പിറകിലാണ് പ്രവര്‍ത്തിക്കുന്നത്. ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നൂറിലേറെ സീറ്റുനേടി അധികാരത്തില്‍ വരും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യു ഡി എഫിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇത്തവണ മുഴുവന്‍ സീറ്റുകളും നേടുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഭരണമുണ്ടെന്ന് തോന്നിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിലൂടെയാണ്. വികസനത്തിന്റെ വന്‍ വേലിയേറ്റമാണ് കേരളത്തിലുണ്ടായത്. കാരുണ്യ ലോട്ടറിയിലൂടെ സഹായ വിതരണത്തിനെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പോലും അത്ഭുതപ്പെട്ടു പോയി.

ബി ഡി ജെ എസ് എന്ന തട്ടിക്കൂട്ടു പാര്‍ട്ടിയുമായി മുന്നണി രൂപവത്കരിച്ച് വോട്ട് നേടാന്‍ ശ്രമിക്കുന്ന ബി ജെ പി അക്കൗണ്ട് തുറക്കില്ല. ശ്രീനാരായണീയര്‍ക്ക് അനുകൂലമായ സംഘടനയല്ല ബി ജെ പി. വര്‍ഗീയ ധ്രുവീകരണം നടത്തി ഹിന്ദു സമൂഹത്തെ കൂടെ നിര്‍ത്താമെന്നാണ് ബി ജെ പി വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ അവരുടെ പാര്‍ട്ടി രൂപീകരിച്ച കാലം മുതല്‍ അത് സംഭവിക്കണമായിരുന്നു. സംഘപരിവാര്‍ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിക്ക് പറഞ്ഞ കാര്യങ്ങളൊന്നും പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. വന്‍തുക മുടക്കി ഇവന്റ് മാനേജ്‌മെന്റ് ടീമാണ് മോദിക്ക് പ്രസംഗം തയ്യാറാക്കി കൊടുക്കുന്നത്. അതുകൊണ്ടാണ് നടപ്പാക്കാനാവാത്ത നിരവധി കാര്യങ്ങള്‍ അദ്ദേഹം പറയുന്നതെന്നും തമ്പാന്‍ പരിഹസിച്ചു. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ എട്ട് അസംബ്ലി മണ്ഡലങ്ങളിലാണ് യു ഡി എഫ് മുന്നിട്ടു നിന്നത്.

ആ നേട്ടം ഈ തിരഞ്ഞെടുപ്പിലുമുണ്ടാകും. മുതിര്‍ന്ന നേതാക്കളായ എം എം ഹസ്സന്‍, ശൂരനാട് രാജശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരോടൊപ്പം യുവതലമുറയിലെ സി ആര്‍ മഹേഷും സൂരജ് രവിയും സവിന്‍ സത്യനും കൊല്ലത്ത് വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. മുതിര്‍ന്ന തലമുറയോടൊപ്പം യുവാക്കളും രംഗത്തുള്ളത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണിയുടെ സീറ്റുകളില്‍ പലതും പേയ്‌മെന്റ് സീറ്റുകളാണ്. സി പി ഐ കുടുംബത്തില്‍ നിന്നുള്ള സിനിമാ താരം സി പി എമ്മിന്റെ ബാനറിലാണ് മത്സരിക്കുന്നത്. സി പി എം കേന്ദ്രകമ്മിറ്റി അംഗത്തെ മാറ്റിയാണ് ചലച്ചിത്ര താരത്തിന് സീറ്റ് നല്‍കിയത്. പരവൂര്‍ പുറ്റിങ്ങലിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ സര്‍ക്കാര്‍ ഏറ്റവും അനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എല്ലാ കാര്യങ്ങള്‍ക്കും മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുറവിളി കൂട്ടാറുള്ള പ്രതിപക്ഷ കക്ഷികള്‍ പരവൂര്‍ ദുരന്തത്തില്‍ ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഇത് ഏറെ വിചിത്രവും പരിഹാസ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിക്കു വേണ്ടി കേരളത്തില്‍ ഓടിനടന്ന് പ്രചരണം നടത്തുന്ന വി എസ് അച്യുതാനന്ദന് തിതരഞ്ഞെടുപ്പിന് ശേഷം എന്ത് സമ്മാനമാണ് പാര്‍ട്ടി നല്‍കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് നേതാക്കളായ ടി എച്ച് നാരായണന്‍, പ്രദീപ്, ജിമ്മി, ജിതിന്‍ നായര്‍, അജയ് പിള്ള, രാജീവ് തരകന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.