മദ്‌റസ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് പരുക്ക്

Posted on: April 29, 2016 3:05 pm | Last updated: April 29, 2016 at 3:05 pm
SHARE

വളാഞ്ചേരി: അധ്യാപകന്റെ അടിയേറ്റ് പന്ത്രണ്ടു വയസുകാരനായ മദ്‌റസ വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. ആതവനാട് ചോറ്റൂര്‍ വടക്കേതില്‍ കുഞ്ഞീതുഹാജിയുടെ മകന്‍ മുഹമ്മദ് അനസിനാണ് പരുക്കേറ്റത്. ചോറ്റൂര്‍ ചേളാരി സമസ്തയുടെ കീഴിലുളള മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയിലെ പ്രധാനധ്യാപകനും ഇ കെ വിഭാഗം നേതാവുമായ ശൗക്കത്തലി അസ്‌ലമിയാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്.
രണ്ട് ദിവസം മദ്‌റസയില്‍ വരാതിരുന്നതിനാണ് അധ്യാപകന്റെ ശിക്ഷ. അനസിന്റെ തള്ളവിരലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂരല്‍കൊണ്ട് അടിയേറ്റ പാടുകളുമുണ്ട്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അനസ്. ബുധനാഴ്ച രാവിലെയാണ് സംഭവം. വയറുവേദന കാരണമാണ് വരാതിരുന്നതെന്ന് പറഞ്ഞിട്ടും ഉസ്താദ് തന്നെ അടിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥി പറയുന്നു. ഇതിന് മുമ്പും അധ്യാപകന്‍ മര്‍ദിച്ചിട്ടുണ്ട്. സഹപാഠികളെയും ഇത്തരത്തില്‍ മര്‍ദിക്കാറുണ്ടെന്നും അനസ് പറഞ്ഞു. അനസിന്റെ സഹോദരിയേയും അധ്യാപകന്‍ മര്‍ദിച്ചിരുന്നു. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടിട്ടുണ്ട്. രക്ഷിതാവിന്റെ പരാതിയില്‍ വളാഞ്ചേരി പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here