നിയമസഭാ തിരഞ്ഞെടുപ്പ്:വിവര സമ്പൂഷ്ടീകരണവുമായി വിക്കിപീഡിയ

Posted on: April 29, 2016 6:46 pm | Last updated: April 29, 2016 at 6:46 pm
SHARE

WIKIPEDIAഅജ്മാന്‍:കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വേറിട്ട പ്രചാരണ രീതിയുമായി ഇന്റര്‍നെറ്റിലെ വിവര വിജ്ഞാനകോശമായ വിക്കിപീഡിയയും സജീവമായി.നിയമസഭയിലെ അംഗങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ തയ്യാറാക്കുന്ന യജ്ഞമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മലയാളം വിക്കിപീഡിയക്ക് പുറമെ ഇംഗ്ലീഷ് വിക്കിപീഡിയയിലാണ് ഇപ്പോള്‍ ലേഖനം തയ്യാറാക്കുന്ന യജ്ഞം പുരോഗമിക്കുന്നത്. കഴിഞ്ഞ 22നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇന്റര്‍നെറ്റിലെ സൗജന്യ വിവര വിജ്ഞാന കോശമാണ് വിക്കീപീഡിയ. ലോകത്ത് നിരവധിയാളുകള്‍ വിവരങ്ങള്‍ തേടാനായി ആശ്രയിക്കുന്ന പ്രധാന വെബ്‌സൈറ്റുകളിലൊന്നാണിത്. നിലവില്‍ ലോകത്തിലെ 285 ഓളം ഭാഷകളില്‍ ഈ വെബ്‌സൈറ്റിന് ഭാഷാ പതിപ്പുകളുണ്ട്. മറ്റുവിജ്ഞാന കോശങ്ങളില്‍നിന്ന് വ്യത്യസ്തമായി ആര്‍ക്കും എഴുതാനും തിരുത്താനും ഇതില്‍ സാധിക്കും. ലാഭേച്ഛയില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് ലേഖനങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിക്കിപീഡിയ പ്രവര്‍ത്തകരും ഇതില്‍ സജീവമാണ്.
മലയാളം വിക്കിപീഡിയയിലെ സജീവ അംഗങ്ങളാണ് കേരള നിയമസഭ തിരുത്തല്‍ യജ്ഞം എന്ന പേരില്‍ ഇപ്പോള്‍ എം എല്‍ എമാരെ കുറിച്ചുള്ള ലേഖനങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തിനിടെ 20 ഓളം നിലവിലെ എം എല്‍ എമാരെ കുറിച്ചുള്ള പുതിയ ലേഖനങ്ങളാണ് ഇംഗ്ലീഷില്‍ സൃഷ്ടിക്കപ്പെട്ടത്. ഇനി 37 ഓളം നിയമസഭാംഗങ്ങളെ കുറിച്ചുള്ള ലേഖനങ്ങളാണ് ഇംഗ്ലീഷില്‍ പിറക്കാനിരിക്കുന്നത്. എം എല്‍ എ മാരെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ ജീവചരിത്ര ഭാഗങ്ങളും പല ലേഖനങ്ങളിലും ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
പ്രമുഖരായ എം എല്‍ എമാരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അതേസമയം എം എല്‍ എമാരായ ഇ കെ വിജയന്‍, കെ ദാസന്‍, കെ കുഞ്ഞഹമ്മദ്, പി കെ ബശീര്‍, കെ എസ് സലീഖ തുടങ്ങിയവരെകുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പോലും ചേര്‍ക്കപ്പെട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് മലയാളം വിക്കിപീഡിയയില്‍ ഇടപെടുന്ന ഡോ. നെത ഹുസൈന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here