ടാക്‌സി ബട്‌ലര്‍ സര്‍വീസ് ദുബൈയിലേക്കും

Posted on: April 29, 2016 6:39 pm | Last updated: April 29, 2016 at 6:39 pm
SHARE

ദുബൈ: ഷാര്‍ജയില്‍ വിജയകരമായി നടപ്പാക്കിയ ടാക്‌സി ബട്‌ലര്‍ സര്‍വീസ് ദുബൈയിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. പ്രത്യേക ഡിവൈസിന്റെ സഹായത്തോടെ ടാക്‌സി സൗകര്യം ലഭ്യമാക്കുന്നതാണിത്. ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ ലഭ്യത കുറഞ്ഞ മേഖലകളില്‍ എളുപ്പത്തില്‍ ടാക്‌സി ലഭ്യമാവാന്‍ ഉപകരിക്കുന്ന സംവിധാനമാണിത്. ദുബൈ ടാക്‌സി കോര്‍പറേഷനുമായി ചേര്‍ന്ന് ഇത്തരം ഒരു ടാക്‌സി സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ ടി എയുമായി സംസാരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ ഡിവൈസിലൂടെ ഓപറേറ്റര്‍ക്ക് ടാക്‌സിക്കായി ഓര്‍ഡര്‍ നല്‍കാന്‍ സാധിക്കും. ഇതിന്റെ ഭാഗമായ ബട്ടണില്‍ അമര്‍ത്തിയാല്‍ വാഹനത്തിന്റെ വിവരങ്ങളും എത്താന്‍ എടുത്തേക്കാവുന്ന സമയവും അറിയാനാവും. ഉപഭോക്താക്കള്‍ക്ക് ടാക്‌സി ലഭിക്കാന്‍ എളുപ്പമാവുമെന്നതിനൊപ്പം ടാക്‌സി കമ്പനികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കാനും ഉപകരിക്കുന്ന ഈ സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡച്ച് സ്വദേശികളായ സ്റ്റീവന്‍ ബഌമും ഒട്ടോറയ്‌സുമാണ്.

ഷാര്‍ജയില്‍ 47 സ്ഥലങ്ങളിലാണ് ഇതിനുള്ള പ്രത്യേക ഡിവൈസ് സ്ഥാപിച്ചിരിക്കുന്നത്. ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ നേതൃത്വത്തിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഷാര്‍ജയിലെ ഷെറാട്ടണ്‍ ഹോട്ടല്‍, ദ സെന്‍ട്രോ, അല്‍ സഫീര്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിനുള്ള ഡിവൈസ് സ്ഥാപിച്ചിരിക്കുന്നത്. 50 മുതല്‍ 60 ദിര്‍ഹം വരെയാണ് ചാര്‍ജ് ചെയ്യുകയെന്ന് ഈ സംവിധാനത്തിന് ഷാര്‍ജയില്‍ നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കി. ഡിവൈസ് സ്ഥാപിച്ച സ്ഥാപനങ്ങളില്‍ നിന്ന് സേവനങ്ങള്‍ സ്വീകരിക്കുന്ന അതേ സമയത്ത് തന്നെ ടാക്‌സിക്കും ബുക്ക് ചെയ്യാനാവും. പ്രത്യേകിച്ച് റെസ്റ്റോറന്റുകളിലും മറ്റും ഭക്ഷണം കഴിക്കാനായി പോകുമ്പോള്‍. ചൂട് കടുക്കാന്‍ തുടങ്ങിയതോടെ ഇത്തരം ഒരു സംവിധാനം ദുബൈയിലും നടപ്പാക്കിയാല്‍ പൊരിവെയിലത്ത് ടാക്‌സിക്കായി കാത്തുകഴിയേണ്ടുന്ന ദുരവസ്ഥ ഇല്ലാതാക്കാന്‍ കഴിയും. ആര്‍ ടി എയുടെ ഏത് ടാക്‌സി സേവനത്തിലേക്കും നീങ്ങാനും ഡിവൈസിലൂടെ സാധിക്കും. സ്ത്രീകള്‍ക്കായുള്ള പിങ്ക് ടാക്‌സി, ഏഴു സീറ്റുള്ള ടാക്‌സി എന്നിവയെല്ലാം ഉപഭോക്താവിന് ഈ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കാനും ദുബൈയില്‍ പദ്ധതി നടപ്പായാല്‍ സാധ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here