Connect with us

Kerala

കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് മുഖ്യമന്ത്രിയോട് കോടതി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതിയുടെ വിമര്‍ശനം. കോടതിയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കരുതെന്ന താക്കീത് നല്‍കിയ കോടതി വിഎസിന്റെ തുടര്‍ പ്രസ്താവനകള്‍ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി. മുഖ്യമന്ത്രി നല്‍കിയ പരാതിയില്‍ വിശദീകരണം നല്‍കാന്‍ വിഎസിന് കോടതി സാവകാശം അനുവദിച്ചു. മുഖ്യമന്ത്രിയുടെ പരാതി പിന്നീട് മാത്രമേ കേള്‍ക്കൂ.

മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വിഎസിന്റെ ധര്‍മ്മടം മണ്ഡലത്തിലെ പ്രസംഗത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. തന്റെ പേരില്‍ കേസുകളില്ലെന്നും വിഎസ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു മാനനഷ്ട പരാതി. കേസുകളില്ലെന്ന് സ്ഥാപിക്കാനുള്ള വാദങ്ങളും മുഖ്യമന്ത്രി നിരന്തരമായി നടത്തിയിരുന്നു. ഇതിന് പിന്നാലെ വിഎസിന് എതിരെയാണ് കേസ് എന്ന രീതിയിലും മുഖ്യമന്ത്രിയും യുഡിഎഫും മറുപടിയും നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ശക്തികൂട്ടാനായിരുന്നു മുഖ്യമന്ത്രി ധൃതിപിടിച്ച് മാനനഷ്ട കേസുമായി മുന്നോട്ടുപോയത്. തനിക്കെതിരെ കേസ് നല്‍കുന്ന മുഖ്യമന്ത്രി സരിതാ എസ് നായര്‍ക്കെതിരെ കേസ് നല്‍കാന്‍ എന്തുകൊണ്ടാണ് ധൈര്യപ്പെടാത്തതെന്ന വെല്ലുവിളിയും വിഎസ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

Latest